ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായ സന്നാഹ മത്സരം ഇന്ന് ആരംഭിക്കും. ഇന്ത്യയും ന്യൂസിലന്‍ഡ് ഇലവനും തമ്മിലുള്ള ത്രിദിന സന്നാഹ മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് തുടങ്ങുന്നത്. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് ഇരുടീമും ഏറ്റുമുട്ടുന്നത്. ഈ മാസം 21ന് ആണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇന്ത്യയെ സംബന്ധിച്ച് തയ്യാറെടുക്കാന്‍ ഇതിനേക്കാള്‍ മികച്ചൊരു സന്നാഹ മല്‍സരം ലഭിക്കാനില്ല. കാരണം ന്യൂസിലാന്‍ഡിന്റെ സീനിയര്‍ ടീമിലെയും എ ടീമിലെയും പ്രമുഖ താരങ്ങളെല്ലാം സന്നാഹത്തില്‍ ഇറങ്ങുന്നുണ്ട്.
ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട യുവ ബാറ്റ്സ്മാന് ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യ സന്നാഹത്തില്‍ ഇറക്കാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യ എയ്ക്കു വേണ്ടി ന്യൂസിലന്‍ഡ് എയ്ക്കെതിരേ ഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. അനൗദ്യോഗിക ടെസ്റ്റില്‍ ഓരോ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും ഫിഫ്റ്റിയും താരം നേടിയിരുന്നു. ഗില്ലിനെക്കൂടാതെ പൃഥ്വി ഷായ്ക്കും ഇന്ത്യ സന്നാഹത്തില്‍ അവസരം നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഓപ്പണര്‍മാരായി ആരെ ഇറക്കുമെന്നതാണ് ചോദ്യം.
മായങ്ക് അഗര്‍വാള്‍ ഒരു ഓപ്പണറാവുമെന്നുറപ്പാണ്. താരത്തിന്റെ പങ്കാളിയായി പൃഥ്വി, ഗില്‍ ഇവരില്‍ ആരെ കളിപ്പിക്കുമെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. അതേസമയം തിരിച്ചുവരവിന് തയ്യാറെടുക്കുന്ന ഇന്ത്യൻ പേസർ ഇഷാന്ത് ശർമ നാളെ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ശാരീരികക്ഷമതാ പരിശോധനയ്ക്ക് വിധേയനാവും. ശാരീരിക ക്ഷമത തെളിയിച്ചാൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് വേണ്ടി ഇഷാന്തിന് കളിക്കാൻ സാധിക്കും. കഴിഞ്ഞമാസം 21ന് വിദർഭയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് 31കാരനായ ഇശാന്തിന്റെ കാല്‍ക്കുഴയ്ക്ക് പരുക്കേറ്റത്. വിദര്‍ഭയുടെ രണ്ടാം ഇന്നിംഗ്സിലെ അഞ്ചാം ഓവറില്‍ കാല്‍വഴുതി വീണ ഇശാന്ത് സപ്പോര്‍ട്ട് സ്റ്റാഫിന്റെ സഹായത്തോടെയാണ് മൈതാനത്തിന് പുറത്തുപോയത്. വിര്‍ഭയുടെ ആദ്യ ഇന്നിംഗ്സില്‍ 45 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയിരുന്നു താരം.
English Summary: India vs New Zealand Warm up game
YOU MAY ALSO LIKE THIS VIDEO