Site iconSite icon Janayugom Online

അനായാസം ഇന്ത്യ; രണ്ടാം മത്സരം ഇന്ന് നടക്കും

അയര്‍ലന്‍ഡിനെതിരെ അനായാസ വിജയവുമായി ഇന്ത്യ. 109 റണ്‍സ് വിജയലക്ഷ്യം മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. രണ്ടാം മത്സരം ഇന്ന് നടക്കും. ദീപക് ഹൂഡ(47), ഇഷൻ കിഷൻ (26), ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ(24) എന്നിവരുടെ മികവിലാണ് ഇന്ത്യൻ ജയം.

മഴമൂലം മത്സരം 12 ഓവർ വീതമാക്കി ചുരുക്കിയിരുന്നു. മൂന്ന് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലാണ് മാന്‍ ഓഫ് ദി മാച്ച്. പേസ് ബൗളര്‍ ഉമ്രാന്‍ മാലിക്ക് അരങ്ങേറ്റം കുറിച്ചപ്പോള്‍ സഞ്ജു സാംസണ് പകരം ദീപക് ഹൂഡയും ടീമിലെത്തി.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന് തുടക്കത്തില്‍ തന്നെ മൂന്നുവിക്കറ്റ് നഷ്ടമായി. എന്നാല്‍ സമ്മര്‍ദ്ദമില്ലാതെ മികച്ച പ്രകടനം പുറത്തെടുത്ത ഹാരി ടെക്ടര്‍ അര്‍ധസെഞ്ചുറിയോടെ അയര്‍ലന്‍ഡിനെ മുന്നോട്ടുനയിച്ചു. 33 പന്തില്‍ 64 റണ്‍സെടുത്ത ടെക്ടര്‍ പുറത്താകാതെ നിന്നു. 18 റണ്‍സെടുത്ത ലോര്‍കാന്‍ ടക്കര്‍ മാത്രമാണ് അയര്‍ലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ടത്.

ആദ്യ ഇന്നിങ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ഋതുരാജിനു പകരം ഓപ്പണറായി ക്രീസിലെത്തിയ ഹൂഡ തുടക്കത്തിൽ പതറിയെങ്കിലും 29 പന്തുകളിൽ 47 റൺസെടുത്ത് പുറത്താവാതെ നിന്നു. ഹൂഡയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഹൂഡ‑പാണ്ഡ്യ സഖ്യം 31 പന്തില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ എട്ടാമത് നായകനായി അരങ്ങേറിയ പാണ്ഡ്യ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യയുടെ ആദ്യ ടി20 നായകനെന്ന റെക്കോഡും സ്വന്തമാക്കി. മത്സരത്തിന്റെ രണ്ടാം ഓവറില്‍ പോള്‍ സ്റ്റിര്‍ലിങിന്റെ വിക്കറ്റ് സ്വന്തമാക്കിയ പാണ്ഡ്യ 12 പന്തില്‍ 24 റണ്‍സ് നേടുകയും ചെയ്തിരുന്നു.

ഋതുരാജ് ഇന്നും കളിക്കാനിടയില്ല. പകരം സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. ആദ്യ മത്സരത്തിലേതു പോലെ രണ്ടാമങ്കത്തിലും ഇഷാന്‍ കിഷന്‍— ദീപക് ഹൂഡ സഖ്യം തന്നെ ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും. മൂന്നാം നമ്പറിലായിരിക്കും സഞ്ജുവിന് അവസരം. ഇതോടെ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലേക്കു മാറും.

യുവ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്ക് രണ്ടാം ടി20യിലും സ്ഥാനം നിലനിര്‍ത്തുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഒരോവര്‍ മാത്രമേ ഉമ്രാനെക്കൊണ്ട് ഹാര്‍ദിക് ബൗള്‍ ചെയ്തിരുന്നുള്ളൂ. 14 റണ്‍സ് വഴങ്ങി. പിന്നീട് അവസരം ലഭിച്ചില്ല. ഇതില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ സമീപനത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Eng­lish summary;India; The sec­ond match will be played today

You may also like this video;

Exit mobile version