19 April 2024, Friday

വര്‍ഗീയവാദികളുടെ പുതിയ പേര് ദേശസ്നേഹികള്‍ എന്നായിരിക്കുന്നു: മുന്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ഐഎഎല്‍ ദേശീയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍
web desk
തിരുവനന്തപുരം
June 2, 2023 1:20 pm

ദേശവിരുദ്ധരെന്നും രാജ്യദ്രോഹികളെന്നുമുള്ള വിളികള്‍ ഇന്ന് സാധാരണമായി കഴിഞ്ഞിരിക്കുന്നുവെന്നും വര്‍ഗീയവാദികളുടെ പുതിയ പേര് ദേശസ്നേഹികള്‍ എന്നായി മാറ്റിയെന്നും അലഹബാദ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന മൂല്യങ്ങളെയെല്ലാം തകര്‍ക്കുന്ന ഇടപെടലുകള്‍ ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് (ഐഎഎല്‍) ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജസ്റ്റിസ് മാത്തൂര്‍ പറഞ്ഞു.

ജനാധിപത്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് പുതി പ്രവണത. ഭരണഘടനാ മൂല്യങ്ങളെയെല്ലാം അവഗണിക്കുന്നു. ഭരണഘടനാ സംവിധാനത്തെ പാടെ പരാജയപ്പെടുത്താനാണ് ഏകാധിപതികള്‍ എന്നും ശ്രമിച്ചിട്ടുള്ളത്. ലോകചരിത്രത്തില്‍ അതിന് ഉദാഹരണങ്ങളേറെയുണ്ട്. ഭരണഘടനയില്‍ അധിഷ്ഠിതമായ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ പ്രവര്‍ത്തനരഹിതമാക്കാനുള്ള ശ്രമം പ്രകടമാണ്.

മതേതരത്വമെന്നത് പാശ്ചാത്യ സങ്കല്പമാണെന്നും ജനാധിപത്യമെന്നത് അനാവശ്യമാണെന്നും സോഷ്യലിസം ഒരു വിദേശീയ ആശയമാണെന്നും കരുതുന്നവരാണ് നമ്മുടെ രാജ്യം ഭരിക്കുന്നത്. അവര്‍ ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും അതോടൊപ്പം ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കാനുള്ള ശ്രമത്തിലാണ്. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന സംഘടനയുടെ പിന്‍ബലത്തിലാണ് അവരുടെ ഭരണം. ഇവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തെ സാഹോദര്യം മാരകമായി മുറിവേറ്റ നിലയിലാണ്. ചരിത്രം തിരുത്തിയെഴുതിക്കൊണ്ട് സത്യത്തിനും വസ്തുതകള്‍ക്കും വിരുദ്ധമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. പാഠപുസ്തകങ്ങള്‍ പോലും വര്‍ഗീയവാദികളുടെ ആശയങ്ങളും സാമൂഹികമായ തിന്മകളുടെ പുകഴ്ത്തലുകളും നിറയ്ക്കുന്നു. ആസൂത്രണം ചെയ്തുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും പതിവ് കാഴ്ചയായി മാറിയിരിക്കുന്നുവെന്ന് ഗോവിന്ദ് മാത്തൂര്‍ പറഞ്ഞു.

ഭരണകൂടത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഒരു പ്രത്യേക ചിന്താധാരയിലുള്ളവര്‍ മാത്രം മതിയെന്നാണ് രാജ്യം ഭരിക്കുന്നവരുടെ നിലപാട്. വിഭിന്നമായ ആശയങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ഒരു സ്ഥാനവുമില്ലാതെയാക്കി മാറ്റിയിരിക്കുന്നു. കൊളീജിയം ശുപാര്‍ശകളില്‍ പോലും, സര്‍ക്കാരിന് താല്പര്യമില്ലെങ്കില്‍ അത് നടപ്പിലാകില്ലെന്ന് ഉറപ്പാക്കുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും ജഡ്ജിമാര്‍ ഉറപ്പാക്കേണ്ടതുണ്ട്. റിട്ടയര്‍മെന്റിന് ശേഷമുള്ള സ്ഥാനങ്ങളെക്കുറിച്ചുള്ള വാഗ്ദാനങ്ങളുള്‍പ്പെടെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ അവര്‍ തയ്യാറാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള നീക്കങ്ങളില്‍ മൂകസാക്ഷികളായി അഭിഭാഷകര്‍ നില്‍ക്കുകയില്ലെന്ന സന്ദേശമാണ് ഐഎഎല്‍ ദേശീയ സമ്മേളനം നല്‍കുന്നതെന്നും ഗോവിന്ദ് മാത്തൂര്‍ പറഞ്ഞു.

Eng­lish Sam­mury: indi­an asso­ci­a­tion of lawyers nation­al con­fer­ence at thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.