Janayugom Online
rohit Sharma

വെസ്റ്റ് ഇന്‍ഡീസിനെ അടിച്ചു തകര്‍ത്ത് ‘ഹിറ്റ്മാന്‍ ഷോ’

Web Desk
Posted on October 29, 2018, 10:33 pm

മുംബൈ: നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 224 റണ്‍സിന്റെ വിജയം. 378 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിനെ 36.2 ഓവറില്‍ 153 റണ്‍സിനു ഓള്‍ഔട്ട് ആക്കിയാണ് ഇന്ത്യയുടെ വമ്പന്‍ ജയം. ഇത്തരത്തിലൊരു തിരിച്ചടി വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും സംഘവും സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല. മൂന്നാം ഏകദിനത്തിലെ അപ്രതീക്ഷിത തോല്‍വിക്ക് മുംബൈയില്‍ ടീം ഇന്ത്യയുടെ ഗംഭീര തിരിച്ചടി കൂടിയായിരുന്നു ഇത്. 224 റണ്‍സ് ജയത്തോടെ അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2–1ന് മുന്നിലെത്തി. കേരളാ പിറവിദിനത്തിലെ കാര്യവട്ടം ഏകദിനം ഇതോടെ ഫൈനലായി മാറി.
പടുകൂറ്റന്‍ സ്‌കോറിലേക്ക് ബാറ്റുവീശിയ വിന്‍ഡീസിന് തുടക്കം തന്നെ പിഴച്ചു. അനാവശ്യ റണ്ണൗട്ടുകളാണ് കരീബിയന്‍ സംഘത്തിന് തിരിച്ചടിയായത്. ഓപ്പണര്‍ കെയ്‌റണ്‍ പവലും (4), സൂപ്പര്‍താരം ഷായ് ഹോപ്പും (പൂജ്യം) റണ്ണൗട്ടാകുകയായിരുന്നു. ഖലീല്‍ അഹമ്മദിന്റെ മികച്ച സ്‌പെല്ലിന്റെ ബലത്തിലാണ് വിന്‍ഡീസിന്റെ നടുവൊടിക്കാന്‍ ഇന്ത്യയ്ക്കായത്. നാല് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടു നല്‍കി ഖലീല്‍ മൂന്ന് വിക്കറ്റാണ് നേടിയത്. കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുമായി ഖലീലിനു മികച്ച പിന്തുണ നല്‍കി. അടുത്തടുത്ത ഓവറുകളില്‍ ഹെറ്റ്‌മെയറെയും റുവാന്‍ പവലിനെയും അഹമ്മദ് തിരിച്ചയച്ചു. പിന്നീടെല്ലാം ചടങ്ങു തീര്‍ക്കലായി മാറി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് നേടി. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടേയും (162) അമ്പാട്ടി റായിഡുവിന്റേയും (100) ബാറ്റിങ്ങില്‍ ഇന്ത്യ വമ്പന്‍ സ്‌കോറാണ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ ഫോമിലേക്കുയരാന്‍ കഷ്ടപ്പെട്ട ഓപ്പണിങ് ജോഡി പന്ത്രണ്ട് ഓവറില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് 38 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ പുറത്തായി. പിന്നാലെ തന്നെ നായകന്‍ വിരാട് കോലി 16 റണ്‍സെടുത്ത് പുറത്തായി.
രോഹിത്തും റായിഡുവും ചേര്‍ന്ന് 211 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് 162 റണ്‍സെടുത്ത രോഹിത് പുറത്തായത്. 137 പന്തുകളില്‍ 20 ഫോറും നാല് സിക്‌സും അടങ്ങിയതായിരുന്നു രോഹിതിന്റെ വെടിക്കെട്ട്. ഇതിനിടയില്‍ റായിഡുവും സെഞ്ച്വറി പൂര്‍ത്തിയാക്കി. 81 പന്തുകളില്‍ എട്ട് ഫോറും നാല് സിക്‌സുമടക്കം 100 റണ്‍സ് നേടിയ റാഡിയും റണ്ണൗട്ടാകുകയായിരുന്നു. ധോണി 23 റണ്‍സെടുത്ത് പുറത്തായി. വിന്‍ഡീസിനായി കെമര്‍ റോച്ച് രണ്ട് വിക്കറ്റെടുത്തു.
വിന്‍ഡീസ് നിരയില്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ മാത്രമാണ് മികവ് പുലര്‍ത്തിയത്. 54റണ്‍സുമായിയി ഹോള്‍ഡര്‍ പുറത്താകാതെ നിന്നു. പരമ്പരയില്‍ 2–1നു മുന്നിലെത്തിയെങ്കിലും തിരുവനന്തപുരം ഏകദിനത്തില്‍ വിജയം നേടാനായാല്‍ വിന്‍ഡീസിനു പരമ്പരയില്‍ ഒപ്പമെത്താനാകും.