ഗുവാഹത്തി: ഇന്ത്യക്കെതിരെ നടക്കുന്ന ക്രിക്കറ്റ് പരമ്പരക്കുള്ള ശ്രീലങ്കന്‍ ടീം ഗുവാഹത്തിയിലെത്തി. പുതുവര്‍ഷം പിറന്നതിനു ശേഷം നടക്കുന്ന ഇരുടീമുകളുടെയും ആദ്യമത്സരമായതിനാല് മത്സരം കനക്കുമെന്ന പ്രതീക്ഷതയിലാണ് ഇരു ടീമിന്റെയും ആരാധകര്‍. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ മുന്‍നിര്‍ത്തി കനത്ത സുരക്ഷയാണ് ലങ്കന്‍ ടീമിനു ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ചയാണ് ആദ്യ ടി20 മത്സരം .ലങ്കന്‍ ടീം മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യയില്‍ കളിക്കുന്നത്.
ഇന്ത്യ, ലങ്ക ടീമുകള്‍ക്കു പരിശീലനം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ലങ്കന്‍ ടീമായിരിക്കും ആദ്യം പരിശീലനത്തിലേര്‍പ്പെടുക. അതിനു ശേഷം വൈകീട്ടായിരിക്കും ഇന്ത്യയുടെ പരിശീലന സെഷനെന്നു അസ്സം ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അസ്സമില്‍ ശക്തമായ പ്രതിഷേധമാണ് നടന്നു കൊണ്ടിരിക്കുന്നത്. തുടര്‍ന്നു ഇവിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇവിടെ നടക്കാനിരുന്ന രഞ്ജി ട്രോഫി, അണ്ടര്‍ 19 മല്‍സരങ്ങള്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ്വെന്ന് അസ്സം ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ദേവജിത്ത് സെയ്ക്കിയ പറഞ്ഞു. സംസ്ഥാനത്തു പഴയപോലെ വീണ്ടും ടൂറിസം മേഖല സജീവമായിക്കഴിഞ്ഞു. ജനുവരി 10 മുതല്‍ അസ്സാമില്‍ വച്ച് നടക്കാനിരിക്കുന്ന ഖേലോ ഇന്ത്യ ഗെയിംസിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ് . ഏകദശം ഏഴായിരത്തോളം കായിക താരങ്ങള്‍ മീറ്റില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ മറ്റേതൊരു സ്ഥലത്തെയും പോലെ ഇപ്പോള്‍ അസ്സമും സുരക്ഷിതമാണ്. മികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. 39,500 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ബറസ്പര സ്റ്റേഡിയത്തില്‍ 27,000 ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞതായും സെയ്ക്കിയ പറഞ്ഞു. ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ഇന്ത്യ ഇനി നടക്കാനിരിക്കുന്ന ഓരോ ടി20യെയും നോക്കിക്കാണുന്നത്. ലോകകപ്പിനു മുമ്പ് എട്ടു ടി20 മല്‍സരങ്ങളിലാണ് ഇന്ത്യ കളിക്കുക.
ലങ്കയ്ക്കെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ശേഷം ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ അഞ്ചു ടി20കളില്‍ കൂടി ഇന്ത്യ കളിക്കും. ഒക്ടോബര്‍ 24ന് പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം.