Web Desk

January 29, 2020, 5:21 pm

ഹിറ്റ്മാന്‍ ‘സൂപ്പര്‍‘മാനായി; ഇന്ത്യക്ക് പരമ്പര

Janayugom Online

ഹാമില്‍ട്ടണ്‍: സൂപ്പര്‍ ഓവറില്‍ കിവികളെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് പരമ്പരനേട്ടം. 180 റണ്‍സ് പിന്തുടര്‍ന്ന കിവീസിന്റെ ഇന്നിംഗ്‌സ് 179 ല്‍ അവസാനിച്ചപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. സൂപ്പര്‍ ഓവര്‍ കളിക്കാനെത്തിയ മാര്‍ട്ടിന്‍ ഗപ്ടിലിനും കെയ്ന്‍ വില്യംസണിനുമെതിരെ ആരെക്കൊണ്ട് പന്തെറിയിക്കണമെന്ന് കോലിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ക്യാപ്റ്റനെ വിശ്വസിച്ച് പന്തെറിയാനെത്തിയ ബുംമ്ര ഈ ഓവറില്‍ വിട്ട് നല്‍കിയത് 17 റണ്‍സ്. 18 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും. എറിയാനെത്തിയത് ടിം സൗത്തിയും. ആദ്യ പന്തുകളില്‍ മെല്ല കളിച്ച ഇന്ത്യയ്ക്ക് അവസാന രണ്ട് പന്തില്‍ വേണ്ടിയിരുന്നത് 10 റണ്‍സ്. എന്നാല്‍ ആ രണ്ട് പന്തും നിലം തൊടീക്കാതെ ഗ്യാലറിയിലെത്തിച്ച് രോഹിത് ഇന്ത്യയെ ജയത്തിലെത്തിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ രോഹിത് ശർമ്മയും(65) വിരാട് കോലിയുമാണ്(38) ഇന്ത്യക്കുവേണ്ടി തിളങ്ങിയത്. ആദ്യ വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർത്തു.

ആദ്യം ലോകേഷ് രാഹുലും(19 പന്തിൽ 27) വൈകാതെ ടോപ് സ്കോറർ രോഹിത് ശർമ്മയും(40 പന്തിൽ 65) പുറത്തായി. ഇതിനിടെ മൂന്നു സിക്സും ആറ് ഫോറും രോഹിത് ശർമ്മ പറത്തി. മൂന്നാമനായിറങ്ങിയ ശിവം ദുബെ(3) നിരാശപ്പെടുത്തി. 27 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിക്കും സ്‌കോര്‍ ഉയര്‍ത്താനായില്ല. 16 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യര്‍ക്ക് നേടാനായത് 17 റണ്‍സ് മാത്രം. ആറു പന്തില്‍ നിന്ന് 14 റണ്‍സെടുത്ത മനീഷ് പാണ്ഡെയും അഞ്ചു പന്തില്‍ നിന്ന് 10 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു. ടിം സൗത്തി എറിഞ്ഞ അവസാന ഓവറില്‍ ഇരുവരും രണ്ടു സിക്‌സടക്കം 18 റണ്‍സ് സ്വന്തമാക്കി.

കിവീസിനായി ഹാമിഷ് ബെന്നെറ്റ് നാല് ഓവറില്‍ 54 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. അതേസമയം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 13.6 ഓവറിൽ 110 ന് 3 വിക്കറ്റ് നഷ്ടത്തിൽ കളി തുടരുകയാണ്. ഷാർദുൽ താക്കൂർ, യുസ്വേന്ദ്ര ചഹൽ, രവീന്ദ്ര ജഡേജ എന്നിവർ ഒരോ വിക്കറ്റ് വീതം തേടി.