Janayugom Online
India England Cricket- Janayugom

ഇംഗ്ലണ്ടിനെതിരെ പരമ്പര തേടി ഇന്ത്യ

Web Desk

ഹെഡിങ്‌ലി

Posted on July 17, 2018, 4:54 pm

ഇംഗ്ലണ്ടിനെതിരെ പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്ന് നിര്‍ണായകമത്സരത്തിനിറങ്ങും. ലീഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം അഞ്ചു മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്.

രണ്ടാം ഏകദിനത്തിലേറ്റ കനത്ത തോല്‍വിക്ക് മറുപടി നല്‍കുന്നതിനൊപ്പം പരമ്പര നേടുക എന്നതു കൂടിയാണ് ഇന്ത്യയുടെ ലക്ഷ്യം. ബൗളിങ്ങിലും ബാറ്റിങ്ങിലും താളം കണ്ടെത്താന്‍ കഴിയാഞ്ഞതാണ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ഇംഗ്ലണ്ടിനു മുന്നില്‍ നിഷ്പ്രഭരായ ബൗളര്‍മാര്‍ പൊതിരെ തല്ലു വാങ്ങി.

വിരാട് കോലിക്കൊപ്പം രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമടങ്ങുന്ന ശക്തമായ മുന്‍ നിരയാണ് ഇന്ത്യയുടേത്. മധ്യനിരയില്‍ ധോണിയും, സുരേഷ് റെയ്‌നയു, ഹാര്‍ദ്ധിക്ക് പാഢ്യയും കൂടിയാകുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിര ശക്തമാണ്. രണ്ടാം ഏകദിനത്തില്‍ ഭേദപ്പെട്ട തുടക്കത്തിനു ശേഷം ഓപ്പണര്‍മാര്‍ തുടരെ പുറത്തായപ്പോള്‍ ഇന്ത്യന്‍ മധ്യനിരയ്ക്ക് സമ്മര്‍ദ്ദമായി. കോലിയും സുരേഷ് റെയ്‌നയും പൊരുതി നോക്കിയെങ്കിലും ഓരോ ഇടവേളകളിലും വിക്കറ്റ് വീണത് ഇന്ത്യയെ തോല്‍വിയിലേക്ക് തളളിയിടുകയായിരുന്നു. മികച്ച ഫോമിലുള്ള ലോകേഷ് രാഹുല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയതും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി.

കുല്‍ദീപ് യാദവും ചാഹലുമാണ് ഇന്ത്യന്‍ സ്പിന്‍ ബൗളിങിന്റെ കുന്തമുന. ആദ്യ ഏകദിനത്തില്‍ ആറു പേരെ കൂടാരം കയറ്റിയ കുല്‍ദീപിന്റെ ശക്തി എതിരാളികള്‍ തിരിച്ചറിഞ്ഞതാണ്. പേസ് ബോളിങ്ങിന് ശക്തി പകരുന്ന ഉമേഷ് യാദവും, സിദ്ധാര്‍ഥ് കൗളും കഴിവിനൊത്ത് ഉയര്‍ന്നാല്‍ ബൗളിങ്ങ് നിരയും സുരക്ഷിതമാണ്. എന്നാല്‍ രണ്ട് മല്‍സരങ്ങളില്‍ നന്നായി തല്ലുവാങ്ങിയ സിദ്ദാര്‍ഥ് കൗളിന് ഒരു വിക്കറ്റ് പോലും നേടാന്‍ കഴിഞ്ഞിട്ടില്ല. വിക്കറ്റ് നേടാനായെങ്കിലും ഉമേഷ് യാദവിനും ഹാര്‍ദിക് പാണ്ഡ്യക്കും ഇംഗ്ലീഷ് ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുന്നില്ല.
രണ്ടാം ഏകദിനത്തിലെ പ്രകടനം പുറത്തെടുത്ത് പരമ്പര സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് കച്ചമുറുക്കുന്നത്.

ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങിനു മുന്നില്‍ മുട്ടുകുത്തിയ ഇവര്‍ കഴിഞ്ഞ മത്സരത്തില്‍ മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ട് താരങ്ങളുടെ കൂറ്റനടികള്‍ക്ക് മുന്നില്‍ നിലനില്‍പ്പില്ലാഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരെയാണ് ലോര്‍ഡ്‌സില്‍ കണ്ടത്. ജോ റൂട്ട് തന്നെയാണ് ഇവരുടെ ബാറ്റിങ്ങിന്റെ തുറുപ്പു ചീട്ട്. ജേസണ്‍ റോയും, ജോണി ബെയര്‍‌സ്റ്റോയും ഇംഗ്ലണ്ടിന് മികച്ച ഓപ്പണിങ്ങ് കൂട്ടുകെട്ടാണ് സമ്മാനിക്കുന്നത്. മൊയീന്‍ അലിയും, ആദില്‍ റാഷിദും നയിക്കുന്ന സ്പിന്‍ നിരയും ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്.