കനത്ത മഞ്ഞ് കാര്യമാക്കിയില്ല: പ്രസവ വേദനയെടുത്ത യുവതിയെ ചുമന്ന് ആശുപത്രിയിൽ എത്തിച്ച് സൈനികർ

Web Desk

ശ്രീനഗര്‍

Posted on January 15, 2020, 3:54 pm

പ്രസവ വേദനയെടുത്ത യുവതിയെ കടുത്ത മഞ്ഞുവീഴ്‌ച്ചയ്ക്കിടയിലും ചുമന്ന് ആശുപത്രിയിൽ എത്തിച്ച് സൈനികർ. ഷമീമ എന്ന യുവതിയെ ആണ് കഴിഞ്ഞ ദിവസം നൂറോളം സൈനികരും മുപ്പതോളം പ്രദേശവാസികളും ചേര്‍ന്ന് നാല് മണിക്കൂറോളം ചുമന്ന് ആശുപത്രിയിലെത്തിച്ചത്.

കനത്ത മഞ്ഞുവീഴ്ചയിൽ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സൈനികരും പ്രദേശവാസികളും ചേര്‍ന്ന് യുവതിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോര്‍പ്‌സ് ട്വിറ്റര്‍ പേജിലൂടെയാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. യുവതി പ്രസവിച്ചുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുമെന്നും ട്വീറ്റില്‍ വ്യക്തമാക്കി.

അതേസമയം കടുത്ത മഞ്ഞുവീഴ്‌ച്ചയ്ക്കിടയിൽ പൂര്‍ണ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ച പട്ടാളക്കാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ സൈന്യം അവസരത്തിനൊത്ത് ഉയര്‍ന്ന് സാധ്യമായതെല്ലാം ചെയ്തു. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നു. ഷമിമയും അവളുടെ കുഞ്ഞും നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നും മോദി ട്വീറ്റ് ചെയ്തു.