ഇന്ത്യൻ ഭരണഘടനാ ശില്പി എന്നതിനൊപ്പം സവർണ മേധാവിത്വത്തിനെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയിലും അടയാളപ്പെട്ട മഹാനാണ് ഡോ. ബി ആർ അംബേദ്കർ. ഭരണഘടനയെക്കുറിച്ച് സംസാരിക്കുമ്പോൾ ബിജെപി ഭരണാധികാരികളും സംഘ്പരിവാർ നേതാക്കളും അംബേദ്കറുടെ മഹത്വം ഉദ്ഘോഷിക്കാറുണ്ട്. എങ്കിലും സവർണാധിപത്യ മനോഭാവത്തോടുള്ള അംബേദ്കറുടെ വിയോജിപ്പ് കാരണം അദ്ദേഹത്തോടുള്ള അവരുടെ ആദരവ് ആത്മാർത്ഥമല്ലാത്തതാണെന്നതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ടാകുന്നുണ്ട്. അംബേദ്കർ പ്രതിമ നിലനിർത്തുന്നതിനുവേണ്ടി പോലും ദളിത് വിഭാഗങ്ങൾക്ക് സർക്കാർ സംവിധാനങ്ങളോട് ഏറ്റമുട്ടുകയും കരിനിയമങ്ങൾ ചാർത്തിയുള്ള നിയമനടപടികളെ നേരിടുകയും ചെയ്യേണ്ടിവരുന്നു. അംബേദ്കർ പ്രതിമ സ്ഥാപിച്ചതിനും നിലവിലുള്ളവ സംരക്ഷിക്കുന്നതിനും വേണ്ടി നിലകൊണ്ട ദളിതർക്കുനേരെ കിരാത നടപടികളുണ്ടായ അര ഡസനോളം സംഭവങ്ങൾ അടുത്തിടെ ഉത്തർപ്രദേശിൽ നിന്നുമാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഝാൻസിയിലെ ജാർബോയിൽ അംബേദ്കർ ജയന്തിയുടെ ഭാഗമായി സ്ഥാപിച്ച പ്രതിമ ആദിത്യനാഥ് സർക്കാരിന്റെ പൊലീസും റവന്യു അധികാരികളും നീക്കം ചെയ്തു. ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തായിരുന്നു പ്രതിമയുടെ സ്ഥാനം. നിയമവിരുദ്ധമായാണ് സ്ഥാപിച്ചതെന്ന് ആരോപിച്ചായിരുന്നു സാമൂഹ്യ നവോത്ഥാന നായകനായ അംബേദ്കറുടെ പ്രതിമ നീക്കിയത്. പ്രതിമ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ 30ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് അലിഗഢിലും സമാനസംഭവമുണ്ടായി. പ്രതിമ നീക്കം ചെയ്യുന്നതിനെ എതിർത്ത ദളിത് വിഭാഗങ്ങളുമായി നേരിയ സംഘർഷവുമുണ്ടായി. സിതാപൂരിനടുത്ത വിഭ്രപുര എന്ന സ്ഥലത്ത് മാർച്ച് 12നാണ് അംബേദ്കറുടെയും ശ്രീബുദ്ധന്റെയും പ്രതിമ സ്ഥാപിച്ചത്. ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടപ്പോൾ മറ്റൊരിടത്തേക്ക് മാറ്റിക്കൊള്ളാമെന്ന് ഉറപ്പ് നൽകിയിരുന്നു.
അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെ വൻ സന്നാഹത്തോടെയെത്തിയ ഉദ്യോഗസ്ഥ സംഘം പ്രതിമകൾ നീക്കം ചെയ്യുകയായിരുന്നു. സ്ഥലത്ത് സംഘർഷം സൃഷ്ടിക്കുവാൻ ഒരു വിഭാഗം ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രദേശവാസിയായ ഒരാൾ നൽകിയ പരാതിയെത്തുടർന്ന് കേസുമെടുത്തിട്ടുണ്ട്. ലഖ്നൗവിനടുത്ത ഖന്തരിയിൽ പ്രതിമ നീക്കാനുള്ള ശ്രമത്തിനിടെ സംഘർഷമുണ്ടാവുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്രാമസഭ സ്ഥാപിച്ച അംബേദ്കർ പ്രതിമയാണ് നീക്കിയത്. ഇതിനെല്ലാം പുറമേയാണ് സമോഗര ഗ്രാമത്തിൽ അംബേദ്കറുടെ പ്രതിമ നീക്കുന്നതിനിടെയുണ്ടായ സംഘർഷത്തിന്റെ പേരിൽ സ്ത്രീകളുൾപ്പെടെയുള്ള 12 പേർക്കെതിരെ വധശ്രമത്തിനും തിരിച്ചറിയാത്ത 30 പേർക്കെതിരെ മറ്റ് കുറ്റങ്ങൾ ചുമത്തിയും കേസെടുത്തിരിക്കുന്നത്. അംബേദ്കറോടുള്ള ആദരവിന്റെ കാര്യത്തിൽ മാത്രമല്ല ദളിത് വിഭാഗങ്ങളോടുള്ള സമീപനകാര്യത്തിലും ബിജെപിയുടെ സവർണ മനോഭാവം വ്യക്തമാണ്. പൊതുവേ ഹിന്ദു മതവിശ്വാസികൾ എന്ന ധ്വനിയിലാണ് സംഘ്പരിവാർ നിലപാടുകളെങ്കിലും അതിൽ സവർണാധിപത്യ ബോധ്യം അടയിരിപ്പുണ്ടെന്നത് സ്പഷ്ടമാണ്. അതിന്റെ ഫലമായാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദളിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതും അതിനോട് മൃദുസമീപനം സ്വീകരിക്കുന്നതും. ഉത്തരേന്ത്യയുടെ പല പ്രദേശങ്ങളിലും ദളിത് വിഭാഗങ്ങൾക്ക് ഹൈന്ദവ ആചാരപ്രകാരമുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനോ വിവാഹ ഘോഷയാത്രകൾ നടത്തുന്നതിനോ സാധിക്കാത്ത സ്ഥിതിയാണ്. അഥവാ അതിന് തുനിയുകയാണെങ്കിൽ സവർണ വിഭാഗത്തിൽ നിന്ന് കായികമായ അതിക്രമങ്ങൾ നേരിടേണ്ടിവരികയും ചെയ്യുന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ തുടങ്ങി ബിജെപി ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ ദിനംപ്രതിയുണ്ടാകുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മധ്യപ്രദേശിൽ ടികാംഗഢ് ജില്ലയിലെ മൊഖ്റ ഗ്രാമത്തിൽ വിവാഹ ഘോഷയാത്രയ്ക്കിടെ ദളിത് യുവാവിനെ ആക്രമിച്ചത്. ഘോഷയാത്രയിൽ കുതിരപ്പുറത്തേറി സഞ്ചരിച്ചതിനാണ് യുവാവിനെ മർദിച്ചത്. തങ്ങളുടെ പ്രദേശത്തുകൂടി പോകരുതെന്നാക്രോശിച്ച് ഒരു സംഘം ഘോഷയാത്ര തടയുകയും ആക്രമിക്കുകയുമായിരുന്നു. ചെരുപ്പ് ധരിച്ച് സഞ്ചരിച്ചതും മർദനകാരണമായി. അഞ്ച് പേർക്ക് സംഭവത്തിൽ പരിക്കേറ്റു. ഹോളി ആഘോഷിച്ചതിന് ഉത്തർപ്രദേശിലെ ഫറൂഖാബാദിലും മഥുരയിലും വിവാഹത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾ നടത്തിയതിന് ആഗ്രയിലെ അസീസ്‌പുരിയിലും ദളിതർക്കുനേരെ അതിക്രമങ്ങളുണ്ടായി. മധ്യപ്രദേശിൽ ദമോഹ്, ഗ്വാളിയോർ, ഗുജറാത്തിലെ ഗാന്ധിനഗർ തുടങ്ങിയ സ്ഥലങ്ങളിൽ വിവാഹം ആഘോഷമായി നടത്തിയതിന് ദളിതർക്കുനേരെ സവർണ വിഭാഗത്തിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞ മാസങ്ങളിൽ ആക്രമണ സംഭവങ്ങളുണ്ടായി. സംഘ്പരിവാര്‍ ഹിന്ദു മതത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടുന്നുവെങ്കിലും ദളിതരെ ഒരു കാതം അകറ്റിയാണ് നിർത്തേണ്ടതെന്ന സവർണ ബോധ്യമാണ് ഇവിടെയെല്ലാം പ്രകടമാകുന്നത്. മനുസ്മൃതി ഉദ്ഘോഷിക്കുന്ന ചാതുർവർണ്യ ആശയത്തിൽ നിന്ന് മാറിനടക്കാൻ തങ്ങൾ തയ്യാറല്ലെന്നതിന്റെ തെളിവായാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവരുടെ ഒത്താശയോടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.