പ്രൊഫ. കെ അരവിന്ദാക്ഷൻ

August 21, 2020, 3:15 am

ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥ അതീവ ഗുരുതരാവസ്ഥയില്‍

Janayugom Online

ഇന്ത്യയിലെ ബാങ്കിങ് മേഖല മൊത്തത്തിലും പൊതുമേഖലാ ബാങ്കുകൾ പ്രത്യേകിച്ചും അതീവഗുരുതരമായൊരു പ്രതിസന്ധിയാണ് ഏതാനും വർഷക്കാലമായി അഭിമുഖീകരിച്ചുവരുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വായ്പാമൂലധനത്തിന്റെ അപര്യാപ്തതയും ധനകാര്യസ്ഥിരതയുടെ അഭാവവുമാണ്. ഇതിനുള്ള മുഖ്യകാരണം കിട്ടാക്കടത്തിലുണ്ടായിരിക്കുന്ന അമിതമായ വർധനവുമാണ്. 2015 മാർച്ചിനും 2020 മാർച്ചിനും ഇടയ്ക്കുള്ള കാലയളവിൽ മൊത്തം എൻഡിഎയിലുണ്ടായ വർധനവിന്റെ നിരക്ക് 4.1 ശതമാനത്തിൽ നിന്ന് 6.4 ശതമാനത്തിലേക്കാണ് കുതിച്ചുയർന്നിരിക്കുന്നത്. ബാങ്ക്-ഇതര ധനകാര്യ സ്ഥാപനങ്ങളുടെ കടബാധ്യത ഇതിന് പുറമെക്കുമാണ്. ഇവയുടെ കടബാധ്യതയ്ക്ക് ആശ്വാസമെന്ന നിലയിൽ ബാങ്ക് ഫണ്ടിങ്ങിന്റെ തോത് 2017–19 കാലയളവിൽ 23 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയരുകയും ചെയ്തു. ഈ അധിക ബാധ്യതയും പൊതുമേഖലാ ബാങ്കുകളുടെ എൻഡിഎകളുടെ ഭാഗമായി മാറുകയാണുണ്ടായത്.

ഏതായാലും ബാങ്കിങ് മേഖലയുടെ മൂലധന ആസ്തികളിൽ വിള്ളൽ വരുത്തുന്നതിന്റെ ഫലമായി സമ്പദ്‌വ്യവസ്ഥയിലെ ധനകാര്യസ്ഥിരത ആകെത്തന്നെ അവതാളത്തിലാക്കുമെന്നതിൽ തർക്കമില്ല. ഇത്രയുംകാര്യങ്ങൾ ആമുഖമായി രേഖപ്പെടുത്തിയത് ഈ വിഷയവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥതലത്തിലും അക്കാദമിക് തലങ്ങളിലും കഴിഞ്ഞ ഏതാനും മാസക്കാലമായി നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്. 2020 ജൂലൈ ആദ്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനശാസ്ത്ര കൺക്ലേവിൽ‑രഹസ്യയോഗത്തിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നടത്തിയൊരു പ്രഭാഷണത്തിലെ ചില പരാമർശങ്ങൾ പ്രസക്തമായി കാണേണ്ടതാണ്. കാരണം അദ്ദേഹത്തിന്റെ പ്രഭാഷണ വിഷയം തന്നെ, ‘ഇന്ത്യൻ ഇക്കോണമി അറ്റ് എ ക്രോസ് റോഡ്. എ വ്യു ഫ്രം ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ആങ്കിൾ’- ‘ഇന്ത്യൻ സമ്പദ് ഒരു വഴിത്തിരിവിൽ: ധനകാര്യ സ്ഥിരതയുടെ കോണിൽ നിന്നുള്ളൊരു കാഴ്ച’ എന്നതായിരുന്നു. ഏതാണ്ട്, ഇതേ സമയത്ത് തന്നെയാണ് നയപരമായ അഭിപ്രായഭിന്നതകളെത്തുടർന്ന് ആർബിഐയുടെ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തു നിന്നും സ്വയം വിരമിക്കുകയും അധ്യാപന മേഖലയിലേക്ക് തിരികെ പോവുകയും ചെയ്ത മിതഭാഷിയായ ഡോ. വിരൾ‍ ആചാര്യയുടെ ഒരു പുസ്തകം പുറത്തുവരുന്നതും. ഈ പുസ്തകത്തിന്റെ ടൈറ്റിൽ, “ക്വസ്റ്റ് ഫോർ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ഇൻ ഇന്ത്യ” എന്നുമാണ്. വിവാദ വിഷയത്തിലുള്ള ഈ സമാനത ഒരു യാദൃച്ഛിക സംഭവമായി കാണേണ്ടതില്ലെങ്കിലും ധനകാര്യ സ്ഥിരത എന്നത് കാലികപ്രസക്തിയും പ്രാധാന്യവുമുള്ള ഒരു വിഷയമാണെന്ന് വ്യക്തമാക്കാനെങ്കിലും നാം തയാറാകേണ്ടതാണ്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നതിലേക്ക് വഴിയൊരുക്കിയ കിട്ടാക്കടമെന്ന പ്രശ്നം ധനകാര്യ അസ്ഥിരതയിലേക്ക് സമ്പദ്‌വ്യവസ്ഥ വലിച്ചിഴയ്ക്കുകയായിരുന്നു. ഈ പ്രശ്നം കൂടുതൽ വഷളാവാൻ കോവിഡ്-19 എന്ന മഹാമാരിക്കും അതിൽ നിന്നുള്ള അതിജീവനത്തിനുള്ള ഒരു മാർഗമായി വായ്പാ മോറട്ടോറിയം പ്രഖ്യാപനവും ഒരു നിമിത്തമായി എന്നു മാത്രമേയുള്ളു. അതായത് പൊടുന്നനെ ഉടലെടുത്തൊരു പ്രതിസന്ധിയല്ല ധനകാര്യ അസ്ഥിരത എന്ന് വ്യക്തമാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് കാണേണ്ടതായൊരു കാര്യം, 2019 സെപ്റ്റംബറിനും 2020 മാർച്ചിനും ഇടയ്ക്കുള്ള സമയത്ത് ആർബിഐ ആവർത്തിച്ച് അവകാശപ്പെട്ടിരുന്നത് ഇന്ത്യൻ ധനകാര്യ‑ബാങ്കിങ് വ്യവസ്ഥ ശക്തവും സുരക്ഷിതവും ആണെന്നായിരുന്നു. ഇത്തരമൊരു അവകാശവാദത്തിന് കളമൊരുക്കിയ ഏതാനും ദുരന്തസംഭവങ്ങളും പരാമർശിക്കാതിരുന്നുകൂടാ. ഇതിലൊന്ന് 2018 ഫെബ്രുവരിയിലുണ്ടായ നീരവ്മോഡിയുടെ കബളിപ്പിക്കൽ വഴി പഞ്ചാബ് നാഷണൽ ബാങ്കിനുണ്ടായ ചീത്തപ്പേരാണ്. മറ്റൊന്ന് 2020 മാർച്ചിൽ ഉണ്ടായ യെസ് ബാങ്ക് എന്ന വമ്പൻ സ്വകാര്യ ബാങ്കിന്റെ പതനമാണ്. ഇതെല്ലാം ഇന്ത്യൻ ധനകാര്യ ബാങ്കിങ് വ്യവസ്ഥയുടെ ദൗർബല്യം വ്യക്തമാക്കപ്പെടാൻ ധാരാളം മതിയാകുമായിരുന്നു. അപ്പോഴതാ ഒരു ബാങ്ക് ഇതര സ്ഥാപനമായ ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആന്റ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എന്ന “ഷാവോ ബാങ്കി“ന്റെയും ദേവാൻ ഹൗസിങ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റേയും തകർച്ച റിപ്പോർട്ട് ചെയ്യപ്പെടുന്നു. കോടികളുടെ പൊതുമുതലാണ്, സമ്പാദ്യമാണ് ഈ തകർച്ചയിലൂടെ സമ്പദ്‌വ്യവസ്ഥയിൽ നിന്നും ചോർന്നുപോയത്. ഇതിനെല്ലാം പുറമെയാണ് രണ്ടു സംസ്ഥാനങ്ങളെ പഞ്ചാബ്, മഹാരാഷ്ട്ര- ഒരു പോലെ ഞെട്ടിച്ച പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്ന ബാങ്കിന്റെ തകർച്ച ഉണ്ടാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഡിമോണറ്റൈസേഷൻ പ്രഖ്യാപനത്തെ തുടർന്നുള്ള നാളുകളിൽ സാധാരണക്കാരായ ബാങ്കുനിക്ഷേപകരും പെൻഷൻകാരായ ഈ ലേഖകനെപ്പോലുളളവരും ബാങ്കുകളിലും എടിഎമ്മുകളിലും അസാധുവാക്കപ്പെട്ട നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ വാങ്ങാൻ മണിക്കൂറുകളോളം ‘ക്യു’ നില്ക്കേണ്ട ഗതികേടിനുശേഷം പഞ്ചാബിലേയും മഹാരാഷ്ട്രയിലേയും നിക്ഷേപകർ നിരാശരായി മുംബൈയിലും പഞ്ചാബിലെ നിരവധി നഗരങ്ങളിലും തങ്ങളുടെ നിക്ഷേപം തിരികെ കിട്ടാൻ വരിവരിയായി നിലകൊള്ളേണ്ടിവന്ന കാഴ്ചയും ഈ സഹകരണ ബാങ്കിന്റെ തകർച്ചയെ തുടർന്ന് നാം കണ്ടതാണ്.

ഡോ. വിരൾ‍‍ ആചാര്യയെ പോലുള്ള ആർബിഐ ഉദ്യോഗസ്ഥന്മാർക്ക് ഇത്തരം സംഭവ പരമ്പരകളെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു എന്നത് ഉറപ്പാണല്ലോ. സാമ്പത്തിക ഉദാരവല്ക്കരണനയങ്ങൾ നിലവിൽ വന്നതിന് ശേഷമുള്ള കാലയളവിൽ ആർബിഐ ഡെപ്യൂട്ടി ഗവർണർ പദവിയിലെത്തിയ അദ്ദേഹം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പൊതുവിലും ധനകാര്യ‑ബാങ്കിങ് വ്യവസ്ഥ സവിശേഷമായും നേരിടുന്ന വെല്ലുവിളികളെപ്പറ്റി അവയുടെ ‘അടിയന്തര’ സ്വഭാവത്തെപ്പറ്റി തീർത്തും ബോധവാനായിരുന്നു. ധനകാര്യ സ്ഥിരത ഏത് വിധേന യാഥാർത്ഥ്യമാക്കാമെന്നതിനെപ്പറ്റിയും അതിന്റെ ഭാഗമായി ബാങ്കുകളുടെ കിട്ടാക്കട പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെപ്പറ്റിയും ഡോ. ആചാര്യയ്ക്ക് വ്യക്തമായ ധാരണയും കാഴ്ചപ്പാടും ഉണ്ടായിരുന്നു. സ്വാഭാവികമായും ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് വളച്ചുകെട്ടില്ലാത്ത വിധം ബാങ്കിങ് ടെക്നോളജി സമ്മേളനവേദിയിൽ അവതരിപ്പിക്കാൻ അദ്ദേഹം തയാറാവുകയും ചെയ്തു. ആർബിഐയുടെ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയിൽ ഡോ. വിരൾ‍ ആചാര്യ, തന്റെ ചുമതലയിൽപ്പെട്ട പണനയം എന്ന വിഷയത്തിൽ പ്രഭാഷണം ഒതുക്കിനിർത്താതെ മൊത്തത്തിൽ ബാങ്കിങ് മേഖലയുടെ പ്രതിസന്ധിയുടെ വിശദാംശങ്ങളിലേക്ക് കടക്കാനും അദ്ദേഹം തയാറായി എന്നതായിരിക്കണം മേലധികാരികളിൽ അപ്രിയത്തിനിടയാക്കിയതെന്ന് തോന്നുന്നു. എന്നാൽ സത്യസന്ധനായൊരു ചെറുപ്പക്കാരനെന്ന നിലയിൽ ഡോ. ആചാര്യയെ ഇത്തരം അപ്രിയങ്ങളൊന്നും യാതൊരു വിധ പോറലും ഏല്പിച്ചതുമില്ല.

ഏതാനും മാസങ്ങൾക്കുശേഷം 2018 ഒക്ടോബറിൽ ഡോ. വിരൾ ആചാര്യ മറ്റൊരു ‘അപ്രിയസത്യം’ കൂടി തുറന്നു പറയുകയുണ്ടായി. എ ഡി ഷ്റോഫ് മെമ്മോറിയൽ ലക്ചർ ആയിരുന്നു ഇതിന് വേദിയായത്. വിഷയം കേന്ദ്ര ബാങ്ക് എന്ന നിലയിൽ ആർബിഐയുടെ സ്വയംഭരണം വേണമോ വേണ്ടയോ എന്നതായിരുന്നു. ഡോ. ആചാര്യ അന്ന് തുറന്നു പറഞ്ഞത് ആർബിഐക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കാൻ സർക്കാർ തയാറായാൽ അത് അതിവേഗം ‘ധനകാര്യ വിപണികളെ കോപിപ്പി‘ക്കുമെന്നും സാമ്പത്തിക പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന വിധം ‘ഈ തീ ആളിപ്പടരുമെന്നും സമ്പദ്‌വ്യവസ്ഥയിലെ ധനകാര്യ വ്യവസ്ഥ മുഴുവൻ നിയന്ത്രണ ചുമതലയുള്ളൊരു സ്ഥാപനത്തിന്റെ സ്വയംഭരണാവകാശം നിഷേധിച്ചതിൽ (സർക്കാർ) ദുഃഖിക്കേണ്ടിവരുമെന്നും’ മറ്റുമായിരുന്നു. അധികൃത സ്ഥാനത്തിരിക്കുന്ന ബ്യൂറോക്രാറ്റുകൾക്ക് തീർത്തും അരോചകമായ അഭിപ്രായ പ്രകടനമാണ് വെറുമൊരു ഡെപ്യൂട്ടി ഗവർണർ ചെയ്തിരിക്കുന്നത് എന്ന് തോന്നിയതിൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം ആർബിഐ ഗവർണർ ശക്തികാന്തദാസ് തന്നെ. ബാങ്കിങ്-ധനകാര്യ മേഖലകളിൽ യാതൊരുവിധ മുൻപരിചയവുമില്ലാത്ത ഒരു റിട്ടയേർഡ് ബ്യൂറോക്രാറ്റാണല്ലോ. ഇക്കാരണത്താലായിരിക്കണം മറ്റൊരു സർവിങ് ബ്യൂറോക്രാറ്റായ സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാർഗ് തന്റെ ട്വിറ്ററിലൂടെ ഡോ. വിരൾ ആചാര്യയുടെ പരാമർശങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചതും. ഗാർഗിന്റെ വാക്കുകൾ നോക്കുക-. “രൂപയുടെ മൂല്യം ഡോളറിന് 73 രൂപ നിരക്കിലാണ്. ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരൽ ഒന്നിന് 73 ഡോളറിൽ താഴെയാണ്. വിപണികൾ നാല് ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബോണ്ടിന്റെ വരുമാനം 7.8 ശതമാനത്തിൽ താഴെയാണ്. ഇതാണോ, വിപണികളുടെ കോപത്തിന്റെ ലക്ഷണങ്ങൾ? ” സമ്പദ്‌വ്യവസ്ഥയിൽ എല്ലാം ശാന്തമാണ്, ശുഭമാണ്, സ്വസ്ഥമാണ് എന്നൊക്കെ സ്ഥാപിച്ചെടുക്കാനുള്ള തത്രപ്പാടിന്റെ പ്രതിഫലനമായിട്ടുവേണം ഗാർഗിന്റെ ഈ പ്രതികരണം വിലയിരുത്തപ്പെടാൻ. ഡോ. ആചാര്യ യാഥാർത്ഥ്യങ്ങൾ തുറന്നു പറഞ്ഞതിലുള്ള രോഷവും ഇതിലൂടെ പുറത്തുവരുകയായിരുന്നു.

ഏതായാലും ഡോ. വിരൾ ആചാര്യയുടെ രണ്ട് പ്രഭാഷണങ്ങളും വ്യക്തമാക്കുന്നത് ആർബിഐയും കേന്ദ്രസർക്കാരും തമ്മിൽ നയപരമായ മേഖലയിൽ ആരോഗ്യകരമായ ബന്ധമല്ല വച്ചുപുലർത്തിയിരുന്നത് എന്നുതന്നെയാണ് ഈ നിഗമനത്തിനുള്ള പ്രഥമ ദൃഷ്ടാന്തം ഡിസംബർ 2018 ലെ ഗവർണർ ഡോ. ഊർജിത് പട്ടേലിന്റെ രാജിയാണ് എന്ന് വ്യക്തമാകുന്നു. ഗവർണറായിരിക്കെ അദ്ദേഹത്തിന്റെ പ്രധാന പരാതി ആർബിഐക്ക് ഭരണഘടനാപരമായി നല്കപ്പെട്ടിരുന്ന അധികാരങ്ങളിൽ അനാവശ്യമായി സർക്കാർ ഇടപെടലുണ്ടാകുന്നു എന്നതായിരുന്നു. ഇത് ഒരു വസ്തുതയാണ്. ഡോ. ആചാര്യ തന്റെ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തു നിന്നും വിടവാങ്ങിയത് തന്റെ ചുമതലയിൽപ്പെടുന്ന പണനയം കൊണ്ടുമാത്രം ധനകാര്യ സ്ഥിരത കൈവരിക്കാൻ സാധ്യമല്ലെന്നും സർക്കാരിന്റെ ഫിസിക്കൽ പോളിസിക്കും ഇതിന്റെ ബാധ്യതയിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നുമുള്ള ഉറച്ച നിലപാടിനെ തുടർന്നുമായിരുന്നു. ഡെപ്യൂട്ടി ഗവർണർ ചുമതല കൈകാര്യം ചെയ്യുന്ന കാലയളവിൽ ബാങ്കിങ് മേഖലയുടെ ആരോഗ്യം ഭാഗികമായെങ്കിലും തിരികെ കൊണ്ടുവരുന്നതിൽ മോശമല്ലാത്ത വിജയം നേടാനായി എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇതോടൊപ്പം ധനകാര്യ സ്ഥിരത ഒരു പരിധിവരെ ഉറപ്പാക്കാനും മൂലധന ദൈർഘ്യം മൂലം അവശത നേരിടുന്ന ബാങ്കുകളുടെ വായ്പകൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്താനും തനിക്കു സാധ്യമായി എന്നും അദ്ദേഹം വിശ്വസിക്കുന്നു. ഏതാണ്ട് ഇതേ കാലയളവിൽ തന്നെയാണ് പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശാക്തീകരണ നടപടികൾക്ക് കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങുന്നതും ഇൻസോൾവെൻസി ആന്റ് ബാങ്ക്റപ്സി കോഡിന് രൂപം നല്കന്നതും നിയമമാക്കുന്നതും. ഇതിനെ തുടർന്ന് വായ്പാ തിരിച്ചടവു പ്രക്രിയ നേരിയ തോതിൽ മെച്ചപ്പെട്ടുവെങ്കിലും ഇതോടൊപ്പം ബാങ്ക്ലയന സ്വകാര്യവല്ക്കരണ പ്രക്രിയകൾക്കും പ്രോത്സാഹനം ലഭ്യമാകുന്ന അനുഭവങ്ങളുണ്ടാവുകയും ചെയ്തുവെന്നതാണ് വസ്തുതയെന്ന് ഡോ. വിരൾ ആചാര്യ പറയുന്നു.

എന്നാൽ അടുത്ത ഏതാനും മാസങ്ങൾക്കകം ഈ നയസമീപനത്തിൽ വ്യതിയാനം പ്രകടമാവുകയും ആർബിഐ ഗവർണർ സ്ഥാനത്തു നിന്നും ഡോ. ഊർജിത് പട്ടേൽ രാജിവച്ചൊഴിയുകയാണുണ്ടായത്. അതോടെ ‘ധനകാര്യസ്ഥിരത’ ബലി കഴിക്കപ്പെടുകയും ചെയ്തു. ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതിനുളള ഉത്തരവാദിത്തം സർക്കാരിന്റെ താളം തെറ്റിയ ധനകാര്യനയമായിരുന്നു എന്നാണ് ഡോ. ആചാര്യ കരുതുന്നത്. സ്വാഭാവികമായും ഇതേതുടർന്ന് ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥ കൂടുതൽ ദുർബലമാവുകയും ചെയ്തു. ധനക്കമ്മി നികത്താൻ സ്വന്തം നിലയിൽ റവന്യു വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ആർബിഐയിൽ നിന്നും കൂടുതൽ കടം വാങ്ങാനാണ് കേന്ദ്ര സർക്കാർ തുനിഞ്ഞത്. ഈ ലക്ഷ്യം മുൻനിർത്തി പലിശനിരക്കിൽ കുറവു വരുത്താനും സർക്കാരിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായി. മോണിറ്ററിപോളിസി കമ്മിറ്റിക്കുമേൽ ഇതിലേക്കായി കടുത്ത സമ്മർദ്ദവും ചെലുത്തിയിരുന്നു. ഇതിന്റെയെല്ലാം ഫലമെന്നോണം സമ്പദ്‌വ്യവസ്ഥയിലെ ലിക്വിഡിറ്റി വർധിച്ചതോടൊപ്പം പണപ്പെരുപ്പത്തിന് വൻതോതിൽ ഇടം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ചുരുക്കത്തിൽ ‘ബാങ്കേഴ്സ് ബാങ്ക്’ എന്ന ആർബിഐയുടെ ‘പോസിറ്റീവ്’ റോളിനോടൊപ്പം സർക്കാരിന്റെ കടം മാനേജ്മെന്റിന്റെ ബാധ്യതകൂടി കേന്ദ്ര ബാങ്കിന് ഏറ്റെടുക്കേണ്ട ‘നെഗറ്റീവ്’ റോളിലേക്കാണെന്ന സാഹചര്യം നിലവിൽ വരുകയായിരുന്നു. ഇതേതുടർന്നാണ് കേന്ദ്ര ബാങ്കിന്റെ ബാലൻസ്ഷീറ്റ് മാനേജ്മെന്റ് കൂടുതൽ പ്രതിസന്ധിയിലകപ്പെടുകയുമുണ്ടായത്.

ഇത്തരം സംഭവവികാസങ്ങൾ ഒരുവശത്ത് നടക്കുമ്പോൾ തന്നെയാണ് ഇന്ത്യയിൽ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ തുടർച്ചയായ വായ്പാതിരിച്ചടവു വീഴ്ച നടത്തിവന്നിരുന്നതെന്നുകൂടി നാം കണക്കിലെടുക്കണം. ഇക്കാര്യത്തിൽ സ്റ്റേറ്റ് ഉടമസ്ഥതയിലും ലിമിറ്റഡ് വിഭാഗത്തിൽപ്പെടുന്നവയുമായ സ്ഥാപനങ്ങൾ കടബാധ്യത ഉയർത്താനിടയാക്കുന്ന നടപടികളും മുറപോലെ നടത്തിവരുകയായിരുന്നു. അവയിൽ പലതും ബോണ്ട് മാർക്കറ്റുകളിൽ നിന്നും വാങ്ങിക്കൂട്ടിയ കടം തിരിച്ചടയ്ക്കുന്നതിൽ തുടർച്ചയായി വീഴ്ചകൾ വരുത്തിക്കൊണ്ടിരിക്കുകയുമായിരുന്നു എന്നതും ശ്രദ്ധേയമായി കാണണം. അതായത്, സമ്പദ്‌വ്യവസ്ഥയിലെ പൊതു-സ്വകാര്യ ബാങ്കുകളും നോൺ‑ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളും കടക്കെണിയിയിലകപ്പെട്ടതിനെ തുടർന്ന് റീ-ക്യാപ്പിറ്റലൈസേഷനായി മുറവിളി കൂട്ടിയപ്പോൾ കേന്ദ്ര‑സംസ്ഥാന സർക്കാരുകളും ധനസഹായത്തിനായും അധിക വിപണി വായ്പകൾക്കായും ആർബിഐയെ ആശ്രയിക്കുന്നൊരു സ്ഥിതിവിശേഷമാണ് ക്രമേണ രൂപപ്പെട്ടുവന്നിരിക്കുന്നത്.

കേന്ദ്രത്തിലെ മോഡി സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ബാങ്കിങ്-ധനകാര്യ വ്യവസ്ഥ നേരിട്ടു വരുന്ന ഗുരുതരമായ പ്രതിസന്ധിയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ കോവിഡ്-19 എന്ന മഹാമാരി വലിയൊരു അനുഗ്രഹമായി മാറിയിരിക്കുന്നു എന്ന് കരുതുന്നതാവും ശരിയായ വിലയിരുത്തൽ. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുള്ള പദവി തീർത്തും നഷ്ടപ്പെടുക എന്നതാണ് ഇതേതുടർന്നുണ്ടായിരിക്കുന്ന ദുരവസ്ഥ. ഏറ്റവുമൊടുവിൽ 2020 ഓഗസ്റ്റ് അഞ്ചിന് ആർബിഐ പ്രഖ്യാപിച്ച പണനയത്തിന്റെ മർമ്മവും മറ്റൊന്നല്ല. ഇതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ ഒരു കാര്യം വ്യക്തമാണ്. ആ‍ർബിഐ ഗവർണർ നിസ്സഹായാവസ്ഥയിലാണ്. പാൻഡമിക്കിന്റെ ഗുരുതരാവസ്ഥയ്ക്കുമേൽ പഴിചാരി ധനകാര്യ സ്ഥിരത കൈവരിക്കുന്നതിൽ താൻ അശക്തനാണെന്ന് തുറന്നു പറയുക എന്നുമാത്രമാണ് അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നത്. കേന്ദ്ര ബാങ്ക് എന്ന ഈ സ്ഥാപനം ഇപ്പോൾ വെറുമൊരു നോക്കുകുത്തിയായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്നർത്ഥം. ഇന്നത്തെ ആർബിഐ ഗവർണർ, ശക്തികാന്ത ദാസാണെങ്കിൽ മോഡി സർക്കാരിന്റെ ഒരു കളിപ്പാവയും.