29 March 2024, Friday

Related news

March 28, 2024
March 28, 2024
March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024
March 14, 2024
March 14, 2024

ഇന്ത്യയെ ആഗോള സെെനിക ശക്തിയാക്കും

Janayugom Webdesk
ന്യൂഡല്‍ഹി
October 15, 2021 10:42 pm

ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയെ ആഗോള സെെനിക ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. സ്വന്തം കരുത്തില്‍ ആഗോള സെെനിക ശക്തിയായി മാറുന്നതോടൊപ്പം ആധുനിക തദ്ദേശീയ പ്രതിരോധ വ്യവസായം വികസിപ്പിക്കുകയെന്നതും ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 41 പ്രതിരോധ നിര്‍മ്മാണശാലകളെ ഏഴ് പൊതുമേഖലാ പ്രതിരോധ ഉദ്യമങ്ങ(ഡിപിഎസ്‌യു)ളാക്കി മാറ്റുന്നതിന്റെ ഔപചാരിക പ്രഖ്യാപനത്തിലാണ് രാജ്യത്തിന്റെ സെെനികലക്ഷ്യം പ്രധാനമന്ത്രി വിശദീകരിച്ചത്. ഇന്ത്യന്‍ പ്രതിരോധ മേഖലയെ ലോകത്തിലെ തന്നെ മുന്‍നിര ശ്രേണിയിലെത്തിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്ങ് അഭിപ്രായപ്പെട്ടു. പ്രതിരോധ മേഖലയിലെ രൂപകല്പന, നിർമ്മാണം, കയറ്റുമതി എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയെന്നതാണ് ലക്ഷ്യം. 2024ഓടെ പ്രതിരോധ മേഖലയുടെ മൊത്തം വരുമാനം 1.75 ലക്ഷം കോടിയായി ഉയര്‍ത്തുകയും ലക്ഷ്യമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 

സ്വകാര്യ പങ്കാളിത്തത്തോടെ മേക്ക് ഫോര്‍ ദ വേള്‍ഡ് എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം പ്രതിരോധ മേഖല പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 16ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പ്രതിരോധ വ്യവസായം സംബന്ധിച്ച് വിവാദ തീരുമാനം കെെക്കൊണ്ടത്. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡി(ഒഎഫ്ബി)ന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 41 വ്യവസായശാലകളെയാണ് പുതുതായി രൂപംനല്കിയ ഡിപിഎസ്‌യുവിനു കീഴില്‍ വിഭജിച്ചു നല്കിയിരിക്കുന്നത്. മ്യുനീഷന്‍സ് ഇന്ത്യ ലിമിറ്റഡ്, ആര്‍മേഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡ്, അഡ്വാന്‍സ്ഡ് വെപ്പണ്‍സ് ആന്റ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ്, ട്രൂപ് കംഫര്‍ട്ട്സ് ലിമിറ്റഡ്, യന്ത്ര ഇന്ത്യ ലിമിറ്റഡ്, ഇന്ത്യ ഓപ്‌ടെല്‍ ലിമിറ്റഡ്, ഗ്ലെെഡേഴ്‌സ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് പുതിയതായി രൂപം നല്കിയ ഏഴ് കമ്പനികള്‍. ഒഎഫ്ബിക്ക് ലഭിച്ചിരുന്ന 65,000 കോടി രൂപയുടെ കരാറുകളും 70,000 തൊഴിലാളികളെയും പുതിയ കമ്പനികളിലേക്ക് പുനര്‍വിന്യസിപ്പിക്കും. പുനര്‍വിന്യസിപ്പിക്കപ്പെട്ട തൊഴിലാളികള്‍ക്ക് അര്‍ഹമായ അലവന്‍സുകള്‍ ആദ്യ രണ്ട് വര്‍ഷത്തേക്ക് ലഭ്യമായിരിക്കില്ല. തുടര്‍ന്ന് അവര്‍ നിര്‍ബന്ധിത പിരിച്ചുവിടലിനെ നേരിടേണ്ടിവരുമെന്ന ആശങ്കയും വ്യാപകമാണ്.

ജീവനക്കാർ ചടങ്ങ് ബഹിഷ്‍കരിച്ചു; അഭിനന്ദിച്ച് തൊഴിലാളി സംഘടന

ന്യൂഡല്‍ഹി: ഓര്‍ഡനന്‍സ് ഫാക്ടറി ഉദ്ഘാടന ചടങ്ങ് ബഹിഷ്‍കരിച്ച ജീവനക്കാരെ അഭിനന്ദിച്ച് സംയുക്ത തൊഴിലാളി സംഘടന. നിലവിലെ ജീവനക്കാരും വിരമിച്ചവരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.  ജീവനക്കാരുടെ ആശങ്കകള്‍ പരിഗണിക്കാതെ ഫാക്ടറികള്‍ കെെമാറ്റം ചെയ്യാനുള്ള നടപടി നിര്‍ഭാഗ്യകരമാണെന്നും സിഡിആര്‍എ, എഐഡിഇഎഫ്, ബിപിഎംഎസ്, എഐബിഡിഇഎഫ് എന്നീ സംഘടനകളുടെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും സിഡിആര്‍എ ജനറല്‍ സെക്രട്ടറി വിജയ് പി ദയാനി, എഐഡിഇഎഫ് ജനറല്‍ സെക്രട്ടറി സി ശ്രീകുമാര്‍, ബിപിഎംഎസ് ജനറല്‍ സെക്രട്ടറി മുകേഷ് സിങ്, എഐബിഡിഇഎഫ് ജനറല്‍ സെക്രട്ടറി മുകേഷ് കുമാര്‍ എന്നിവര്‍ കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:India will become a glob­al mil­i­tary power
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.