ഓക്ലാന്റിൽ നടന്ന ഇന്ത്യ ന്യൂസിലന്‍ഡ് ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് ജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 204 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റും ആറ് പന്തും ശേഷിക്കേ മറികടന്നു. സ്കോര്‍: ന്യൂസിലാന്‍ഡ്: 203/5 (20 ഓവര്‍). ഇന്ത്യ: 204/4 (19 ഓവര്‍).
ഇന്നിങ്സ് തുടക്കത്തില്‍ തന്നെ ഏഴ് റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ക്യാപ്റ്റന്‍ വിരാട് കോലിയും കെ.എല്‍. രാഹുലും ചേര്‍ന്ന് റൺസ് അടിച്ചുകൂട്ടി. കെഎല്‍ രാഹുല്‍ (56), വിരാട് കോഹ്ലി (45) എന്നിവര്‍ അടുത്തടുത്ത് പുറത്തായത് തിരിച്ചടിയായി. 32 പന്തില്‍ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു വിരാടിന്റെ ഇന്നിങ്സ്. മാര്ട്ടിന് ഗപ്റ്റിലിന്റെ ഡൈവിങ് ക്യാച്ചില്‍ കോലി പുറത്തായി. പിന്നാലെ ഒമ്പതു പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ശിവം ദുബെ പെട്ടെന്ന് മടങ്ങിയെങ്കിലും ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. മൂന്ന് അര്‍ധ സെഞ്ച്വറികളുമായി കിവീസ് കാഴ്ചവെച്ച ബാറ്റിങ്ങാണ് വമ്പന്‍ സ്കോറിലേക്ക് അവരെ എത്തിച്ചത്. പന്തുകള്‍ നേരിട്ട കോളിന് മണ്‍റോ ആറു ഫോറും രണ്ടു സിക്സും സഹിതം 59 റണ്‍സെടുത്തു.