ഇന്ത്യക്ക് 2.2 ദശലക്ഷം ഡോളറിന്റെ സഹായം അനുവദിക്കും:എഡിബി

Web Desk

ന്യൂ‍ഡൽഹി

Posted on April 10, 2020, 9:33 pm

കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി മറികടക്കുന്നതിന് ഇന്ത്യക്ക് 2.2 ദശലക്ഷം ഡോളറിന്റെ സഹായം അനുവദിക്കുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എഡിബി) പ്രസിഡന്റ് മസത്സുഗു അസകാവ പറഞ്ഞു. ധനമന്ത്രി നിർമ്മല സീതാരാമനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് എഡിബി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം ലോകബാങ്കും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾ, ചെറുകിട- ഇടത്തരം സംരംഭങ്ങൾ, സാമ്പത്തിക മേഖല എന്നിവ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനാണ് എഡിബിയുടെ ധനസഹായം. ആവശ്യമെങ്കിൽ കൂടുതൽ ധനസഹായം നൽകാനും തയ്യാറാണ്. ഇപ്പോൾ പ്രഖ്യാപിച്ച ധനസഹായം ഉടൻ കൈമാറുമെന്നും മസത്സുഗു അസകാവ പറഞ്ഞു.

ഇന്ത്യയുടെ വളർച്ചാനിരക്ക് 2020 സാമ്പത്തിക വർഷത്തിൽ നാല് ശതമാനമായി കുറയുമെന്ന് എഡിബി നേരത്തെ പറഞ്ഞിരുന്നു. ആഗോളസാമ്പത്തിക വളർച്ച നിരക്കിലെ കുറവ് ഇന്ത്യയുടെ വ്യാപാര വാണിജ്യ മേഖലയെ തകർക്കും. വിനോദസഞ്ചാര മേഖലയിലെ നഷ്ടം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്നാണ് എഡിബിയുടെ വിലയിരുത്തൽ. ചെറുകിട — ഇടത്തരം വ്യവസായ സംരംഭങ്ങൾ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ജീവനോപാധിതന്നെ ഇല്ലാതാക്കും. കഴി‌ഞ്ഞ സാമ്പത്തിക വർഷവും ഇന്ത്യയുടെ വളർച്ച നിരക്ക് അഞ്ച് ശതമാനമായി പരിമിതപ്പെട്ടിരുന്നു. ആഭ്യന്തര- വിദേശ നിക്ഷേപങ്ങളിലുണ്ടായ കുറവ്, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി തുടങ്ങിയവയായിരുന്നു ഇതിനുള്ള പ്രധാനകാരണം.

Eng­lish Sum­ma­ry: India will receive $ 2.2 mil­lion in aid: ADB

You may also like this video