Friday
22 Feb 2019

ഇന്ത്യന്‍ വിമാനങ്ങള്‍ കട്ടപ്പുറത്തേക്ക്

By: Web Desk | Wednesday 12 September 2018 9:34 PM IST

കെ രംഗനാഥ്

ദുബായ്: വ്യോമയാനരംഗത്തെ കഴുത്തറുപ്പന്‍ മത്സരങ്ങളില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇന്ത്യന്‍ വിമാന കമ്പനികള്‍ കട്ടപ്പുറത്തേയ്ക്ക് നീങ്ങുന്നുവെന്ന് ഏവിയേഷന്‍ രംഗത്തെ വിദഗ്ധര്‍.
നഷ്ടം കൊയ്യുന്നതില്‍ ലോക റിക്കാര്‍ഡുതന്നെ സൃഷ്ടിച്ച ഇന്ത്യയുടെ പതാകവാഹകവിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് നിത്യനിദാന ചെലവുകള്‍ക്കുതന്നെ കാശില്ലാതെവന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ 1000 കോടി രൂപയുടെ അടിയന്തരവായ്പ അനുവദിച്ചിരുന്നു. എയര്‍ ഇന്ത്യ ഇതിനകം വാരിക്കൂട്ടിയത് 5.6 ലക്ഷം കോടി രൂപയുടെ നഷ്ടം. കഴിഞ്ഞ വര്‍ഷം മാത്രം ഉണ്ടായനഷ്ടം 5,800 കോടി രൂപ. നഷ്ടത്തില്‍ മുങ്ങാംകുഴിയിടുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിദേശവിമാന കമ്പനികള്‍ക്ക് വിറ്റഴിക്കാന്‍ മോഡി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ അമ്പേ പാളുകയായിരുന്നു.

ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ ദുബായിലെ എമിറേറ്റ്‌സിന്റെ സബ്‌സിഡിയറി കമ്പനിയും ചെലവുകുറഞ്ഞ വിമാന സര്‍വീസുമായ ഫ്‌ളൈ ദുബായ് പോലും നഷ്ത്തിലാണ് പറക്കുന്നത്. മറ്റൊരു പ്രമുഖ കമ്പനിയായ അബുദാബിയിലെ എത്തിഹാദ് എയര്‍വേയ്‌സ് ഇന്ത്യയിലെ ജെറ്റ് എയര്‍വേയ്‌സിന്റെ 24 ശതമാനം ഓഹരികള്‍ വാങ്ങിയതുതന്നെ അബദ്ധമായെന്ന അവസ്ഥയിലാണിപ്പോള്‍. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ജെറ്റ് എയര്‍വേയ്‌സിനുണ്ടായ നഷ്ടം 1,323 കോടി രൂപയാണെന്ന് കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ജെറ്റ് എയര്‍വേയ്‌സ് 5.35 കോടി രൂപ ലാഭമുണ്ടാക്കിയിരുന്നു. ഇന്ത്യന്‍ വിമാന കമ്പനികളുടെ ചെലവുകള്‍ 70 ശതമാനം വരെ വര്‍ധിച്ചതാണ് ഇവ നഷ്ടത്തില്‍ കൂപ്പുകുത്താന്‍ കാരണമായതെന്നാണ് സെന്റര്‍ ഫോര്‍ ഏവിയേഷന്റെ ദക്ഷിണേഷ്യാ ഡയറക്ടര്‍ ബിനീത് സോമാനിയയുടെ നിഗമനം. ഓഹരിവിലത്തകര്‍ച്ചമൂലം കോടിക്കണക്കിന് ഡോളറാണ് ജെറ്റ് എയര്‍വേയ്‌സിന് നഷ്ടമുണ്ടായത്.

മറ്റൊരു ഇന്ത്യന്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ തങ്ങളുടെ ലാഭത്തില്‍ 97 ശതമാനം ഇടിവുണ്ടായെന്നു സമ്മതിച്ച് കാര്യങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആ കമ്പനിയും നഷ്ടത്തിലേക്ക് മുതലക്കൂപ്പുകുത്തുകയാണെന്നാണ് വ്യോമയാനരംഗത്തെ സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. ലോകത്തെ എല്ലാ വിമാനക്കമ്പനികളും പൊതുവായ വന്‍പ്രാതികൂല്യങ്ങളില്‍പ്പെട്ടുഴലുമ്പോള്‍ ദുര്‍ബലമായ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ കൂടുതല്‍ കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിവര്‍ഷം കുറഞ്ഞ കാലയളവില്‍ മാത്രം യാത്രാനിരക്കില്‍ കുറവുവരുത്തിയശേഷം വര്‍ഷത്തിന്റെ മുക്കാല്‍ പങ്കും ആകാശക്കൊള്ള നടത്തി യാത്രക്കാരെ പിഴിയുന്ന ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമയാന വ്യവസായത്തിന്റെ ഹരിശ്രിപോലുമറിയാത്തതാണ് നഷ്ടദുരന്തങ്ങള്‍ക്കു വഴിയൊരുക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു.
രൂപയുടെ നാണംകെട്ട മൂല്യത്തകര്‍ച്ചയും വിമാന ഇന്ധനവില അനുദിനം കുതിച്ചുകയറുന്നതും ഇന്ത്യന്‍ വിമാനകമ്പനികളുടെ ചിറകൊടിച്ചിരിക്കുന്നു. വിമാന ഇന്ധനത്തിന് വിലയുടെ 44 ശതമാനം നികുതിയാണ് കേന്ദ്രം ഈടാക്കുന്നത്. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും വിമാനകമ്പനികളെ സ്തംഭനത്തിലേയ്ക്ക് നയിക്കുന്നത് ഈ ഘടകങ്ങളാണെന്ന് ജെറ്റ് എയര്‍ മേധാവി വിനയ് ദുബേ പറയുന്നു. വരുംനാളുകളില്‍ ഈ ഘടകങ്ങളെല്ലാം കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണിട. ഇന്ത്യന്‍ കമ്പനികളുടെ വിമാനങ്ങള്‍ കട്ടപ്പുറത്താകാന്‍ പോന്നവയില്‍ ആവശ്യത്തിലധികം ഘടകങ്ങളാണിവയെന്നും ഏവിയേഷന്‍ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.