ഏഷ്യാ കപ്പില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെ നേരിടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഏറെ സമ്മര്‍ദ്ദം നിറഞ്ഞ പാകിസ്ഥാനുമായുള്ള പോരാട്ടത്തില്‍ വിജയിച്ചാണ് ഇന്ത്യയുടെ വരവ്. അതുകൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ച് ഹോങ്കോങ് വലിയ ഒരു എതിരാളിയല്ല. ഈ ടൂര്‍ണമെന്റിലെ ഏറ്റവും കുഞ്ഞന്‍മാരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഹോങ്കോങിനെതിരേ ഒരു അനായാസ വിജയമാണ് രോഹിത് ശര്‍മയും സംഘവും ലക്ഷ്യമിടുന്നത്. മാത്രമല്ല ജയിക്കാനായാല്‍ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സൂപ്പര്‍ ഫോറിലേക്കു മുന്നേറുകയും ചെയ്യും. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയും ഹോങ്കോങും നേര്‍ക്കുനേര്‍ വരുന്നത് ഇത് മൂന്നാം തവണയാണ്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഇരു ടീമുകളും മത്സരിക്കുന്നത് ആദ്യതവണയും. മുമ്പ് രണ്ട് തവണയും ഏകദിനങ്ങളിലാണ് ഇന്ത്യയും ഹോങ്കോങും ഏറ്റുമുട്ടിയത്. രണ്ട് മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2008ലും 2018ലുമായിരുന്നു ഇന്ത്യയും ഹോങ്കോങും ഏറ്റുമുട്ടിയത്. 2018 ഏഷ്യാ കപ്പില്‍ അവസാനമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ 26 റണ്‍സിന് ഇന്ത്യ ജയിച്ചു. അതേസമയം ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ടോപ് ഓര്‍ഡറിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
ഹോങ്കോങിനെതിരേ റിഷഭ് പന്തിനെ കളിപ്പിക്കുകയാണെങ്കില്‍ ആരെ ഒഴിവാക്കുമെന്നതായിയിരിക്കും ഇന്ത്യയുടെ പ്രധാന തലവേദന. സ്പെഷ്യലിസ്സ്റ്റ് ഫിനിഷറായി ടീം കണ്ടു വച്ചിരിക്കുന്ന ദിനേശ് കാര്‍ത്തികിനെ കൈവിടാന്‍ ഇന്ത്യക്കു താല്‍പ്പര്യമുണ്ടാവില്ല. അപ്പോള്‍ പിന്നെ ആരെ ഒഴിവാക്കുമെന്നതാണ് ചോദ്യം. ബൗളര്‍മാരില്‍ വലിയ മാറ്റങ്ങള്‍കൊണ്ട് വരാന്‍ സാധ്യത കുറവാണ്. എങ്കിലും ഹോങ്കോങ്ങിനെതിരെ വിജയിക്കാമെന്ന ഉറച്ച വിശ്വാസവുമായി ഇന്ത്യയിറങ്ങുമ്പോള്‍ ബെഞ്ചിലിരിക്കുന്നവര്‍ക്ക് അവസരമൊരുങ്ങിയേക്കും. ഇന്ത്യ‑പാക് ആവേശ പോരാട്ടത്തില്‍ അവസാന ഓവറിലായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയാണ് പ്രധാനമായും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. കൂടാതെ രവീന്ദ്ര ജഡേജയും വിരാട് കോലിയും ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തി പാകിസ്ഥാന്റെ നടുവൊടിച്ചിരുന്നു.
English summary; India will face Hong Kong today in the Asia Cup
You may also like this video;