ഇത് ചാണക്യ തന്ത്രം; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാമത്

Web Desk
Posted on October 06, 2019, 2:51 pm

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. 203 റണ്‍സിനാണ് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കിയത്. 395 റണ്‍സ് വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് 191 ല്‍ അവസാനിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

സ്‌കോര്‍ : ഇന്ത്യ502/7 d, 323/4 d. ദക്ഷിണാഫ്രിക്ക431,191.

വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ ഷമിയും ജഡേജയും ചേര്‍ന്ന് എറിഞ്ഞൊതുക്കുന്ന കാഴ്ചയാണ് ഇന്ന് കളത്തില്‍ കണ്ടത്. 107 പന്തില്‍ 56 റണ്‍സ് നേടിയ ഡെയ്ന്‍ പിഡെറ്റ് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. 70 റണ്‍സിനിടയില്‍ എട്ടു വിക്കറ്റ് നഷ്ടമായി തകര്‍ച്ചയിലായിരുന്ന ദക്ഷിണാഫ്രിക്കയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് വാലറ്റമാണ്. ഇതോടെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1–0ത്തിന് മുന്നിലെത്തി.

ഒരു പക്ഷേ സമനിലയില്‍ ഒതുങ്ങുമായിരുന്ന മത്സരത്തെയാണ് ഇന്ത്യ സ്വന്തമാക്കിയതെന്നത് ശ്രദ്ദേയമാണ്. ദക്ഷിണാഫ്രിയ്ക്കയുടെ ആദ്യ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ വെറും 71 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് ലീഡ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത് വിജയിക്കണമെന്ന് ഉറപ്പിച്ച് തന്നെയായിരുന്നു. തുടക്കത്തിലെ രോഹിത് ശര്‍മ്മയുടെ ആക്രമിച്ചുള്ള കളി ഇന്ത്യന്‍ സ്കോറിന് വേഗതയേറ്റി. പിന്നാലെയെത്തിയ പുജാര രോഹിതിന് പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് കുതിച്ചു.  സ്കോര്‍ നാലിന്  323 എന്ന നിലയില്‍ നിക്കെയാണ് ഇന്ത്യ ഡിക്ലെയര്‍ ചെയ്ത് ദക്ഷിണാഫ്രിയിക്കയെ ബാറ്റിംഗിനയച്ചത്. വിജയം ലക്ഷ്യം വെച്ച് കൊണ്ട് തന്നെയാരിന്നു കോലിയുടെ ഈ തീരുമാനം.

രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങി നാല് റണ്‍സിനിടയില്‍ ആദ്യ വിക്കറ്റുപോയ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നീട് തകര്‍ച്ചയില്‍ നിന്ന് കര കയറാനായില്ല. തുടരെ തുടരെ  ഷമി സ്റ്റന്പുകള്‍ ഇളക്കിയപ്പോള്‍ ജഡേജ ബാറ്റ്സ്മാന്‍മാരെ വിക്കറ്റിന് മുന്നില്‍ കുരുക്കി. ആറു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഒമ്പതാം വിക്കറ്റില്‍ സെനൂരന്‍ മുത്തുസാമിയും ഡെയ്ന്‍ പിഡെറ്റും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 91 റണ്‍സാണ് ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്. മുത്തുസാമി 49 റണ്‍സുമായി പുറത്താകാതെ നിന്നു. പിഡെറ്റ് 107 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സ് നേടി.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ 431 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 71 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു.