ബംഗളൂരു: ഓസ്ട്രേലിയക്ക് എതിരായ പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയര്‍ത്തിയ 287 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
സെഞ്ചുറി നേടിയ രോഹിത് ശര്‍മയും അര്‍ധ സെഞ്ചുറി നേടിയ നായകന് വിരാട് കോലിയുമാണ് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചത്. രോഹിത് 128 പന്തില്‍ 119 റണ്‍സ് നേടിയപ്പോള്‍ കോലി 91 പന്തില്‍ 89 റണ്‍സ് നേടി. ശിഖര്‍ ധവാന് പരിക്കേറ്റതിനെത്തുടര്‍ന്ന് ഓപ്പണറായി ഇറങ്ങിയ കെ എല്‍ രാഹുലിന് 19 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 35 പന്തില്‍ നിന്ന് 44 റണ്‍സ് നേടി ശ്രേയസ് അയ്യരും നാല് പന്തില്‍ നിന്ന് എട്ട് റണ്‍സ് നേടി മനീഷ് പണ്ഡയും പുറത്താകാതെ നിന്നു.
പതിവില്‍ നിന്നും വിപരീതമായി ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ നായകന് സ്റ്റീവ് സ്മിത്തിന്റെ (131) സെഞ്ച്വറി മികവിലാണ് ഓസ്ട്രേലിയ 286 റണ്‍സെന്ന സ്കോറിലെത്തിയത്. മര്‍ണസ് ലബുഷെയന്‍ 54 റണ്‍സ് നേടി. നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗള്‍മാരിലെ ഹീറോ. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് നേടി.
ടീം സ്കോര്‍ 18ല്‍ എത്തിയപ്പോള്‍ വെടിക്കെട്ട് ബാറ്റ്സ്മാന് ഡേവിഡ് വാര്‍ണര്‍ പുറത്ത്. അധികം വൈകാതെ ആരോണ്‍ ഫിഞ്ചിനെ റണ്‍ഔട്ടിലൂടെയും ഇന്ത്യ പുറത്താക്കി. സ്മിത്തും ഫിഞ്ചും തമ്മിലുടലെടുത്ത ആശയക്കുഴപ്പത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്റ്റംപിളക്കുകയായിരുന്നു.
എന്നാല്‍ നാലമാനായി ഇറങ്ങിയ ലബുഷെയ്നെ കൂട്ടുപിടിച്ച് സ്റ്റീവ് സ്മിത്ത് ഓസിസ് ഇന്നിങ്സിന് അടിത്തറ പാകി. ഇരുവരും 126 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സ്മിത്ത് ലബുഷെയ്ന് സഖ്യം ഓസീസിനെ മികച്ച നിലയിലേക്ക് നയിക്കുമ്പോഴാണ് രവീന്ദ്ര ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ലബുഷെയ്നെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ചു.
പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ പരീക്ഷിച്ചെങ്കിലു കാര്യമുണ്ടായില്ല. ജഡേജയുടെ തന്നെ പന്തില്‍ ചാഹലിന് ക്യാച്ച്. ക്യാരിയെ കുല്‍ദീപ് മടക്കിയപ്പോള്‍ അഷ്ടണ്‍ ടര്‍ണര്‍ നവ്ദീപ് സൈനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്കി. എന്നാല്‍ അപകടകാരിയായ നില്‍ക്കുകയായിരുന്ന സ്മിത്തിനെ ഷമിയാണ് മടക്കിയത്. നേരിട്ട് ആദ്യ പന്തില്‍ തന്നെ പാറ്റ് കമ്മിന്‍സിനെ ഒരു തകര്‍പ്പന്‍ യോര്‍ക്കര്‍ ഷമി മടക്കിയയച്ചു. ആഡം സാംപയ്ക്കും ഷമിയുടെ യോര്‍ക്കറിന് മുന്നില്‍ മറുപടി ഉണ്ടായിരുന്നില്ല. അവസാന ഓവറില്‍ ഹേസല്‍വുഡിനെയും തിരിച്ചയച്ച് ഷമി നാല് വിക്കറ്റ് പൂര്‍ത്തിയാക്കി.
132 പന്തില്‍ 14 ഫോറും ഒരു സിക്സുമടക്കം 131 റണ്‍സ് നേടി സ്മിത്ത് മടങ്ങുമ്പോള്‍ ഓസ്ട്രേലിയ പൊരുതാവുന്ന സ്കോറിലെത്തിയിരുന്നു. അവസാന ഓവറുകളില്‍ അലക്സ് ക്യാരിയുടെ പ്രകടനവും ഓസിസ് ഇന്നിങ്സില്‍ നിര്‍ണായകമായി. ഷമി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജഡേജ രണ്ടും നവ്ദീപ് സൈനി, കുല്‍ദീപ് യാദവ് എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി. ഓസിസ് റണ്ണൊഴുക്ക് നിയന്ത്രിച്ചത് ബുംറയായിരുന്നു. പത്ത് ഓവറില്‍ 38 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.