ഓസ്‌ട്രേലിയയ്ക്കെതിരെ അടിതെറ്റി ഇന്ത്യ; നാല് വിക്കറ്റ് നഷ്ടം

Web Desk

അഡ്‌ലെയ്ഡ്

Posted on December 06, 2018, 8:32 am

ഒാസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ അടിതെറ്റി ഇന്ത്യ. ആദ്യദിനം കളി ആരംഭിച്ചപ്പോള്‍ ഇന്ത്യ 32 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മോശം തുടക്കമാണ് സമ്മാനിച്ചത്. കെ എല്‍ രാഹുല്‍ (2), മുരളീ വിജയ് (11), വിരാട് കോലി (3), അജിങ്ക്യ രഹാനെ (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് ആദ്യ ടെസ്റ്റ് ആരംഭിച്ചത്. നാലു ടെസ്റ്റുകളുള്‍പ്പെട്ടതാണ് പരമ്പര. വലിയ പ്രതീക്ഷകളുമായാണ് വിരാട് കോലിക്കു കീഴില്‍ ഇന്ത്യ ഇത്തവണ ഓസ്‌ട്രേലിയയില്‍ വിമാനമിറങ്ങിയത്. ചരിത്രത്തിലാദ്യമായി ഓസ്ട്രലേിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയെന്ന ഇന്ത്യയുടെ സ്വപ്‌നം ഇത്തവണ പൂവണിയുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്മാന്‍മാരായ ഡേവിഡ് വാര്‍ണ്ണറും സ്റ്റീവ് സ്മിത്തുമില്ലാതെയാണ് ഓസ്‌ട്രേലിയ ഇന്ത്യയുമായി ഏറ്റുമുട്ടുന്നത്. അതിനാല്‍ തന്നെ ഇത് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് പരമ്പര നേടാനുളള സുവര്‍ണ്ണാവസരമായിയാണ് പലരും കാണുന്നത്. പരമ്പര നേടുകയാണെങ്കില്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഒരു പൊന്‍തൂവല്‍ കൂടിയാണ് നേടുന്നത്. ഫാസ്റ്റ് പിച്ചായതിനാല്‍ തന്നെ ടീമില്‍ ബൗളര്‍മാരെ തെരഞ്ഞെടുക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരമ്പരയ്ക്കുളള പന്ത്രണ്ടംഗ ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
സ്റ്റാര്‍ ബോളര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ഉമേഷ് യാദവിനും ടീമില്‍ ഇടം പിടിക്കാനായില്ല. രവീന്ദ്ര ജഡേജയും ടീമിലില്ല. മധ്യനിര ബാറ്റ്‌സ്മാന്മാരായ ഹനുമവിഹാരിയും, രോഹിത് ശര്‍മ്മയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ ഒരാള്‍ അന്തിമ ഇലവനില്‍ നിന്ന് പുറത്താകും. പരിശീലന മത്സരത്തിലെ പ്രകടനം വെച്ച് നോക്കുകയാണെങ്കില്‍ ഹനുമ വിഹാരിയാകും ആദ്യ ടെസ്റ്റ് കളിക്കുക.

പ്രിഥ്വിഷാ പരിക്കേറ്റ് പുറത്തായതിനാല്‍ മുരളിവിജയും, കെ എല്‍ രാഹുലും ചേര്‍ന്നാകും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി ചേതേശ്വര്‍ പുജാരയെത്തും, വിരാട് കോലി, വിഹാരി/രോഹിത്, എന്നിവരാകും പിന്നീടുള്ള സ്ഥാനങ്ങളില്‍ ഇറങ്ങുക. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ കളിക്കും. അശ്വിന്‍ ടീമിലെ ഏക സ്പിന്നറായി സ്ഥാനംപിടിച്ചപ്പോള്‍, മൊഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് പേസ് ബൗളിങിന്റെ ചുമതല.

ആദ്യ ടെസ്റ്റിനുള്ള പന്ത്രണ്ടംഗ ഇന്ത്യന്‍ ടീം വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, രാഹുല്‍, മുരളി വിജയ്, പുജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, മൊഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിങ്ങനെയാണ്. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ചില താരങ്ങളുടെ പ്രകടനമായിരിക്കും പരമ്പരയില്‍ ഇന്ത്യക്കു നിര്‍ണായകമാവുക. അതില്‍ ഒരാളാണ് അജിങ്ക്യ രഹാനെ. വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള നല്ല ബാറ്റിങ് ടെക്‌നിക്കുള്ള താരമാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെ. പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ക്ഷമയോടെ ബാറ്റ് വീശി ടീമിനെ രക്ഷിക്കാന്‍ പ്രത്യേക മിടുക്ക് അദ്ദേഹത്തിനുണ്ട്. ഇപ്പോള്‍ അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും ഓസീസിനെതിരേ രഹാനെയുടെ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമാവും.

ഇന്ത്യന്‍ പേസ് ബൗളിങിലെ സെന്‍സേഷനാണ് ജസ്പ്രീത് ബുംറ. ട്വന്റി20യിലൂടെ തുടങ്ങി ഏകദിന, ടെസ്റ്റ് ടീമുകളിലെത്തിയ ബുംറ ഇപ്പോള്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഓസ്‌ട്രേലിയയിലെ വേഗമേറിയ പിച്ചില്‍ തന്റെ ബൗളിങ് വൈവിധ്യം കൊണ്ട് എതിരാളികളെ വിറപ്പിക്കാന്‍ അദ്ദേഹത്തിനാവും. ഇതുവരെ കളിച്ച ആറു ടെസ്റ്റുകളില്‍ നിന്നായി 28 വിക്കറ്റുകള്‍ ബുംറ നേടിക്കഴിഞ്ഞു. ഇരുവശങ്ങളിലേക്കും ഒരുപോലെ പന്ത് സ്വിങ് ചെയ്യിക്കാന്‍ മിടുക്കനായ ബുംറയുടെ വലംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേയുള്ള ഇന്‍സ്വിങറുടെ അപകടം വിതയ്ക്കുന്നതാണ്. ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലാണ്. ഏതു പിച്ചിലും ഒരുപോലെ തിളങ്ങാന്‍ മിടുക്കനായ കോലി ഓസ്‌ട്രേലിയയിലും റണ്‍മഴ പെയ്യിച്ചാല്‍ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കുവരാന്‍ സാധ്യത കൂടുതലാണ്. കഴിഞ്ഞ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക പര്യടനങ്ങളിലെല്ലാം അദ്ദേഹം റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഇംഗ്ലണ്ടിനെതിരേ 595ഉം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 286ഉം റണ്‍സാണ് ടെസ്റ്റ് പരമ്പരകളില്‍ നിന്നും കോലി നേടിയത്.