Web Desk

ന്യൂഡൽഹി

July 28, 2020, 9:33 pm

യുഎസ് നിർമ്മിത അന്തർവാഹിനികളും പി 81 യുദ്ധവിമാനങ്ങളും ഇന്ത്യ വാങ്ങുന്നു

Janayugom Online

ഇന്ത്യ‑ചൈന സംഘർഷം രൂക്ഷമായതിന് പിന്നാലെ നാവിക സേനയെ കൂടുതൽ കരുത്തുറ്റതാക്കാൻ പദ്ധതിയൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കൂടുതൽ അധുനികമായ അമേരിക്കൻ നിർമ്മിത അന്തർവാഹിനികളും പി 81 വിഭാഗത്തിൽപ്പെട്ട യുദ്ധവിമാനങ്ങളും വാങ്ങുന്നു. കടലിലും ചൈനയുടെ ഭാഗത്തുനിന്നുള്ള ഭീഷണി കാര്യക്ഷമമായി പ്രതിരോധിക്കുന്നതിനാണ് ബ്ലുവാട്ടർ മിഷന്റെ ഭാഗമായി കൂടുതൽ ആയുധങ്ങൾ വാങ്ങുന്നത്.

ദീർഘദൂര കപ്പൽവേധ മിസൈലുകൾ, ശത്രുവിന്റെ സൈനിക നീക്കകൾ അറിയുന്നതിനുള്ള സംവിധാനങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, ശത്രുപക്ഷത്തിന്റെ ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാതാക്കുന്ന ജാമറുകൾ എന്നിവയും ബ്ലു വാട്ടർ മിഷന്റെ ഭാഗമായി ഇന്ത്യ വാങ്ങുന്നുണ്ട്. നേരത്തെ ഓർഡർ നൽകിയ 12 പി 81 വിമാനങ്ങളിൽ നാലെണ്ണമാണ് ഇനി ലഭിക്കാനുള്ളത്.

ചൈന അടുത്തിടെ നിർമ്മിച്ച അന്തർവാഹിനികളെ തകർക്കാൻ കഴിയുന്നതാണ് പുതിയ പി 81 നെപ്ട്യൂൺ കപ്പൽവേധ വിമാനങ്ങൾ. ഇത് കൂടാതെ ബോയിങ് കമ്പനിയിൽ നിന്നും ആറ് യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള ചർച്ചകൾ ഇപ്പോൾ തുടരുന്നു. ഇത് സംബന്ധിച്ച കരാർ 2021ൽ ഒപ്പിടുമെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് കൂടാതെ ഹാർപ്പൂൺ ബ്ലോക്ക്-2 വിഭാഗത്തിൽപ്പെട്ട മിസൈലുകൾ, കപ്പലുകളെ നശിപ്പിക്കാൻ കഴിയുന്ന ടോർപ്പിഡോകൾ, അന്തർവാഹിനികളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനുള്ള സോണോ ബയോസ് തുടങ്ങിയ സംവിധാനങ്ങൾ വാങ്ങുന്നതിനുള്ള കരാറും ഇന്ത്യ ഒപ്പുവച്ചു.

ഇന്ത്യ, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് മ്യാൻമാർ, ശ്രീലങ്ക, പാകിസ്ഥാൻ, ഇറാൻ, ഈസ്റ്റ് ആഫ്രിക്ക എന്നിവിടങ്ങളിൽ ചില തന്ത്രപ്രധാന ദ്വീപുകൾ ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായുള്ള ഭീഷണി മറികടക്കുന്നതിനാണ് ഇന്ത്യയുടെ നീക്കം. ബംഗാൾ ഉൾക്കടലിലെ മ്യാൻമറിലെ ക്യാപ്ക്യൂ തുറമുഖത്തിന്റെ 70 ശതമാനം ഓഹരികൾ ചൈന അടുത്തിടെ വാങ്ങിയിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ദക്ഷിണ ശ്രീലങ്കയിലെ ഹംബാൻടോട്ട തുറമുഖത്തിന്റെ നിയന്ത്രണവും ഇപ്പോൾ ചൈനയുടെ പക്കലാണ്. ഒമാൻ കടലിടുക്കിൽ പാകിസ്ഥാന്റെ അധീനതയിൽ വരുന്ന ഗ്വാദർ തുറമുഖവും ചൈനയുടെ പക്കലാണ്. പേർഷ്യൻ കടലിടുക്കിലെ ഇറാന്റെ ഉടമസ്ഥതയിലുള്ള ജാസ്ക് തുറമുഖവും ചൈന അധീനപ്പെടുത്തി.

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇപ്പോൾ ചൈന നടത്തിയ അധിനിവേശത്തിന് സമാനമായത് ഇന്ത്യൻ മഹാസമുദ്രത്തിലും നടത്താനുള്ള തന്ത്രമാണെന്ന് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സമിതി നേരത്തെ വിലയിരുത്തിയിരുന്നു. ചൈനയുടെ ഭീഷണി ചെറുക്കുന്നതിന് യുഎസ്, ജപ്പാൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ക്വാഡ്രലാറ്ററൽ ചർച്ചകൾക്കും ഇന്ത്യ തുടക്കമിട്ടു.

You may like this video also