Wednesday
21 Aug 2019

മോഡിയുടെ ഊര്‍ജനയം: നഷ്ടപ്പെടുത്തിയത് വിലപ്പെട്ട ജീവനുകള്‍

By: Web Desk | Friday 28 June 2019 10:56 PM IST


സതീഷ് ബാബു കൊല്ലമ്പലത്ത്‌

നമ്മെ കടുത്ത രോഗികളാക്കിയ മോഡിയുടെ വികസന നയം ചര്‍ച്ച ചെയ്യാതെ പോയതാണ് വര്‍ഗീയ ശക്തികള്‍ ഇന്ത്യയില്‍ വളരുന്നതിന് ഇടവരുത്തിയത്. ലോകത്ത് ഏറ്റവും വേഗത്തില്‍ മലിനീകരിക്കുന്ന രാഷ്ട്രമെന്ന ദുഷ്‌പേര് ആദ്യമായി നേടിയ രാജ്യം ഇന്ത്യയായി. പത്തില്‍ പത്തു പേരും സുരക്ഷിതമല്ലാത്ത വായു ശ്വസിക്കുന്നവരാണ്. എന്നാല്‍ അതില്‍ നാലു പേരും സുരക്ഷിത പരിധിയുടെ പത്ത് ഇരട്ടിയില്‍ കൂടുതല്‍ അതിസൂക്ഷ്മ പൊടിപടലമായ പി എം 2.5 ശ്വസിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയായി മാറിയത് 2015 ന് ശേഷമുള്ള വായുമലിനീകരണം കാരണമാണ്. നാസയുടെ സാറ്റലൈറ്റ് ഡാറ്റ യൂറോപ്യന്‍ കമ്മിഷന് നല്‍കിയിട്ടുള്ള വിവരമനുസരിച്ച് വായു മലിനീകരണത്തിന്റെ വേഗത അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് രണ്ടര ഇരട്ടിയോളം കൂടുതലാണെന്നതാണ്. 2019 ലെ സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയറിന്റെ കണക്കനുസരിച്ച് ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്ന തെറ്റായ ഊര്‍ജ നയം ഉണ്ടാക്കിയ വായുമലിനീകരണം ശരാശരി ഒരു വര്‍ഷം 1.2 മില്യന്‍ ആളുകള്‍ മരണപ്പെടുന്നതിന് കാരണമായി എന്നാണ്. ഒരു കാര്യം നമ്മെ അതിശയപ്പെടുത്തും. വായു മലിനീകരണം കുറഞ്ഞ രാജ്യങ്ങളെല്ലാംതന്നെ ദാരിദ്ര്യവും തൊഴിലില്ലായ്മയും കൂടുതലുള്ള രാഷ്ട്രങ്ങളായിരിക്കും. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ വ്യത്യസ്തമാണ്. ദാരിദ്ര്യവും വായുമലിനീകരണവും ഒരുമിച്ച് വളരുന്ന ഒരു രാഷ്ട്രമെന്ന പദവിയും നേടിക്കൊടുത്തത് മോഡിയുടെ തെറ്റായ ഊര്‍ജനയം തന്നെയാണ്. ഉല്‍പ്പാദനം കുറയുകയും തൊഴിലില്ലായ്മ കുറയുകയും ചെയ്യുമ്പോള്‍ മലിനീകരണം കുറയുമെന്നതാണ് സത്യം. ഒരു ശതമാനം മാത്രം സമ്പന്നര്‍ക്ക് കൂടുതല്‍ സമ്പത്ത് ഉണ്ടാക്കുന്നതിനു വേണ്ടി വരുത്തിക്കൂട്ടിയ മലിനീകരണത്തിന്റെ ഇരകളാണ് 99 ശതമാനം ഇന്ത്യന്‍ ജനതയും. 67 കോടിയില്‍പരം ആളുകളുടെ വരുമാനം യാതൊരുവിധ വര്‍ധനവുമില്ലാതെതന്നെ രാജ്യത്തിന്റെ വായുമലിനീകരണം 2015 നെ അപേക്ഷിച്ച് മൂന്നു കൊല്ലം കൊണ്ട് മൂന്ന് ഇരട്ടിയായതാണ് ലോകത്തിനു മുമ്പില്‍ നാം അപഹാസ്യരായി മാറാന്‍ കാരണം.

വിഷലിപ്ത നഗരം : കൂടുതലും ഇന്ത്യയില്‍

ലോകത്തില്‍ 20 മലിന നഗരങ്ങളില്‍ കാണ്‍പൂര്‍, ഫരീദാബാദ്, ഡല്‍ഹി, ഗയ തുടങ്ങിയ നഗരങ്ങളുള്‍പ്പെടെ 16 എണ്ണവും ഇന്ത്യയില്‍ തന്നെയാണ്. 2019ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാര്‍ തന്നെ നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം എന്ന പേരില്‍ വായു മലിനീകരണ പദ്ധതിക്ക് തുടക്കമിട്ടെങ്കിലും അതിന്റെ നടപടി ഒന്നുംതന്നെ ഇതുവരെയും ആരംഭിച്ചിട്ടില്ല. ഈ പദ്ധതിപ്രകാരം 2024 ആകുമ്പോഴേക്കും 30 ശതമാനത്തോളം കാര്‍ബണ്‍ വിസര്‍ജനം കുറയ്ക്കുമെന്നാണ് പറഞ്ഞത്. അമിതമായുള്ള മലിനീകരണത്തിന്റെ ഫലമായി ശരാശരി 2-6 വര്‍ഷം ആയുര്‍ദൈര്‍ഘ്യം നഷ്ടപ്പെടുന്ന ഏക രാജ്യമെന്ന പദവിയും നമുക്ക് കിട്ടി. ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍പ്പോലും 20 മാസത്തില്‍ കുറവ് മാത്രമാണ് വായു മലിനീകരണ ഫലമായി ആയുര്‍ദൈര്‍ഘ്യം കുറവ് അനുഭവപ്പെടുന്നത്. മോഡിയുടെ തെറ്റായ ഊര്‍ജ നയം ഹൃദ്രോഗം 49 ശതമാനത്തോളം വര്‍ധിച്ചു. ഡല്‍ഹിയില്‍ വര്‍ധിച്ചുവരുന്ന ഹൃദ്‌രോഗത്തിന്റെ 54 ശതമാനവും പിഎം. 2.5 സൂക്ഷ്മ കാര്‍ബണ്‍ അടങ്ങിയ പൊടിപടലങ്ങളാണെന്നാണ് കണക്കാക്കിയിട്ടുള്ളത്.
പാരീസ് കരാറില്‍ 2016 ലാണ് ഇന്ത്യ ഒപ്പിട്ടത്. ഇതിന്റെ ഭാഗമായി നല്‍കിയ എന്‍.ഡി.സി.യില്‍ (വായു മലിനീകരണം ഒരു വര്‍ഷം എത്ര കുറയ്ക്കും എന്ന് കാണിച്ചുകൊണ്ടുള്ള ഒരു സത്യവാങ്മൂലം) 2022 ആവുമ്പോഴേക്കും 2015 നെ അപേക്ഷിച്ച് 33 ശതമാനത്തോളം വിസര്‍ജനം കുറയ്ക്കുമെന്ന ഉറപ്പാണ് നല്‍കിയത്. എന്നാല്‍ ഇതിന് വിപരീതമായി 2015 നു ശേഷം കാര്‍ബണ്‍ വിസര്‍ജനം 14 ശതമാനമായി വര്‍ധിച്ച ഒരേയൊരു രാജ്യം ഇന്ത്യ മാത്രമാണ്. ഇതിന്റെ ഫലമായി വായു മലിനീകരണ ഫലമായുണ്ടാകുന്ന മരണനിരക്ക് കൂടിയിട്ടുണ്ട്. നമ്മുടെ വേണ്ടപ്പെട്ടവര്‍ തന്നെ ഹൃദ്‌രോഗമായോ കാന്‍സറായോ കിഡ്‌നി സംബന്ധമായ അസുഖമായോ മരണപ്പെടുമ്പോള്‍ അവയെല്ലാം തന്നെ മോഡിയുടെ തെറ്റായ വികസന നയം കൊണ്ടുണ്ടായ മരണമാണെന്ന് നാം തിരിച്ചറിയാതെ പോയത് വര്‍ഗ്ഗീയ ശക്തികള്‍ക്ക് വളരുന്നതിന് ഇടവരുത്തി.
2016-17 ല്‍ 196 മില്യണ്‍ ടണ്‍ ആയിരുന്ന കല്‍ക്കരി ഇറക്കുമതി 2018-19ല്‍ 252 മില്യണ്‍ ടണ്ണായി വര്‍ധിച്ചത് പാരീസ് കരാറില്‍ നാം നല്‍കിയ ഉറപ്പിന്റെ വ്യക്തമായ ലംഘനമാണ്. അഡാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡിലുള്ള കാര്‍മിച്ചല്‍ മൈന്‍ (ഇമൃാശ രവമലഹ ങശില)െ വാങ്ങുന്നതിന് വേണ്ടി എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു. ഇതിന്റെ ഫലമായി ആസ്‌ട്രേലിയ 1.8 മില്യണ്‍ ടണ്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കുന്ന ഈ ഖനിയില്‍ നിന്നുള്ള കല്‍ക്കരിയുടെയും ഉപഭോക്താവ് ഇന്ത്യ തന്നെയായിരിക്കും. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും കല്‍ക്കരി ഇന്ധനവും മറ്റു ജൈവ ഇന്ധനവും കുറച്ചപ്പോള്‍ ഇന്ത്യയില്‍ മാത്രമാണ് ഇവയുടെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചത്.

പുനരുല്‍പ്പാദന ഊര്‍ജത്തെ അവഗണിച്ചു

പാരീസ് കരാറില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്പ്രകാരം 2022 ആവുമ്പോഴേക്കും 76 ശതമാനത്തോളം ക്ലീന്‍ എനര്‍ജി ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുമെന്നാണ് പറഞ്ഞത്. ഇതനുസരിച്ച് 175 ജിഗാവാട്ട് വൈദ്യുതി നമുക്ക് ഉല്‍പ്പാദിപ്പിക്കണം. 100 ജിഗാവാട്ട് സോളാറില്‍ നിന്നും 75 ജിഗാവാട്ട് മറ്റ് സ്രോതസ്സുകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കും എന്നാണ് ഉറപ്പ് നല്‍കിയത്. എന്നാല്‍ നിലവിലെ കപ്പാസിറ്റി അനുസരിച്ച് 20 ജിഗാവാട്ട് മാത്രമേ ക്ലീന്‍ എനര്‍ജി ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. 2022 ല്‍ ഇത്രയും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ശരാശരി ഒരു വര്‍ഷം 30 മുതല്‍ 35 ശതമാനം വരെ ഹരിത ഊര്‍ജം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇത് ഒരിക്കലും സാധിക്കില്ല. 21 രാഷ്ട്രങ്ങളുടെ അസോസിയേഷനായ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സില്‍ മെമ്പറായ ഇന്ത്യയാണ് ഏറ്റവും കുറവ് സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചത്. കാലാവസ്ഥാ കരാറിലെ വാഗ്ദാനം നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യയില്‍ വായു മലിനീകരണ മരണനിരക്ക് 22 ശതമാനത്തോളം കുറച്ച് ആയുര്‍ദൈര്‍ഘ്യം മൂന്നു വര്‍ഷത്തോളം കൂട്ടാന്‍ പറ്റുമായിരുന്നെന്നാണ് ഡബ്ലിയു.എച്ച്.ഒ. തന്നെ പറഞ്ഞിട്ടുള്ളത്.

വക മാറ്റി ചെലവിട്ട ഹരിതനിധി

2010-ല്‍ ലോക രാഷ്ട്രങ്ങളില്‍ വര്‍ധിച്ചുവരുന്ന മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊര്‍ജം വര്‍ധിപ്പിക്കുന്നതിനും വേണ്ടി അന്താരാഷ്ട്ര തലത്തില്‍ രൂപീകരിച്ച ഒരു നിധിയാണ് ഇന്റര്‍നാഷണല്‍ ഗ്രീന്‍ എനര്‍ജി ഫണ്ട്. നാഷണല്‍ ക്ലീന്‍ എനര്‍ജി ഫണ്ടിന്റെ കീഴില്‍ ഇന്ത്യയിലും ഒരു നിധി സ്ഥാപിക്കപ്പെട്ടു. കല്‍ക്കരിയുടെ ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടി ക്വിന്റലിന് 50 രൂപ എന്ന നിരക്കില്‍ കോള്‍ സെസ് ചുമത്തിയിട്ടാണ് ഇതിലേക്കുള്ള വരുമാനം കണ്ടെത്തിയത്. എന്നാല്‍ മോഡി അധികാരത്തിലേറിയ ശേഷം ക്വിന്റലിന് 400 രൂപ വരെ വര്‍ധിപ്പിച്ചു. 2017 ആയപ്പോഴേക്കും 86,440 കോടി രൂപയോളം ഈ നിധിയില്‍ ഫണ്ട് വന്നുചേര്‍ന്നു. എന്നാല്‍ അതിന്റെ ഒരു ശതമാനം പോലും ഗ്രീന്‍ എനര്‍ജി ഉല്‍പ്പാദിപ്പിക്കുന്നതിനു വേണ്ടി ചെലവഴിച്ചില്ല. 175 ജിഗാ വാട്ട് ക്ലീന്‍ എനര്‍ജി ഉല്‍പ്പാദിപ്പിക്കുന്നതിന് ഈ ഹരിതനിധി ഉപയോഗിക്കുമെന്ന് കാലാവസ്ഥാ കരാറില്‍ ഉറപ്പു നല്‍കിയതാണ്. എന്നാല്‍, പുതിയ ജി.എസ്.ടി. മോഡി നടപ്പാക്കിയപ്പോള്‍ നഷ്ടം പരിഹരിക്കുന്നതിനു വേണ്ടി ഈ നിധിയിലെ മുഴുവന്‍ തുകയും വകമാറ്റി ചെലവഴിക്കുകയാണുണ്ടായത്. സീതാറാം യെച്ചൂരി തന്നെ ഈ നയത്തെ നിയമവിരുദ്ധമായിട്ടുള്ള നടപടിയെന്ന് വിശേഷിപ്പിക്കുകയുണ്ടായി.

ഭൗമതല ഓസോണിന്റെ വര്‍ധനവ്

അമിതമായുള്ള കാര്‍ബണ്‍ വിസര്‍ജനം അന്തരീക്ഷത്തില്‍ ഉപരിതല ഓസോണിന്റെ അളവ് വര്‍ധിപ്പിച്ചതായി 90 ശതമാനം എയര്‍ മോണിട്ടറിംഗ് സ്റ്റേഷനും വെളിപ്പെടുത്തിയ ഒരേയൊരു രാജ്യം ഇന്ത്യയായി മാറി. ഡല്‍ഹിയിലെ ആര്‍ കെ പുരം, സോണിയാനഗര്‍, നെഹ്‌റുനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഓസോണ്‍ വാതകം മിനിമത്തേക്കാള്‍ 12 ഇരട്ടിയോളം വര്‍ധിച്ചു. നൈട്രജന്റെ ഓക്‌സൈഡും വാഹനത്തില്‍ നിന്നു വരുന്ന മറ്റു മലിന വാതകങ്ങളും സൂര്യപ്രകാശവും കൂടി ചേര്‍ന്നുണ്ടായ ഈ ഓസോണ്‍ വാതകം നിരവധി പേരുടെ ജീവനാണ് അപകടപ്പെടുത്തിയത്. 2018 മേയ് മാസം ഗുരുഗ്രാമില്‍ മാത്രം ഓസോണ്‍ വ്യാപനമേറ്റ് 158 പേരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഇതിന്റെ ഫലമായി ഡല്‍ഹിയിലെ ആശുപത്രികളില്‍ അഭൂതപൂര്‍വ്വമായ തിരക്കനുഭവപ്പെടുകയും സ്വകാര്യ ആശുപത്രികള്‍ അമിതമായ കൊള്ളലാഭം ഉണ്ടാക്കുകയും ചെയ്ത ഒരു കാലഘട്ടമായിരുന്നു 2017 ഏപ്രില്‍- മെയ് മാസം. വാഹനങ്ങളില്‍ നിന്നു വരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കൂടിയതും അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളില്‍ ഇവ ലയിച്ചുചേരുകയും ചെയ്തതോടുകൂടി ശുദ്ധവായു നശിക്കുകയും ഒരു ജനത മുഴുവന്‍ ആശുപത്രിയിലാവുകയും ചെയ്തു. തെറ്റായ ഊര്‍ജ നയത്തിന്റെ ഫലമായി ഉണ്ടായ രോഗങ്ങള്‍ ഒരു കുറ്റകൃത്യമായി നമുക്ക് കാണാന്‍ കഴിയാതെപോയതും അതിന്റെ ഭവിഷ്യത്ത് ജനങ്ങളെ അറിയിക്കാതെപോയതും കാരണം മോഡിയുടെ പരിസ്ഥിതി ക്രൂരത പുറംലോകം അറിയാതെ പോയി. ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഓസോണ്‍ മാലിന്യം കേവലം രണ്ടു മാസത്തിനുള്ളില്‍ (2017 ഫെബ്രുവരി-മാര്‍ച്ച്) കുതിച്ചുചാടിയതിനു കാരണം ഈ ഒരു രാസ സങ്കലനമാണ്. ഉഷ്ണവും ഗ്രൗണ്ട് ലെവല്‍ ഓസോണ്‍ വാതക കേന്ദ്രീകരണവും തമ്മില്‍ അടുത്ത ബന്ധമുണ്ട് .2017 ഏപ്രില്‍ മെയ് മാസങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് 27 ല്‍നിന്നം 32 ഡിഗ്രി സെല്‍ഷ്യസ് ആയി വര്‍ദ്ധിച്ചപ്പോള്‍ (ഏപ്രില്‍ 14) ഗ്രൗണ്ട് ലെവല്‍ ഓസോണ്‍ 134 ഇരട്ടിയായി വര്‍ധിച്ചു.

ഡല്‍ഹിയിലെ ആര്‍ കെ പുരം, പഞ്ചാബി ബാഗ് തുടങ്ങിയ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച ഓസോണ്‍വാതകം മൂലം ഹൃദയാഘാതം, രക്തസമ്മര്‍ദ്ദം, കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ 200 മുതല്‍ 250 ഇരട്ടി വരെ വര്‍ധിച്ചു. കൊല്‍ക്കത്ത, പറ്റ്‌ന, ചെന്നൈ, അലഹബാദ്, മുര്‍സാദാബാദ് തുടങ്ങിയ നഗരങ്ങളിലും ഓസോണ്‍ കേന്ദ്രീകരണം 2015 മാര്‍ച്ചിനും 2017 മാര്‍ച്ചിനും ഇടയില്‍ 200 മുതല്‍ 250 ഇരട്ടിയോളം ഓസോണ്‍ വര്‍ധിച്ചത് നമ്മുടെ ഉല്‍ക്കണ്ഠ വീണ്ടും വര്‍ധിപ്പിക്കുന്നു. അതായത് ഇതിന്റെ വ്യാപ്തി ഇന്ത്യ മൊത്തം വര്‍ധിക്കുകയാണന്നര്‍ഥം. പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അനുമിതറോയ് ചൗധരി ഡല്‍ഹിയിലും അനുബന്ധ സ്ഥലങ്ങളിലും ഓസോണ്‍ മാലിന്യ സംബന്ധമായ ബഹുവിധ രോഗങ്ങളില്‍ നമ്മുടെ ഉറ്റവരെയും വേണ്ടപ്പെട്ടവരെയും കൊന്നൊടുക്കിയതിന് പിന്നില്‍ ഇന്ത്യയുടെ ലക്ഷ്യബോധമില്ലാത്ത പരിസ്ഥിതി നയമാണ്.