ട്വിന്‍റി20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരമായി രോഹിത്

Web Desk

ലക്‌നൗ

Posted on November 06, 2018, 8:22 pm

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം. അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം മുന്നേറുന്നു. പതിനഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ 47 പന്തില്‍ 77 റണ്‍സോടെയും കെ എല്‍ രാഹുലും ക്രീസിലുണ്ട്.

ശിഖര്‍ ധവാന്‍ 41 പന്തില്‍ 43 റണ്‍സ് നേടി പുറത്തായി. ഫാബിയാന്‍ അലെന്‍റെ ബോളിങില്‍ നിക്കോളാസ് പൂരാന്‍റെ ക്യാച്ചിലാണ് ധവാന്‍ പുറത്തായത്.  പിറകെ വന്ന റിഷാബ് പന്ദ് 6 ബോളില്‍ 5 റണ്‍സെടുത്ത് പവലിയനിലേക്ക് മടങ്ങി. കാറി പീയ്റെയുടെ ബോളില്‍ ഷിമ്രോണ്‍ ഹെട്മെയറുടെ ക്യാച്ചിലാണ് റിഷാബ് പുറത്തായത്.

ട്വന്റി20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി രോഹിത് ശര്‍മ മാറി. 62 രാജ്യാന്തര ട്വന്റി20 മല്‍സരങ്ങളില്‍നിന്ന് 2102 റണ്‍സ് നേടിയ വിരാട് കോലിയുടെ റെക്കോര്‍ഡാണ് 86–ാം മല്‍സരത്തില്‍ രോഹിത് മറികടന്നത്. കോലി വിശ്രമത്തിലായതിനാല്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

വ്യക്തിഗത സ്‌കോര്‍ 20ല്‍ നില്‍ക്കെ ശിഖര്‍ ധവാന്‍ ട്വന്റി20യില്‍ 1000 റണ്‍സ് പിന്നിട്ടു. ഇന്ത്യയ്ക്കായി ട്വന്റി20യില്‍ 1000 റണ്‍സ് പിന്നിടുന്ന ആറാമത്തെ താരമാണ് ധവാന്‍.