പരമ്പര നേടാന്‍ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടക്കും. ടി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. നാഗ്പൂരിൽ നടന്ന ആദ്യ ഏകദിനത്തിൽ നാല് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയ ഇന്ത്യ പരമ്പരയിൽ 1–0 ന് മുന്നിലെത്തി. അതേസമയം, രണ്ടാം മത്സരം ജയിച്ച് പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ബാറ്റിങ്ങില്‍ ഫോമിലാവേണ്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും നിര്‍ണായകമാണ്. അതേസമയം മുന്‍നിര താരങ്ങളുടെ മോശം ഫോം ആശങ്ക സൃഷ്ടിക്കുമ്പോഴും സ്പിന്നര്‍മാരുടേയും യുവതാരങ്ങളുടേയും കരുത്തില്‍ ഇന്ത്യക്ക് വിജയത്തിലേക്കെത്താന്‍ സാധിക്കുന്നുണ്ട്.
കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന വിരാട് കോലി രണ്ടാം മത്സരത്തില്‍ കളിക്കുമെന്നാണ് സൂചന. കെ എൽ രാഹുലിനെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് നിന്ന് മാറ്റി ശേഷം ഋഷഭ് പന്ത് തിരിച്ചുവന്നേക്കുമെന്നും സൂചനയുണ്ട്. കോലി വന്നാൽ, ആദ്യ ഏകദിനത്തിൽ അർധസെഞ്ചുറി നേടിയ ശ്രേയസ് അയ്യരെ മാറ്റിനിര്‍ത്തേണ്ടതായി വന്നേക്കും. ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയതിനാല്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളാകും പുറത്തുപോകേണ്ടിവരുന്നതെന്നും സൂചനയുണ്ട്. ഇന്നും പരാജയപ്പെട്ടാല്‍ ടെസ്റ്റ് ടീമിന് പുറമെ ഏകദിന ടീമിലെ രോഹിത്തിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെടും. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ കളിച്ച രഞ്ജി ട്രോഫിയിലും നിറം മങ്ങിയ വിരാട് കോലിക്കും ഫോം വീണ്ടെടുക്കുക അനിവാര്യമാണ്. മടങ്ങിവരവില്‍ 30 പന്തില്‍ അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ മാച്ച് വിന്നിങ് പ്രകടനം ശ്രേയസ് അയ്യര്‍ കാഴ്ചവെച്ചിരുന്നു.
യശസ്വി പുറത്തായാല്‍ ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങും. രാഹുലിനും ചാമ്പ്യൻസ് ട്രോഫി പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഫോം വീണ്ടെടുക്കേണ്ടതുണ്ട്. ആറാം നമ്പറില്‍ ബാറ്റ് ചെയ്ത രാഹുല്‍ രണ്ട് റണ്‍സെടുത്താണ് പുറത്തായത്. ഒന്നാം ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ ഇന്ത്യ അക്ഷര്‍ പട്ടേലിനെ കളിപ്പിച്ചിരുന്നു. സ്പിന്നര്‍മാരേയും പേസര്‍മാരേയും ഒരുപോലെ നേരിട്ട അക്ഷര്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ സജീവമാക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവച്ചത്. കുല്‍ദീപ് യാദവിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ പ്ലേയിങ് ഇലവനിൽ പരീക്ഷിക്കാനും സാധ്യതയുണ്ട്. പേസര്‍മാരായി മുഹമ്മദ് ഷമിയും ഹര്‍ഷിത് റാണയും തന്നെ തുടരാനാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.