June 26, 2022 Sunday

എറിഞ്ഞൊതുക്കലും അടിച്ച് പറത്തലും; ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

By Janayugom Webdesk
January 26, 2020

ന്യൂസിലാന്റിനെതിരായ രണ്ടാം ട്വന്റി20 യിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിനെ ഇന്ത്യന്‍ ബൗളറന്മാര്‍ എറിഞ്ഞൊതുക്കിയപ്പോള്‍ ഇവരുയര്‍ത്തിയ 133 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ഏഴ് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ഇതോടെ അഞ്ച് മത്സരമുള്ള പരമ്പരയില്‍ ഇന്ത്യ 2–0 ന് മുന്നിലെത്തി.

പതിവ് പോലെ തന്നെ കെ എല്‍ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും മികവിലാണ് ഇന്ത്യ വിജയ തീരത്തെത്തിയത്. സ്‌കോര്‍ എട്ടില്‍ നില്‍ക്കെതന്നെ ഓപ്പണര്‍ രോഹിത് ശര്‍മയെ ഇന്ത്യയ്ക്ക നഷ്ടമായി. പിന്നാലെ എത്തിയ കോലിയ്ക്കും നിലയുറപ്പിക്കാനായില്ല. 12 പന്തില്‍ നിന്ന 11 റണ്‍സ് നേടി കോലിയും കൂടാരം കയറി. എന്നാല്‍ ശ്രേയസ് അയ്യരെയും കൂട്ട് പിടിച്ച് രാഹുല്‍ കിവീസ് ബൗളറന്മാരെ കണക്കിന് തല്ലിച്ചതച്ചു. ജയത്തിന് എട്ട് റണ്‍സ് അകലെ ശ്രേയസിനെ നഷ്ടമായെങ്കിലും ശിവം ദുബെയും രാഹുലും ഇന്ത്യയെ അനായാസം ജയത്തിലെത്തിച്ചു. രാഹുല്‍ 50 പന്തില്‍ 57 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ശ്രയസ് 33 പന്തില്‍ 44 റണ്‍സ് നേടി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസ് ഓപ്പണറന്മാരായ മാര്‍ട്ടില്‍ ഗപ്ടിലിന്റെയും കോളിന്‍ മണ്‍റോ എന്നിവരുടെ മികവില്‍ മുന്നോട്ട കുതിച്ചെങ്കിലും കൃത്യസമയത്ത് ഇന്ത്യന്‍ ബൗളറന്മാര്‍ ഈ റണ്ണൊഴുക്കിന് തടയിടുകയായിരുന്നു. സോകര്‍ 48 ല്‍ നില്‍ക്കെ മാര്‍ട്ടില്‍ ഗുപ്ടിലിനെ ശാര്‍ദുല്‍ ടാക്കൂര്‍ കോലിയുടെ കൈയ്യിലെത്തിച്ചു. പിന്നീട് കിവീസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ അവരുടെ സ്‌കോറിംഗ് വേഗതയും സാവധാനമായി. ഒടുവില്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സിന് ന്യൂസിലാന്റിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.

33 റണ്‍സ് വീതമെടുത്ത ടിം സീഫെര്‍ട്ട് , മാര്‍ട്ടിന്‍ ഗപ്ടില്‍ എന്നിവരാണ് ഈ നിരയിലെ ടോപ് സ്‌കോറന്മാര്‍. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ടും ശിവം ദുബെ, ജസ്പ്രിത് ബുംമ്ര, ശാര്‍ദുല്‍ താക്കൂര്‍ എ്രന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.