ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് വേണ്ടത് ആത്മവിശ്വാസം: ജിന്‍സണ്‍ ജോണ്‍സണ്‍

Web Desk
Posted on September 15, 2018, 9:17 pm

കോഴിക്കോട്: ആത്മവിശ്വാസമാണ് ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് വേണ്ടതെന്ന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ജിന്‍സണ്‍ ജോണ്‍സണ്‍. കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജിന്‍സണ്‍.

തല ഉയര്‍ത്തി മല്‍സരിക്കുമ്പോള്‍ പ്രതിയോഗികളെ വെല്ലുവിളിക്കാനാവും. കരുത്തരാണ് ഇന്ത്യന്‍ താരങ്ങള്‍. അവര്‍ക്ക് വെല്ലുവിളിയാവുന്നത് ആത്മവിശ്വാസക്കുറവാണ്. രാജ്യാന്തര തലത്തില്‍ മല്‍സരിക്കുമ്പോള്‍ പ്രതിയോഗികള്‍ ശക്തരായിരിക്കും. അവരെ പരാജയപ്പെടുത്താന്‍ മാനസികോര്‍ജ്ജമാണ് അത്യാവശ്യം. നമ്മുടെ നാട്ടില്‍ അത്ലറ്റിക് മേളകള്‍ക്ക് കാണികളുണ്ടാവില്ല. നാഷണല്‍ ഓപ്പണ്‍ അത്ലറ്റിക് മീറ്റ് പോലും ശൂന്യമായ ഗ്യാലറികളെ സാക്ഷിയാക്കിയാണ് നടത്തപ്പെടാറുള്ളത്. എന്നാല്‍ വിദേശങ്ങളില്‍ ടിക്കറ്റെടുത്താണ് കാണികള്‍ അത്ലറ്റിക് മേളകള്‍ കാണാനെത്തുന്നത്. ഈ പിന്തുണ താരങ്ങളിലുണ്ടാക്കുന്ന ആത്മവിശ്വാസവും മാനസികോര്‍ജ്ജവും ചെറുതല്ല. നമ്മുടെ നാടും ഈ വിധം മാറണം.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുമ്പോള്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു. 800 മീറ്ററില്‍ പക്ഷേ ചെറുതായി കണക്ക്കൂട്ടല്‍ പിഴച്ചു. എങ്കിലും വലിയ സന്തോഷമുണ്ട്-കാരണം സഹതാരമായ മന്‍ജീതാണ് സ്വര്‍ണം നേടിയത്. ഒരേ ഇനത്തില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും നേടുമ്പോള്‍ അതില്‍പ്പരം സന്തോഷിക്കാന്‍ മറ്റെന്താണുള്ളത്. 1500 മീറ്ററിലേക്ക് വന്നപ്പോള്‍ 800 മീറ്ററിലെ പിഴവ് നികത്താനായി. മല്‍സരം വ്യക്തമായി പ്ലാന്‍ ചെയ്താണ് മല്‍സരിച്ചത്. അത് ഗുണം ചെയ്തു. വ്യക്തമായ ലീഡില്‍ ഒന്നാമനായി ഫിനിഷ് ചെയ്യാന്‍ പറ്റി. ചക്കിട്ടപ്പാറ എന്ന ഗ്രാമത്തില്‍ നിന്നും രാജ്യത്തിന് വേണ്ടി ഏഷ്യന്‍ വേദിയില്‍ ഒന്നാമനാവുക എന്ന വലിയ അംഗീകാരം നേടിയപ്പോള്‍ സ്നേഹത്തോടെ ഓര്‍ത്തത് കുടുംബത്തെയും നാട്ടുകാരെയുമാണ്. അവരായിരുന്നു എന്നും പ്രചോദനം. റിയോ ഒളിംപിക്സില്‍ പങ്കെടുത്ത് തിരിച്ച് വരുമ്പോള്‍ നാട്ടില്‍ ഹര്‍ത്താലായിരുന്നു. ജോലി സ്ഥലമായ ഊട്ടിയില്‍ നിന്നും ബുള്ളറ്റിലാണ് അന്ന് നാട്ടിലെത്തിയത്. അതറിഞ്ഞിട്ട് ഹര്‍ത്താല്‍ പോലും മറന്ന് എനിക്ക് കോഴിക്കോട്ട് സ്വീകരണം നല്‍കി. ഇത്തരം പിന്തുണയാണ് വലുതെന്നും ടോക്കിയോ ഒളിംപിക്സിന് ശക്തമായി ഒരുങ്ങാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും ജിന്‍സണ്‍ പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങളായിരുന്നു തന്നിലെ ലോംഗ്ജംമ്പറെ വളര്‍ത്തിയതെന്ന് ഏഷ്യന്‍ ഗെയിംസ് വനിതാ ലോംഗ് ജംമ്പില്‍ വെളളി മെഡല്‍ നേടിയ നീനാ പിന്‍ഡോ പറഞ്ഞു. ഗ്രാമീണമായ പശ്ചാത്തലവും ജയിക്കാന്‍ മാത്രം മോഹമുളള മനസുമായിരുന്നു തന്റെ ശക്തിയെന്നും നീന പറഞ്ഞു. സ്വീകരണ യോഗം തൊഴില്‍ വകുപ്പു മന്ത്രി ടി.പി രാമകൃഷണന്‍ ഉദ്ഘാടനം ചെയ്തു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പറും അത് ലറ്റിക് അസോസിയേഷന്‍ പ്രസിഡണ്ടുമായ ടി എം അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു.