June 5, 2023 Monday

Related news

June 3, 2023
June 3, 2023
June 3, 2023
June 3, 2023
June 3, 2023
June 2, 2023
June 1, 2023
June 1, 2023
May 31, 2023
May 30, 2023

രാജ്കോട്ടിലെ രാജാക്കന്മാർ

Janayugom Webdesk
രാജ്‌കോട്ട്
January 17, 2020 11:01 pm

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ആവേശകരമായ വിജയം. 36 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിജയലക്ഷ്യമായ 341 റൺസ് പിന്തുടർന്ന ഓസ്ട്രേലിയക്ക് 304ന് ഓൾഔട്ടായി. ഇതോടെ മൂന്ന് മത്സരമുളള പരമ്പരയിൽ 1–1 എന്ന നിലയിലാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരും മധ്യനിരയും മികച്ച ബാറ്റിങ്പ്രകടനമാണ് കാഴ്ചവച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (42)- ധവാന്‍ കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 13.3 ഓവറില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രദ്ധയോടെ ബാറ്റ് വീശിയ രോഹിത് ആറ് ബൗണ്ടറികള്‍ നേടി. എന്നാല്‍ മികച്ച തുടക്കം വലിയോ സ്‌കോറിലേക്ക് മാറ്റാന്‍ രോഹിത്തിന് സാധിച്ചില്ല. സാംപ ഓസീസിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. സാംപയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു രോഹിത്. ആദ്യ ഏകദിനത്തില്‍ പാളിപ്പോയ പരീക്ഷണം ഇന്ത്യ ഇത്തവണ ആവര്‍ത്തിച്ചില്ല.

മൂന്നാം നമ്പറില്‍ നായകന്‍ വിരാട് കോലി തന്നെ ഇത്തവണ ക്രീസിലിറങ്ങി. ഈ പൊസിഷന്‍ തനിക്കു എത്ര പ്രിയപ്പെട്ടതാണെന്നു മികച്ച ഇന്നിങ്‌സിലൂടെ കോലി തെളിയിക്കുകയും ചെയ്തു. ധവാനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ കോലി പടുത്തുയര്‍ത്തിയത്. 103 റണ്‍സ്ഈ സഖ്യം അടിച്ചെടുത്തു. സെഞ്ച്വറിക്കു നാലു റണ്‍സ് അകലെ ധവാനെ പുറത്താക്കി കെയ്ന്‍ റിച്ചാര്‍ഡ്‌സാണ് ഈ സഖ്യത്തെ പിരിച്ചത്. കെയ്ന്‍ റിച്ചാര്‍ഡ്‌സിന്റെ ഷോര്‍ട്ട് ബോളില്‍ ധവാനെ ഫൈന്‍ ലെഗില്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് അനായാസം പിടികൂടി. 90 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സറും ധവാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കോലി മൂന്നാം സ്ഥാനത്ത് തിരിച്ചെത്തിയതോടെ രാഹുലിന് ആ സ്ഥാനത്ത് മാറേണ്ടിവന്നു. ശ്രേയസ് അയ്യര്‍ക്കും പിന്നാലെ അഞ്ചാം സ്ഥാനത്താണ് രാഹുലെത്തിയത്. അയ്യര്‍ സ്ഥിരം സ്ഥാനമായ നാലാം നമ്പറില്‍ തിരിച്ചെത്തിയെങ്കിലും നിരാശപ്പെടുത്തി.

17 പന്ത് നേരിട്ട താരം ഏഴ് റണ്‍സ് മാത്രമാണെടുത്തത്. സാംപയുടെ പന്തില്‍ വിക്കറ്റ് തെറിച്ചാണ് അയ്യര്‍ മടങ്ങിയത്. അധികം വൈകാതെ കോലിയും മടങ്ങി. ആറ് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. സാംപയ്‌ക്കെതിരെ സിക്‌സടിക്കാനുള്ള ശ്രമത്തില്‍ ലോങ് ഓണില്‍ സ്റ്റാര്‍ക്കിന് ക്യാച്ച്. ബൗണ്ടറി ലൈനില്‍ ക്യാച്ചെടുത്തത് അഷ്ടണ്‍ അഗര്‍ ആയിരുന്നെങ്കിലും ബൗണ്ടറി ലൈനില്‍ നിയന്ത്രണം വിട്ടതോടെ പന്ത് സ്റ്റാര്‍ക്കിന് കൈമാറുകയായിരുന്നു. രാഹുല്‍— കോലി സഖ്യം 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 76 പന്തില്‍ നിന്നും ആറു ബൗണ്ടറികളോടെയാണ് കോലി 78 റണ്‍സെടുത്തത്. പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച മനീഷ് പാണ്ഡെയ്ക്കു പക്ഷെ അവസരം മുതലാക്കാനായില്ല. പരിക്കു കാരണം പിന്‍മാറിയ റിഷഭ് പന്തിനു പകരം പ്ലെയിങ് ഇലവനിലെത്തിയ പാണ്ഡെയ്ക്കു രണ്ടു റണ്‍സ് മാത്രമാണ് നേടാനായത്. സ്ഥാനം മാറി ഇറങ്ങിയ രാഹുലിന്റേത് ക്ലാസിക് ഇന്നിങ്‌സായിരുന്നു.

52 പന്തുകള്‍ നേരിട്ട് താരം മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് ഇത്രയും റണ്‍സെടുത്തത്. വാലറ്റത്ത് ജഡേജ ഉറച്ച് പിന്തുണ നല്‍കിയതോടെ ഇന്ത്യയുടെ സ്‌കോര്‍ 350ന് അടുത്തെത്തി. അവസാന ഓവറില്‍ രാഹുല്‍ റണ്ണൗട്ടാവുകയായിരുന്നു. ഇരുവരും 58 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 52 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 80 റണ്‍സ് നേടിയ രാഹുലിനെ അലെക്‌സ് കാരി റണ്ണൗട്ടാക്കുകയായിരുന്നു. ജഡേജ 16 പന്തില്‍ 20 റണ്‍സുമായി പുറത്താവാതെ നിന്നു. ഷമി ഒരു റണ്‍ നേടി ക്രീസിലുണ്ടായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയക്കായി സ്റ്റീവ് സ്മിത്തും (98), മാർനസ് ലാബുഷെയ്നും പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, നവ്ദീപ് സെയ്നി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബുംറ ഒരു വിക്കറ്റെടുത്തു.

Eng­lish sum­ma­ry: india vs aus­tralia 2nd odi india won

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.