ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 132 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ ലക്ഷ്യത്തിലെത്തി. 34 പന്തില്‍ 79 റണ്‍സെടുത്ത അഭിഷേകാണ് ഇന്ത്യയെ അതിവേഗം ലക്ഷ്യത്തിലെത്തിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ 1–0ന് ഇന്ത്യ മുന്നിലെത്തി.
സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 4.2 ഓവറില്‍ സ്കോര്‍ 41ല്‍ നില്‍ക്കെ സഞ്ജുവിനെ ജോഫ്ര ആര്‍ച്ചര്‍ അറ്റ്കിന്‍സണിന്റെ കൈകളിലെത്തിച്ചു. 20 പന്തില്‍ 26 റണ്‍സെടുത്താണ് താരം മടങ്ങിയത്. മൂന്നാമനായെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് റണ്ണൊന്നുമെടുക്കാതെ മടങ്ങി. എന്നാല്‍ പിന്നീടെത്തിയ തിലക് വര്‍മ്മയെ കൂട്ടുപിടിച്ച് അഭിഷേക് തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ വീണ്ടും കുതിച്ചു. 20 പന്തില്‍ അഭിഷേക് അര്‍ധസെഞ്ചുറി നേടി. 10 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 100 തികച്ചു. വിജയത്തിനരികെ അഭിഷേക് മടങ്ങി. തിലക് വര്‍മ്മ (19), ഹാര്‍ദിക് പാണ്ഡ്യ (മൂന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‍ലർ ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. 44 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 68 റൺസാണ് ബട്ലര്‍ നേടിയത്. ഹാരി ബ്രൂക്ക് (17), ജോഫ്ര ആര്‍ച്ചര്‍ (17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റര്‍മാര്‍.
ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുഹമ്മദ് ഷമിയെ കൂടാതെയാണ് ഇന്ത്യയിറങ്ങിത്. ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽത്തന്നെ ഓപ്പണർ ഫിൽ സാൾട്ടിന്റെ വിക്കറ്റ് നഷ്ടമായി. മൂന്നു പന്തു മാത്രം നേരിട്ട സാൾട്ടിനെ അർഷ്ദീപ് സിങ് വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു. ബെൻ ഡക്കറ്റിനെ തന്റെ അടുത്ത ഓവറിൽ അർഷ്ദീപ് തന്നെ പുറത്താക്കി. പിന്നീട് ക്രീസിൽ ഒരുമിച്ച ബട്‍ലർ –ഹാരി ബ്രൂക്ക് സഖ്യമാണ് ഇംഗ്ലണ്ടിനെ 50 കടത്തിയത്. 28 പന്തുകൾ ക്രീസിൽനിന്ന ബട്‍ലർ–ബ്രൂക്ക് സഖ്യം സ്കോർ ബോർഡിൽ എത്തിച്ചത് 48 റൺസ്. പിടിച്ചു നില്‍ക്കുമെന്ന് കരുതിയ ഹാരി ബ്രൂക്കിനെ(17) വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് കൂട്ടത്തകര്‍ച്ചയിലായി.
ലിയാം ലിവിങസ്റ്റണെ(0) വരുണ്‍ പുറത്താക്കിയപ്പോള്‍ ജേക്കബ് ബേഥലിനെ(14 പന്തില്‍ 7) ഹാര്‍ദിക് പാണ്ഡ്യയും ജാമി ഓവര്‍ടണിനെയും(4 പന്തില്‍ 2) ഗുസ് അറ്റ്കിന്‍സണെയും(13 പന്തില്‍ 2) അക്സര്‍ മടക്കി. മാർക്ക് വുഡി(ഒരു പന്തിൽ ഒരു റൺ)നെ സഞ്ജു റണ്ണൗട്ടാക്കി.
ഇന്ത്യക്കുവേണ്ടി വരുൺ ചക്രവർത്തി മൂന്നും അർഷ്ദീപ് സിങ്ങും ഹർദിക് പാണ്ഡ്യയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഇതോടെ ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ്വേട്ടക്കാരനായി അർഷ്ദീപ് മാറി. 97 വിക്കറ്റാണ് അർഷ്ദീപ് ഇതുവരെ വീഴ്ത്തിയത്. 96 വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹലിന്റെ റെക്കോഡാണ് അർഷദീപ് മറികടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.