Web Desk

ഹാമിൽട്ടൺ

January 29, 2020, 9:10 am

ജയിച്ചാൽ ചരിത്രനേട്ടം: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 ഇന്ന്

Janayugom Online

ന്യൂസിലൻഡിനെതിരെയുളള മൂന്നാമത്തെ ട്വന്റി20 മത്സരം ഇന്ന് നടക്കുമ്പോൾ ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രനേട്ടമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻമാരാണെങ്കിലും ന്യൂസിലൻഡ് മണ്ണിൽ ഇതുവരെ ഒരു ട്വന്റി20 പരമ്പര ഇന്ത്യ നേടിയിട്ടില്ല. ഈ ചീത്തപേര് ഒഴിവാക്കാനാകും ഇന്ത്യ ഇന്ന് ഹാമിൽട്ടണിൽ ഇറങ്ങുന്നത്. അഞ്ച് പരമ്പരയുളള ട്വന്റി20 മത്സരത്തിൽ ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച് നിൽക്കുകയാണ് ഇന്ത്യ. ജയിച്ചാല്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 3–0ന്റെ അപരാജിത ലീഡ് കൈക്കലാക്കാന്‍ ഇന്ത്യക്കു കഴിയും. മറുഭാഗത്ത് ജയിച്ചേ തീരൂവെന്ന വെല്ലുവിളിയോടെയാണ് കിവീസ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറങ്ങുന്നത്.

മാറ്റങ്ങളോടെയാകും ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുക എന്നാണ് സൂചന. ഓപ്പണിംഗില്‍ രോഹിത് ശര്‍മ കഴി‌ഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും കെ എല്‍ രാഹുലിന്റെ ഫോം ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. രോഹിത്-രാഹുല്‍ സഖ്യം തന്നെയാകും മൂന്നാം മത്സരത്തിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. വണ്‍ ഡൗണില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി മനീഷ് പാണ്ഡെയും എത്തും. ആറാം നമ്പറില്‍ ശിവം ദുബെ ഇറങ്ങുമ്പോള്‍ ഏഴാമനായി രവീന്ദ്ര ജഡേജ എത്തും. ബൗളിംഗിലാണ് ഇന്ത്യ ഏക മാറ്റം വരുത്താനുള്ള സാധ്യതയുള്ളത്. ആദ്യ രണ്ട് കളികളിലും ഒട്ടേറെ റണ്‍സ് വഴങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം നവദീപ് സെയ്നിയെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. പേസിന്റെ കുന്തമുനയായി ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും തന്നെ ടീമിൽ തുടരും.

ഹാമില്‍ട്ടണിലെ സെഡന്‍ പാര്‍ക്കിലെ പിച്ച് നല്ല ബൗണ്‍സുള്ളതായതിനാല്‍ സ്‌ട്രോക്ക് പ്ലെയേഴ്‌സിന് തിളങ്ങാന്‍ കഴിയും. ന്യൂസിലാന്‍ഡിലെ മറ്റു ഗ്രൗണ്ടുകളെപ്പോലെ ഈ ഗ്രൗണ്ടും വലിപ്പം കുറഞ്ഞതാണ്. അതുകൊണ്ടു തന്നെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് സ്‌കോര്‍ പ്രതിരോധിച്ചു ജയിക്കുക എളുപ്പമാവില്ല. ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ ആദ്യം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.

അതേസമയം, ന്യൂസിലാന്‍ഡ് ടീമില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ബ്ലെയര്‍ ടിക്ക്‌നര്‍ക്കു പകരം സ്‌കോട്ട് ക്യുഗെലൈനും ഇഷ് സോധിക്കു പകരം ഡാരില്‍ മിച്ചെലും ടീമിലെത്തിയേക്കും. ഓക്‌ലൻഡിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ജയം ആധികാരികമായിരുന്നു. സെഡൻ പാർക്കിലും അതേ മികവ് തുടരുന്ന ഇന്ത്യയുടെ മുന്നിലുള്ളത് ഇതുവരെ എത്തിപ്പിടിക്കാൻ സാധിക്കാതെ പോയൊരു നേട്ടമാണ്. 2008–2009 പരമ്പരയിൽ 0–2നായിരുന്നു ഇന്ത്യയുടെ തോൽവി. കഴിഞ്ഞ വർഷം ഇന്ത്യ ഒരു മത്സരം ജയിച്ചെങ്കിലും രണ്ട് മത്സരങ്ങൾ ജയിച്ച ന്യൂസിലൻഡ് പരമ്പര സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ വിജയക്കുതിപ്പ് തുടരുകയാണ്. കളിച്ച അഞ്ച് ട്വന്റി20 പരമ്പരകളിൽ ഒന്നിൽ പോലും ഇന്ത്യ പരമ്പര കൈവിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരെ 1–1ന് പരമ്പര സമനിലയിൽ അവസാനിച്ചത് മാറ്റിനിർത്തിയാൽ എല്ലാ പരമ്പരകളിലും ഇന്ത്യയ്ക്ക് തന്നെയായിരുന്നു ജയം.

YOU MAY ALSO LIKE THIS VIDEO