March 23, 2023 Thursday

മലേറിയ മരുന്ന് വേണമെന്ന് ഇന്ത്യയോട് യുഎസ്

Janayugom Webdesk
ന്യൂയോർക്ക്
April 5, 2020 8:51 pm

മലേറിയ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ നൽകണമെന്ന് ഇന്ത്യയോട് യുഎസ്. അതേസമയം മരുന്നിന്റെ കയറ്റുമതി ഇന്ത്യ പൂർണ്ണമായി നിരോധിച്ചു. ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് എത്രയും വേഗം നല്‍കണമെന്ന് ഇന്ത്യയോടു അഭ്യര്‍ഥിച്ചതായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് അറിയിച്ചത്. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ഇക്കാര്യം അഭ്യര്‍ഥിച്ചിരുന്നതായി ട്രംപ് പറഞ്ഞു.

ഇന്ത്യ വലിയതോതില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യ ഇക്കാര്യത്തില്‍ ഗൗരവമേറിയ പരിഗണന നല്‍കുന്നുണ്ട്. നാം ഓര്‍ഡര്‍ ചെയ്തത്രയും ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഇന്ത്യ നല്‍കുന്നുവോ ഇന്ത്യ അത്രത്തോളം അഭിനന്ദനത്തിനു അര്‍ഹരാണെന്നും വൈറ്റ് ഹൗസിലെ പ്രതിദിന വാര്‍ത്തസമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു. അതേസമയം, എത്രത്തോളം മരുന്ന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന കാര്യമൊന്നും ട്രംപ് വെളിപ്പെടുത്തിയില്ല. വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ മാര്‍ച്ച് 25നാണ് ഹൈഡ്രോ ക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി നിരോധിച്ചത്.

എന്നാല്‍ മാനുഷിക പരിഗണന കണക്കിലെടുത്തും ആവശ്യം കണക്കിലെടുത്തും മരുന്നുകള്‍ കയറ്റി അയക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതാണ് പുതിയ ഉത്തരവിലൂടെ പൂർണ്ണമായും നിരോധിച്ചിട്ടുള്ളത്. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം പിന്നിടുകയും എണ്ണായിരത്തിലധികം പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിച്ചത്. ഇന്ത്യ ഉൾപ്പെടെ കോവിഡ് ബാധിത രാജ്യങ്ങളില്‍ ഏറെയും ഹൈഡ്രോക്സി ക്ലോറോക്വിനാണ് പ്രതിരോധ മരുന്നായി രോഗികള്‍ക്ക് നല്‍കുന്നത്. എന്നാൽ അംഗീകൃത മരുന്നല്ലാത്ത ഇത് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യരംഗത്ത് പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.