കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം; പാകിസ്ഥാന്റെ വാഗ്ദാനം വിലയിരുത്തുമെന്ന് ഇന്ത്യ

Web Desk
Posted on August 01, 2019, 7:30 pm

ന്യൂഡല്‍ഹി: മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാമെന്ന് പാകിസ്ഥാന്‍ വാഗ്ദാനം നല്‍കിയതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. പാകിസ്ഥാന്റെ വാഗ്ദാനം വിലയിരുത്തിയ ശേഷം നയതന്ത്ര തലത്തില്‍ തന്നെ മറുപടി നല്‍കുമെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നുണ്ടായ തിരിച്ചടിയെ തുടര്‍ന്നാണ് പാകിസ്ഥാന്റെ ഈ വാഗ്ദാനം.

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടന്ന വാദങ്ങള്‍ക്കൊടുവില്‍ ജൂലൈ 17 ന് ഇന്ത്യക്ക് അനുകൂലമായി വിധി പ്രസ്താവം നടത്തിയിരുന്നു. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പുന:പ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ഇന്ത്യയുടെ നയതന്ത്ര സഹായം ജാദവിന് എത്തിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും നിര്‍ദ്ദേശിച്ചിരുന്നു. ജാദവിന് നയതന്ത്ര സഹായം നിഷേധിച്ചതിലൂടെ വിയന്ന കരാറിന്റെ ലംഘനമാണ് പാകിസ്ഥാന്‍ നടത്തിയതെന്ന ഇന്ത്യയുടെ വാദം അന്താരാഷ്ട്ര നീതി ന്യായ കോടതി അംഗീകരിച്ചിരുന്നു.

അതേസമയം, ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ കാണുന്നതിന് അനുമതി ലഭിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കുല്‍ഭൂഷണെ കാണാനുള്ള അനുമതിയാണ് പാക്കിസ്ഥാന്‍ നല്‍കിയത്. അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഉത്തരവനുസരിച്ചാണ് പാക്കിസ്ഥാന്റെ നടപടി.

പാകിസ്ഥാനിലേക്ക് വിവരങ്ങള്‍ ചോര്‍ത്താന്‍ വന്ന ചാരന്‍ എന്നാരോപിച്ച് 2016 മാര്‍ച്ചില്‍ അറസ്റ്റ്‌ചെയ്ത കുല്‍ഭൂഷണെ 2017 ഏപ്രിലില്‍ പാക് സൈനികക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് 2019 ജൂലൈ 17ന് കുല്‍ഭൂഷന്റെ വധശിക്ഷയെ കുറിച്ച് പുനരാലോചന നടത്താന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതരായിരുന്നു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണണെ കാണാനുള്ള അനുമതി നല്‍കണമെന്നും കോടതി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

ഇത് പ്രകാരമാണ് കുല്‍ഭൂഷണെ കാണാനുള്ള അനുമതി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പാക്കിസ്ഥാന്‍ നല്‍കിയിരിക്കുന്നത്. അതേ സമയം ഇന്ത്യയെ പാക്കിസ്ഥാന്‍ ഈ കാര്യം അറിയിച്ചിട്ടുണ്ടെന്നും നിലപാട് എടുത്തിട്ടില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതി മുന്നോട്ട് വെച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് അനുമതി പരിശോധിച്ച് വരികയാണെന്നും രവീഷ് കുമാര്‍ പറഞ്ഞു.

You May Also Like This: