Web Desk

January 11, 2021, 12:57 pm

‘വന്‍മതിലായി’ വിഹാരി; സിഡ്‌നി ടെസ്റ്റില്‍ വീരോചിത സമനില നേടി ടീം ഇന്ത്യ

Janayugom Online

സിഡ്‌നി: ഓസ്‌ട്രേലിയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. അവസാന ദിനം 5 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്താണ് ഇന്ത്യ സമനില പിടിച്ചത്. ഒരു സാഹചര്യത്തില്‍ തോല്‍വിയിലേക്ക് നീങ്ങിയ ഇന്ത്യയെ ഹനുമാ വിഹാരി, അശ്വന്‍ എന്നിവരുടെ ചെറുത്തു നില്‍പ്പാണ് സമനിലയിലെത്തിച്ചത്.

407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ രണ്ടിന് 98 എന്ന നിലയിലാണ് അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ സ്‌കോര്‍ 102 ല്‍ നില്‍ക്കെ നായകന്‍ അജിങ്ക്യ രഹാനയെ ഇന്ത്യയ്ക്ക് നഷ്ടമായി. വെറും നാല് റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സംഭാവന. പിന്നാലെ ക്രീസിലെത്താറുള്ള വിഹാരിയെ മാറ്റി നിര്‍ത്തി റൃഷഭ് പന്തായിരുന്നു പുജാരക്ക് കൂട്ടിനെത്തിയത്. നേരത്തെയെത്തിയ പന്ത് ഏകദിനത്തിലെപോലെ ബാറ്റ് വീശിയതോടെ സമനിലയില്‍ നിന്ന് ഇന്ത്യ ജയത്തിലേക്ക് എന്ന നിലയിലെത്തി കാര്യങ്ങള്‍. മികച്ച രീതിയില്‍ കളിച്ചുകൊണ്ടിരുന്ന പന്ത് സെഞ്ചുറിക്ക് വെറും മൂന്ന് റണ്‍സ് അകലെ പുറത്തായി. 118 പന്തില്‍ നിന്ന് 97 റണ്‍സെടുത്ത പന്തിനെ നഥേന്‍ ലിയോണ്‍ കമ്മിന്‍സിന്റെ കയ്യിലെത്തിക്കുകയായിരുന്നു. പിന്നാലെ പന്തിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്ന പുജാരയും ക്രീസുവിട്ടു. 77 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന.

പുജാരയുടെ പുറത്താകലോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലാകുകയായിരുന്നു. എന്നാല്‍ പ്രിതിസന്ധി ഘട്ടങ്ങളിലാണ് യഥാര്‍ഥ ഹീറോകള്‍ ഉണ്ടാകുന്നതെന്ന മട്ടിലായിരുന്നു ക്രീസിലുണ്ടായിരുന്ന ഹനുമാ വിഹാരിയുടെയും ആര്‍ അശ്വിന്റെയും ബാറ്റിംഗ്. ഇനി ഓസീസിന് ഒരു വിക്കറ്റ് നല്‍കില്ലായെന്ന് ഉറപ്പിച്ച് ഇരുവരും ബാറ്റേന്തിയപ്പോള്‍ ഇന്ത്യയ്ക്ക് സ്വന്തമായത് കൈവിട്ട് പോയ ഒരു മത്സരം കൂടിയായിരുന്നു. 161 പന്തില്‍ നേരിട്ട വിഹാരി 23 റണ്‍സ് നേടിയപ്പോള്‍ അശ്വന്‍ 128 പന്തില്‍ നിന്ന് 39 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

മൂന്നാം ടെസ്റ്റിലെ സമനിലയോടെ നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. ഇതോടെ അവസാന മത്സരം ഇന്ത്യയ്ക്കുെം ഓസ്ട്രേലിയക്കും നിര്‍ണായകമാണ്.