Web Desk

ബ്രിസ്‌ബേന്‍

January 19, 2021, 1:08 pm

തീപ്പന്തമായി പന്ത്, ഇന്ത്യക്ക് പരമ്പര; കങ്കാരുക്കള്‍ക്കിത് നാണക്കേടിന്റെ കഥ

Janayugom Online

ബോര്‍ഡര്‍ — ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. ഗാബ ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നിര്‍ണായക ഘട്ടത്തില്‍ ഉത്തരവാദിത്തത്തോടെ ബാറ്റേന്തിയ റിഷഭ് പന്താണ് ഇന്ത്യക്ക് മൂന്ന് വിക്കറ്റ് ജയം സമ്മാനിച്ചത്. 188 പന്തില്‍ 89 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന.

ജയത്തോടെ ഇന്ത്യ രണ്ടാം തവണയാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. വിരാട് കോലി, ബുമ്ര, ഷമിയുള്‍പ്പെടെയുള്ള താരനിരയില്ലാഞ്ഞിട്ടും വിജയം സ്വന്തമാക്കാനായി എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. കൂടാതെ ഗാബയിലെ ടെസ്റ്റ് ചരിത്രത്തില്‍ ടീം ഇന്ത്യയുടെ ആദ്യ ജയമാണിത്. ഗാബയില്‍ 32 വര്‍ഷത്തിന് ശേഷം ഓസീസ് തോല്‍വിയറിഞ്ഞു എന്നതും ഇന്ത്യന്‍ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.

നേരത്തെ നാലാം ദിനത്തെ സ്‌കോറായ നാല് റണ്‍സിനോട് 14 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പതിയെ നിലയുറപ്പിക്കാന്‍ ശ്രമിച്ച രോഹിത് ശര്‍മയെ പാറ്റ് കമ്മിന്‍സ് ടിം പെയിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 21 പന്തില്‍ വെറും ഏഴ് റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലൊന്നിച്ച ശുഭ്മാന്‍ ഗില്ല് ചെതേശ്വര്‍ പുജാര സഖ്യമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. പുജാര ഒരു വശത്ത് നിലയുറച്ചപ്പോള്‍ ശുഭ്മാന്‍ ഗില്‍ വേഗത്തില്‍ സ്‌കോര്‍ കണ്ടെത്തി മുന്നേറി. ഇതിനിടയില്‍ ഇന്ത്യന്‍ സ്‌കോര്‍ 60 പിന്നിട്ടപ്പോള്‍ തന്നെ ഗില്‍ തന്റെ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി.

സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി മുന്നേറുകയായിരുന്ന ഈ സംഖ്യത്തെ പൊളിച്ചത് ഓസീസ് സ്പിന്നര്‍ നേതന്‍ ലിയോണാണ്. തന്റെ ആദ്യ സെഞ്ചുറിക്ക് വെറും ഒന്‍പത് റണ്‍സ് അകലെയാണ് ഗിലിനെ സ്മിത്തിന്റെ കൈകളിലെത്തിച്ച് ലിയോണ്‍ ഓസീസിന് ബ്രേക്ക്ത്രൂ നല്‍കിയത്. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ രഹാനെ 22 പന്തില്‍ 24 റണ്‍സെടുത്തു. പാറ്റ് കുമ്മിന്‍സാണ് വിക്കറ്റ് നേടിയത്. 

സ്‌കോര്‍ 228 ല്‍ നില്‍ക്കെ പുജാരയെയും ഇന്ത്യക്ക് നഷ്ടമായി. 211 പന്തില്‍ 56 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന. അതിനുശേഷം ക്രീസിലെത്തിയ മായങ്കിനും ഇന്ത്യയെ വിജയതീരത്തേക്കെത്തിക്കാനായില്ല. വെറും ഒന്‍പത് റണ്‍സായിരുന്നു മായങ്ക് നേടിയത്. ആ സമയവും കരുതലോടെ ബാറ്റേന്തിയ റിഷഭ് പന്ത് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. വിജയത്തിന് തൊട്ടരികെ വാഷിംഗ്ടണ്‍ സുന്ദറിനെയും ഇന്ത്യക്ക് നഷ്ടമായി. 29 പന്തില്‍ നിന്ന് 22 റണ്‍സാണ് വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയത്. പിന്നാലെയെത്തിയ ശാര്‍ദുല്‍ താക്കൂറിന് വെറും രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. ഒടുവില്‍ 18 പന്തുകള്‍ ബാക്കി നിര്‍ത്തി ഫോറിലൂടെ പന്ത് ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു.