ആധാര്‍ വോട്ടര്‍ പട്ടികയുമായും ബന്ധിപ്പിക്കുന്നു

Web Desk
Posted on August 15, 2019, 11:05 am

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതിന് ആവശ്യമായ നിയമ ഭേദഗതികള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിന് കത്തയച്ചു.

കളളവോട്ട് തടയുന്നതിന് ആധാറും വോട്ടര്‍ പട്ടികയും തമ്മില്‍ ബന്ധിപ്പിക്കുന്നത് സഹായിക്കുമെന്ന് സൂചിപ്പിച്ചാണ് ഈ മാസം 13 ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമ മന്ത്രാലത്തിന് കത്തയച്ചത്. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതികള്‍ വരുത്തണമെന്നതാണ് ആവശ്യം. ആധാറുമായി ബന്ധപ്പെട്ട് 2018ലെ സുപ്രീം കോടതി വിധി അനുസരിച്ച് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന് കഴിയില്ല. തുടര്‍ന്നാണ് പുതിയ ഭേദഗതികള്‍ ആവശ്യപ്പെട്ടുള്ള കത്ത്. വോട്ടര്‍മാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിന് ആധാര്‍ നമ്പറുകള്‍ പരസ്യപ്പെടുത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും ആധാര്‍ കാര്‍ഡ് സുപ്രധാന തിരിച്ചറിയല്‍ രേഖയുമായി മാറ്റാനുള്ള ശ്രമങ്ങള്‍ നേരത്തെത്തന്നെ തുടങ്ങിയിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ആധാറും വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നില്ല.

തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഉയര്‍ന്നുകേള്‍ക്കാറുള്ള കള്ളവോട്ട് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആധാര്‍-വോട്ടേഴ്‌സ് ഐഡി കാര്‍ഡ് ബന്ധനത്തിന് സാധിക്കില്ലേ എന്ന ചോദ്യം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ ഒരു മെല്ലേപ്പോക്ക് വന്നത്. തെരഞ്ഞെടുപ്പിന് മുന്‍പേ നടപടി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ അത് വിജയത്തിന് തിരിച്ചടിയാവുമെന്നുള്ള ഭയമാണ് കേന്ദ്രത്തിനുള്ളതെന്നായിരുന്നു അന്നത്തെ ആരോപണം. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാവില്ലെന്ന ബിജെപി, സംഘപരിവാര്‍ നേതാക്കളുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ക്കിടെയാണ് ആധാര്‍-വോട്ടര്‍ പട്ടിക ബന്ധനം വരുന്നത്.