പെര്‍ത്ത് ടെസ്റ്റിലെ തോല്‍വിക്ക് ഇന്ത്യയോട് പകരം ചോദിക്കാനുറച്ചാകും ഓസ്ട്രേലിയ തങ്ങളുടെ സ്വന്തം മണ്ണിലിറങ്ങുക. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്ക് എല്ലാ മത്സരങ്ങളിലും വിജയിക്കുകയും വേണം. രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. രാത്രിയും പകലും നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റാണ് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം പോര്. മത്സരം ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 9.30ന് ആരംഭിക്കും. ആത്മവിശ്വാസത്തോടെ ഇന്ത്യയിറങ്ങുമ്പോള്‍ മുറിവേറ്റാണ് ഓസീസിന്റെ വരവ്. പിങ്ക് ബോള്‍ ടെസ്റ്റില്‍ മികച്ച റെക്കോഡുള്ള കംഗാരുപ്പടയ്ക്ക് ഈ മത്സരം കൂടി നഷ്ടമാകുന്നത് സങ്കല്‍ല്പിക്കാന്‍ പോലുമാകില്ല.
അതിനാല്‍ തന്നെ ഇന്ത്യക്കും കാര്യങ്ങള്‍ എളുപ്പമാകില്ലെന്നുറപ്പാണ്. ക്രിക്കറ്റിലെ ഒട്ടുമിക്ക എല്ലാ ട്രോഫികളും സ്വന്തമാക്കിയ ഓസീസ് താരങ്ങൾക്ക് അതിന്റെ പൂർണതയ്ക്ക് ബോർഡർ ഗവാസ്കർ ട്രോഫി കൂടിവേണം. പോയ ഒരുപതിറ്റാണ്ടിലേറെയായി അവർക്കത് കിട്ടാക്കനിയാണ്. ന്യൂസിലാൻഡിനെതിരെ സ്വന്തം നാട്ടിൽ ഇന്ത്യ നാണം കെട്ടതോടെ അവരുടെ പ്രതീക്ഷകൾ വലുതായി. പെർത്തിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകർന്നത് അവരുടെ മോഹങ്ങളെ പിന്നെയും വലുതാക്കി. എന്നാല്‍ ബാറ്റിങ്ങില്‍ തളര്‍ന്നപ്പോള്‍ അതിനിരട്ടി വിനാശം വിതയ്ക്കാന്‍ കഴിയുന്ന പേസര്‍മാര്‍ ഇന്ത്യക്കുണ്ടായിരുന്നെന്ന് ഓസീസ് ചിന്തിച്ചിരുന്നില്ല. പ്രധാനമായും രണ്ടാം പോരിനിറങ്ങുമ്പോള്‍ ജസ്പ്രീത് ബുംറയെന്ന ലോകോത്തര ബൗളറെ നേരിടാനുള്ള പദ്ധതി ഓസീസ് ഇതിനോടകം തന്നെ തയ്യാറാക്കിയിട്ടുണ്ടാകും.
ചില ഓസ്ട്രേലിയന്‍ താരങ്ങളുടെ മോശം ഫോമും പരിക്കുകളും ഇന്ത്യക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നു. പരിക്കുകാരണം പേസ് നിരയിലെ നിര്‍ണായക താരമായ ജോഷ് ഹേസല്‍വുഡ് പിങ്ക് ബോള്‍ ടെസ്റ്റില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു. പകരക്കാരനായി സ്‌കോട്ട് ബോളണ്ടിനെയാണ് ഓസീസ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സീനിയര്‍ താരങ്ങളും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളുമായ സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരുടെ മോശം ഫോമും ഓസ്ട്രേലിയയ്ക്ക് ക്ഷീണമാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഓസീസ് ബാറ്റിങ്ങിലെ നെടുംതൂണുകളെന്ന് വിളിക്കാവുന്ന താരങ്ങളാണ് ഇരുവരും.
ആദ്യ മത്സരത്തിലെ 295 റൺസ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. നായകൻ രോഹിത് ശർമ്മ തിരിച്ചെത്തുന്നതും ടീമിനു കരുത്തേകും. പരിക്കിൽ നിന്ന് മുക്തനായ ശുഭ്മാൻ ഗിൽ ടീമിലുണ്ടാകുമെന്നാണ് വിവരം. അതേസമയം, ആദ്യ മത്സരത്തിൽ തിളങ്ങിയ യശ്വസി ജയ്‌സ്വാൾ- കെ എൽ രാഹുൽ സഖ്യം ഇന്ത്യക്കായി ഓപ്പണിങ്ങിലിറങ്ങും. രോഹിതും ഗില്ലും വരുന്നതോടെ ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറേലും പുറത്താകും. അഡ്‌ലെയ്ഡില്‍ കോലിക്ക് മികച്ച റെക്കോഡുണ്ട്. 15 ഇന്നിങ്സുകളിൽ ബാറ്റേന്തിയ കോലി അടിച്ചുകൂട്ടിയത് 957 റൺസാണ്. അഞ്ചു സെഞ്ചുറികളും നാല് അർധ സെഞ്ചുറികളും ഇതിലുള്‍പ്പെടുന്നു. വിരാട് കോലി നാലാമതും റിഷഭ് പന്ത് അഞ്ചാമതും എത്തുമ്പോള്‍ ക്യപ്റ്റന്‍ രോഹിത് ശര്‍മ ആറാമനായിട്ടാവും ക്രീസിലെത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.