Thursday
21 Mar 2019

ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ആധിപത്യം തുടരാന്‍ ഇന്ത്യ

By: Web Desk | Saturday 12 January 2019 8:25 AM IST


ഇന്ത്യന്‍ ടീം അംഗങ്ങള്‍ പരിശീലനത്തില്‍

സിഡ്‌നി: കിരീടവിജയത്തോടെ തന്നെ ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാക്കാനുറച്ച് ടീം ഇന്ത്യ തങ്ങളുടെ മൂന്നാം ദൗത്യത്തിന് ഇറങ്ങുന്നു. ഇന്ത്യയും ഓസീസും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് സിഡ്‌നിയില്‍ തുടക്കമാവും. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെര‍ഞ്ഞെടുത്തു.

നേരത്തേ നടന്ന ടി20 പരമ്പര സമനിലയിലാക്കുകയും ടെസ്റ്റ് പരമ്പരയില്‍ ചരിത്രനേട്ടം സ്വന്തമാക്കുകയും ചെയ്ത ഇന്ത്യ ഏകദിനത്തിലും ആധിപത്യം തുടരാമെന്ന ആത്മവിശ്വാസത്തിലാണ് കളത്തിലെത്തുക. ചരിത്രത്തില്‍ ആദ്യമായി സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര ഇന്ത്യക്കു അടിയറവ് വച്ചതിന്റെ ക്ഷീണം ഏകദിനത്തില്‍ തീര്‍ക്കാനായിരിക്കും ഓസീസ് ലക്ഷ്യമിടുന്നത്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇതുവരെ ഓസീസ് മണ്ണില്‍ നടന്ന ഏകദിന മല്‍സരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ആതിഥേയര്‍ക്ക് തന്നെയാണ് മേല്‍ക്കൈ. ഇതുവരെ 118 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. 73 എണ്ണത്തില്‍ ഓസീസ് ജയം കണ്ടെത്തിയപ്പോള്‍ 45 മല്‍സരങ്ങളില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. സിഡ്‌നിയില്‍ ഇരുടീമും ഇതുവരെ ഏറ്റുമുട്ടിയപ്പോഴും ഓസീസ് വിജയിച്ചിരുന്നു. ഇവിടെ നടന്ന 18 ഏകദിനങ്ങളില്‍ 15ലും ഓസീസിനാണ് ജയം. രണ്ടെണ്ണം മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. ഒരു മല്‍സരം ഉപേക്ഷിച്ചു.

സിഡ്‌നിയില്‍ അവസാനമായി കളിച്ച ഏകദിനത്തില്‍ ഓസീസിനെ പരാജയപ്പെടുത്തിയത് ഇന്ത്യയ്ക്ക് ഇന്ന് കരുത്താകും. 2016ലാണ് ഇവിടെ അവസാനമായി ഇരുടീമും കൊമ്പുകോര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ 330 റണ്‍സ് അടിച്ചെടുത്തിരുന്നു. എന്നാല്‍ തിരിച്ചടിച്ച ഇന്ത്യ രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.

മികച്ച പ്രകടനമാണ് ഏകദിനത്തില്‍ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരേയൊരു ഏകദിന പരമ്പര മാത്രമേ ഇന്ത്യക്കു നഷ്ടമായിട്ടുള്ളൂ. സ്റ്റീവ് സ്മിത്ത് വിലക്ക് നേരിട്ട് പുറത്തായതിന് ശേഷം ഓസീസിന് തങ്ങളുടെ മികച്ച ഫോമിലേക്ക് തിരികെയെത്താനായിട്ടില്ല. 2017 ജനുവരിക്കു ശേഷം ഒരു ഏകദിന പരമ്പര പോലും ഓസീസിന് നേടാനായിട്ടില്ല. പാകിസ്താനെതിരേയാണ് അവര്‍ അവസാനമായി ഏകദിന പരമ്പര കൈക്കലാക്കിയത്. പിന്നീട് 21 ഏകദിനങ്ങളില്‍ കളിച്ചെങ്കിലും ജയിക്കാനായത് രണ്ടെണ്ണത്തില്‍ മാത്രം.

ബാറ്റിങില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍. ശിഖര്‍ ധവാനും വിദേശ പിച്ചുകളില്‍ തിളങ്ങാന്‍ ശേഷിയുള്ള താരമാണ്. ബൗളിങില്‍ ജസ്പ്രീത് ബുംറയുടെ അഭാവം ഭുവനേശ്വര്‍ കുമാറിനും ഖലീല്‍ അഹമ്മദിനും നികത്താനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. സ്പിന്നര്‍ കുല്‍ദീപ് യാദവാകും ഓസീസിന് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുക.

ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെയും ഓപ്പണര്‍ ലോകേഷ് രാഹുലിന്റെയും അപ്രതീക്ഷിത വിലക്ക് തിരിച്ചടിയായേക്കും. പാണ്ഡ്യക്കും രാഹുലിനും പകരം ആരൊക്കെ പ്ലെയിങ് ഇലവനില്‍ എത്തുമെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല.

ഓസീസിനായി ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരെയായിരിക്കും ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച കാരെ ആറ് ഏകദിന മത്സരവും 19 ട്വന്റി20 മത്സരവും കളിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ഒരു വന്‍ സ്‌കോര്‍ നേടാനായിട്ടില്ല.

ഉസ്മാന്‍ ഖവാജയായിരിക്കും മൂന്നാമനായി ഇറങ്ങുക തുടര്‍ന്ന് നാലാം നമ്പറില്‍ ഷോണ്‍ മാര്‍ഷും തുടര്‍ന്ന് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിങ്ങനെയാണ് പുതിയ ബാറ്റിങ് ക്രമം . ഏഴാം നമ്പര്‍ ബാറ്റ്‌സ്മാനായിട്ടായിരിക്കും ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇറങ്ങുക.

പീറ്റര്‍ സിഡിലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയതും മത്സരത്തില്‍ നിര്‍ണായകമാകും നീണ്ട ഒമ്പത് വര്‍ഷത്തിന് ശേഷമാണ് സിഡില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി ഏകദിന മത്സരം കളിക്കുന്നത്. 2010 ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അവസാനമായി പീറ്റര്‍ സിഡില്‍ ഏകദിന മത്സരം ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചത്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ ഉണ്ടായിരുന്നുവെങ്കിലും പ്ലേയിങ് ഇലവനില്‍ ഇടം നേടാന്‍ സിഡിലിന് സാധിച്ചിരുന്നില്ല.