ഇന്ത്യയ്ക്ക് ജയം; പരമ്പര

Web Desk
Posted on September 03, 2019, 10:55 am

ജമൈക്ക: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാംടെസ്റ്റില്‍ ഇന്ത്യക്ക് 257 റണ്‍സിന്റെ ജയം. ഇതോടെ രണ്ടുവിജയങ്ങള്‍ നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഹനുമ വിഹാരിയാണ് കളിയിലെ താരം.
രണ്ടിന് 45 എന്ന നിലയില്‍ തിങ്കളാഴ്ച ബാറ്റിങ് തുടര്‍ന്ന വിന്‍ഡീസിന് കാര്യമായൊന്നുംചെയ്യാനായില്ല. അര്‍ധസെഞ്ചുറി നേടിയ ഷംറ ബ്രൂക്‌സ്, ജെറമെയ്ന്‍ ബ്ലാക്ക്വുഡ്, ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ചെറുത്തുനില്‍പ്പ് നടത്തി. ഞായറാഴ്ച ജസ്പ്രീത് ബുംറയുടെ പന്ത് തലയില്‍ക്കൊണ്ട ഡാരെന്‍ ബ്രാവോ തിങ്കളാഴ്ച ബാറ്റിങ്ങിനിറങ്ങിയിരുന്നു.
എന്നാല്‍, വേദന തോന്നിയതോടെ മടങ്ങി. ഇതോടെയാണ് ബ്ലാക്ക്വുഡിന് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. നേരത്തെ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 117 റണ്‍സിന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 299 റണ്‍സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാമത് ബാറ്റുചെയ്ത് നാലിന് 168 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
അജിങ്ക്യ രഹാനെയും, ഹനുമ വിഹാരിയും അര്‍ധ സെഞ്ചുറികളുമായി പുറത്താകാതെ നിന്നു. കെ.എല്‍ രാഹുല്‍ വീണ്ടും പരാജയമായപ്പോള്‍ മായങ്ക് അഗര്‍വാള്‍ വെറും നാലു റണ്‍സുമായി മടങ്ങി. പൂജാര 27 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ കോലിയെ റോച്ച് ആദ്യ പന്തില്‍ തന്നെ മടക്കി. റോച്ച് മൂന്നു വിക്കറ്റ് വീഴ്ത്തി.
ജസ്പ്രീത് ബുംറയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 117 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ ഇന്ത്യ 299 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി