August 11, 2022 Thursday

ട്വന്റി 20 പരമ്പരയിൽ വീണ്ടും ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യ

Janayugom Webdesk
വെല്ലിങ്ടൺ
January 31, 2020 9:34 pm

ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ വീണ്ടും സൂപ്പർ ഓവറിൽ ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യ. സൂപ്പര്‍ ഓവറില്‍ 14 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയെ ഒരു പന്ത് ബാക്കിനില്‍ക്കേ വിരാട് കോലിയും സഞ്ജു സാംസണും ചേര്‍ന്ന് വിജയത്തിലെത്തിച്ചു. കെ എല്‍ രാഹുല്‍ മൂന്ന് പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 4–0ന് മുന്നിലെത്തുകയും ചെയ്തു. തോല്‍വിയുടെ വക്കില്‍ നിന്നാണ് ഉജ്ജ്വല തിരിച്ചുവരവ് നടത്തി ഇന്ത്യ മല്‍സരം ടൈയാക്കിയതും തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ വെന്നിക്കൊടി പാറിച്ചതും. ടോസിനു ശേഷം ബാറ്റിങിനിയക്കപ്പെട്ട ഇന്ത്യ 165 റണ്‍സാണ് നേടിയത്. മറുപടിയില്‍ ന്യൂസിലന്‍ഡിനു ഏഴു വിക്കറ്റിന് ഇതേ സ്‌കോര്‍ തന്നെയാണ് നേടാന്‍ കഴിഞ്ഞത്. ഇതോടെ കളി സൂപ്പര്‍ ഓവറിലെത്തി.

നേരത്തേ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയ മല്‍സരത്തില്‍ എട്ടു വിക്കറ്റിനു 165 റണ്‍സാണ് ഇന്ത്യ നേടിയത്. മനീഷ് പാണ്ഡെയുടെ (50*) അപരാജിത ഫിഫ്റ്റിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു മാന്യത നല്‍കിയത്. 36 പന്തില്‍ മൂന്നു ബൗണ്ടറികളോടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ലോകേഷ് രാഹുല്‍ (39), ശര്‍ദ്ദുല്‍ താക്കൂര്‍ (20) എന്നിവരും മോശമല്ലാത്ത പ്രകടനം നടത്തി. ശിവം ദുബെ (12), നായകന്‍ വിരാട് കോലി (11), നവദീപ് സെയ്‌നി (11*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മൂന്നു വിക്കറ്റെടുത്ത സ്പിന്നര്‍ ഇഷ് സോധിയാണ് കിവീസ് ബൗളര്‍മാരില്‍ മികച്ചു നിന്നത്. ഹാമിഷ് ബെന്നറ്റ് രണ്ടു വിക്കറ്റ് വീഴ്ത്തി. അഞ്ചു പന്തില്‍ നിന്ന് ഒരു സിക്സടക്കം എട്ടു റണ്‍സെടുത്ത സഞ്ജുവിനെ സ്‌കോട്ട് കുഗ്ലെയ്നാണ് പുറത്താക്കിയത്. കുഗ്ലെയ്ന്റെ ആദ്യ പന്ത് സിക്സറിന് പറത്തിയ ശേഷമായിരുന്നു സഞ്ജുവിന്റെ പുറത്താകല്‍. മിച്ചെല്‍ സാന്റ്നര്‍ ക്യാച്ചെടുത്തു.

മറുപടി ബാറ്റിങ്ങിൽ മാര്‍ട്ടിന്‍ ഗുപ്‌ടിലിനെ നാലില്‍ നില്‍ക്കേ ബുംറ മടക്കിയെങ്കിലും ഇന്ത്യന്‍ പദ്ധതികള്‍ കോളിന്‍ മണ്‍റോയും ടി സീഫര്‍ട്ടും തകര്‍ത്തു. ഫീല്‍ഡിംഗ് പിഴവുകളും ഇന്ത്യക്ക് തിരിച്ചടിയായി. മണ്‍റോ 47 പന്തില്‍ 64 റണ്‍സെടുത്താണ് മടങ്ങിയത്. ടോം ബ്രുസ് പൂജ്യത്തില്‍ മടങ്ങി. ടിം സീഫര്‍ട്ടും റോസ് ടെയ്‌ലറും ക്രീസില്‍ നില്‍ക്കേ കിവികള്‍ വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ ടെയ്‌ലര്‍(24), ടിം സീഫര്‍ട്ട്(47), ഡാരില്‍ മിച്ചല്‍(4), മിച്ചല്‍ സാന്‍റ്‌നര്‍(2) എന്നിവര്‍ അവസാന ഓവറില്‍ പുറത്തായതോടെ മത്സരം സമനിലയില്‍.

ബുംറയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്തു. ടിം സെയ്‌ഫേര്‍ട്ടും സ്‌കോട്ട് കുഗ്ലെയ്നുമാണ് കിവീസിനായി ഓപ്പണ്‍ ചെയ്തത്. മറുപടിയായി ടിം സൗത്തിയുടെ ആദ്യ രണ്ടു പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 10 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ അടുത്ത പന്തില്‍ പുറത്തായി. അഞ്ചാം പന്തില്‍ ഫോറടിച്ച് ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. രാഹുല്‍ പുറത്തായപ്പോള്‍ കോലിക്കൊപ്പം ക്രീസിലെത്തിയത് സഞ്ജു സാംസണായിരുന്നു.
Eng­lish Sum­ma­ry: India wins twen­ty-20 super over.
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.