കിരീട മോഹവുമായി വിരാത് പട ഇന്ന് നാലാം ഏകദിനത്തിന്

Web Desk

വാണ്ടറേഴ്‌സ്

Posted on February 10, 2018, 12:17 pm

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നേടാനുള്ള മോഹവുമായി വിരാട് പട ഇന്ന് നാലാം ഏകദിനത്തിനിറങ്ങും. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്കാണ് മുന്‍തൂക്കമെങ്കിലും ദക്ഷിണാഫ്രിക്കയെ തള്ളിക്കളയാന്‍ പറ്റില്ല. ഏത് നിമിഷവും അവര്‍ തിരിച്ചു വന്നേക്കാം.
അതെ സമയം ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. മധ്യനിരയില്‍ കേദാര്‍ ജാദവിന് പകരം മനീഷ് പാണ്ഡെയേ ദിനേശ് കാര്‍ത്തിക്കോ കളിക്കും. പേശിവലിവിനെത്തുടര്‍ന്ന് കേദാര്‍ ജാദവിന് നാലാം ഏകദിനത്തില്‍ കളിക്കാനാകാത്ത സാഹചര്യത്തിലാണ് മധ്യനിരയില്‍ മനീഷ് പാണ്ഡെയോ ദിനേശ് കാര്‍ത്തിക്കിനെയോ കളിപ്പിക്കുന്ന കാര്യം ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നത്.

ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ശീഖര്‍ ധവാനൊപ്പം രോഹിത് ശര്‍മ തന്നെ ഓപ്പണറായി എത്തും. ദക്ഷിണാഫ്രിക്കയില്‍ രോഹിത്തിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ലെങ്കിലും ഒറ്റ ഇന്നിംഗ്‌സ് കൊണ്ട് കളി മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള താരമാണ് രോഹിത് എന്നതിനാല്‍ അദ്ദഹത്തിന് വീണ്ടും അവസരം നല്‍കുമെന്നുറപ്പാണ്.

മൂന്നാം ഏകദിനത്തില്‍ തിളങ്ങാനായില്ലെങ്കിലും രഹാനെ തന്നെയാകും നാലാം നമ്പറില്‍. ഹര്‍ദ്ദീക് പാണ്ഡ്യയാണ് ഏകദിന പരമ്പരയില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതിരുന്ന മറ്റൊരു താരം. നാല് മത്സരങ്ങളില്‍ 17 റണ്‍സ് മാത്രമാണ് പാണ്ഡ്യയുടെ ബാറ്റ് കൊണ്ടുള്ള സംഭാവന. 20 ഓവര്‍ എറിഞ്ഞെങ്കിലും ഒറ്റ വിക്കറ്റ് പോലും നേടാന്‍ പാണ്ഡ്യക്കായിട്ടുമില്ല. എന്നാല്‍ പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായി കളിപ്പിക്കാന്‍ മറ്റൊരു താരമില്ലാത്തതിനാല്‍ ഹര്‍ദ്ദീക് തുടര്‍ന്നേക്കും.ബൗളിങ്ങില്‍ സ്ഥിരമായി മികച്ച പ്രകടനം ഭുവനേശ്വറും ബൂമ്രയെയും കുല്‍ദീ പിനേയും ചാഹലിനെയും മാറ്റി നിര്‍ത്താന്‍ സാധ്യതയില്ല.