Web Desk

ന്യൂഡൽഹി

June 27, 2020, 10:38 pm

ചൈനക്കെതിരെ ശക്തമായ താക്കീതുമായി ഇന്ത്യ; ഗൽവാനിൽ 16 ചൈനീസ് ക്യാമ്പുകൾ

Janayugom Online

കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ് വരയിൽ ഒമ്പത് കിലോമീറ്ററിനുള്ളിലാണ് 16 പീപ്പിൾസ് ലിബറേഷൻ ആർമി ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഗൽവാൻ നദിയിലെ ചൈനീസ് നിർമ്മാണ പ്രവർത്തനങ്ങൾ വെളിപ്പെടുത്തുന്ന ചിത്രങ്ങളിൽ നിന്ന് ഇന്ത്യൻ സൈന്യം നിർമ്മിച്ച നദിയുടെ സംരക്ഷണഭിത്തി പലയിടങ്ങളിലും തകർത്തതായും വ്യക്തമാകുന്നുണ്ട്.

അതിർത്തിസംരക്ഷണത്തിന് ഇന്ത്യൻ സേനയ്ക്ക് ഏറെ തന്ത്രപ്രധാനമാണ് നദിയിലെ സംരക്ഷണഭിത്തി. നേരത്തെ പാംഗോങ് തടാകം ഉൾപ്പെടുന്ന മേഖലയിൽ പിഎൽഎ സൈനിക ക്യാമ്പുകൾ സ്ഥാപിച്ചതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിരുന്നു. പാംഗോങ് തടാക തീരത്ത് ചൈന പുതിയ ഹെലിപാഡ് നിർമ്മിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. തടാകത്തിന്റെ വടക്കൻ കരയിൽ ഫിംഗർ നാലിനും ഫിംഗർ അഞ്ചിനും ഇടയിലെ പ്രദേശത്താണ് ഹെലിപാഡ് നിർമ്മാണം. ഫിംഗർ മൂന്നിലാണ് ഇന്ത്യൻ സൈനിക ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നത്. നേരത്തെ ഈ പ്രദേശത്ത് ചൈന സൈനികബലം വർധിപ്പിച്ചെന്നും ടാങ്കുകളും സൈനിക വാഹനങ്ങളും വിന്യസിച്ചെന്നും റിപ്പോർട്ടുണ്ടായിരുന്നു.