നദിയില്‍ വീണ് മരിച്ച പാക്കിസ്താനി ബാലന്റെ മൃതദേഹം തിരികെ ഏല്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം

Web Desk
Posted on July 12, 2019, 4:49 pm

ശ്രീനഗര്‍:പാക് ഗ്രാമത്തിലെ നദിയില്‍ വീണ് മരിച്ച പാക്കിസ്താനി ബാലന്റെ മൃതദേഹം അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തി. ഇന്ത്യന്‍ സൈന്യം ബാലന്റെ മൃതദേഹം തിരികെ പാക്കിസ്ഥാന്‍ സൈന്യത്തെ ഏല്‍പ്പിക്കുകകയും ചെയ്തു. ഏറെ സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സൈന്യത്തിന്റെ മനുഷ്യത്വം നിറഞ്ഞ ഈ പ്രവര്‍ത്തിക്ക് സോഷ്യല്‍മീഡിയയിലൂടെയും,അല്ലാതെയും കയ്യടി നല്‍കുകയാണ് ജനങ്ങള്‍.

മൂന്ന് ദിവസം മുന്‍പാണ് പാക് അധീന കാശ്മീരിലെ മിനിമാര്‍ഗ് അസ്തൂര്‍ സ്വദേശിയായ 7 വയസുകാരന്‍ ആബിദ് ഷെയ്ഖിന്റെ മൃതദേഹം അച്ചൂര എന്ന ഗ്രാമത്തില്‍ എത്തിയത്.കിഷന്‍ഗംഗ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് കാണാതായെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമവാസിയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഉടന്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.