ഇന്ത്യന്‍ ബാങ്കുകള്‍ അരക്ഷിതം കോടിക്കണക്കിന് പ്രവാസികള്‍ ആശങ്കയില്‍

Web Desk
Posted on October 31, 2019, 9:14 pm

കെ രംഗനാഥ്

ദുബായ്: ഇന്ത്യന്‍ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ അരക്ഷിതമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് സ്ഥിരമായി പണമയക്കുന്ന ലോകമെമ്പാടുമുള്ള മൂന്നു കോടി ഇന്ത്യന്‍ പ്രവാസികള്‍ കടുത്ത ആശങ്കയില്‍. പ്രവാസികളില്‍ രണ്ടുകോടിയോളം ഇന്ത്യക്കാര്‍ ഗള്‍ഫ്, മധ്യപൂര്‍വദേശ രാഷ്ട്രങ്ങളില്‍ പണിയെടുക്കുന്നവരാണ്.
ഗള്‍ഫിലെ ചില മാധ്യമങ്ങളും ധനകാര്യ സ്ഥാപനങ്ങളും നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ ലോകത്ത് ഏറ്റവും ഭദ്രമല്ലാത്തതെന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. നീരവ് മോഡിയും ലളിത് മോഡിയും വിജയമല്യയുമടക്കമുള്ള വന്‍കിട തട്ടിപ്പുകാര്‍ ബാങ്കു നിക്ഷേപങ്ങള്‍ കൊള്ളയടിച്ച് വിദേശ രാജ്യങ്ങളിലേയ്ക്കു മുങ്ങിയിട്ടും അവരില്‍ നിന്നും കൊള്ളമുതല്‍ ഈടാക്കുന്നതില്‍ കാട്ടുന്ന കുറ്റകരമായ അമാന്തം സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നുവെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാസി ഇന്ത്യക്കാര്‍ മൂന്നും നാലും പതിറ്റാണ്ടുകള്‍ വിദേശത്ത് പണിയെടുത്ത് ബാങ്കുകളില്‍ നിക്ഷേപിച്ച സമ്പാദ്യങ്ങള്‍ക്ക് ഒരു സുരക്ഷിതത്വവുമില്ല.
നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതുതന്നെയാണ് ഈ ആശങ്കാജനകമായ സ്ഥിതിവിശേഷത്തിനു കാരണം. ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ബാങ്കുനിക്ഷേപങ്ങള്‍ക്ക് തുകയ്ക്ക് പൂര്‍ണമായ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളപ്പോള്‍ ഇന്ത്യന്‍ ബാങ്കുകളിലെ ഭീമമായ നിക്ഷേപങ്ങളില്‍ ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്കു മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. ഒരു പ്രവാസിയുടെ സ്ഥിരനിക്ഷേപം 50 ലക്ഷം രൂപയാണെങ്കില്‍ 49 ലക്ഷം രൂപയുടെ നിക്ഷേപവും ഇന്‍ഷുറന്‍സ് സുരക്ഷയില്ലാതെ അരക്ഷിതം. റിസര്‍വ് ബാങ്കുപോലും ബാങ്കുനിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാത്ത ആശങ്കാജനകമായ അവസ്ഥ.
റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള നിക്ഷേപക ഇന്‍ഷുറൻസ്‍ ക്രെഡിറ്റ് കോര്‍പ്പറേഷന്‍ തന്നെ നിക്ഷേപം എത്രയായാലും ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1980 ല്‍ 30,000 രൂപയ്ക്കു മാത്രം ഉണ്ടായിരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ 26 വര്‍ഷം മുമ്പ് ഒരു ലക്ഷമായി ഉയര്‍ത്തിയത് ഇപ്പോഴും ഒരു വര്‍ധനവുമില്ലാതെ തുടരുന്നു. ഇന്ത്യന്‍ ബാങ്കുകളുടെ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള പഠനങ്ങള്‍ ഗള്‍ഫ് നാടുകളില്‍ പുറത്തുവന്നതോടെ പ്രവാസികളുടെ ഇന്ത്യന്‍ ബാങ്കുകളിലുള്ള നിക്ഷേപം വൈകാതെതന്നെ കുത്തനെ ഇടിയുമെന്ന ആശങ്കയും പടരുന്നു.
അന്തര്‍ സംസ്ഥാന സഹകരണ ബാങ്കായ പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ഈയിടെ ചില ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഒരു ലക്ഷം രൂപയ്ക്കു മാത്രം ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഈ ബാങ്കിന്റെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ബാങ്കില്‍ നിന്ന് അടുത്ത ആറു മാസത്തിനകം പരമാവധി 40,000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ അനുമതിയുള്ളു. ഈ നടപടി ലക്ഷക്കണക്കിന് നിക്ഷേപകരെയാണ് പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നത്. നിക്ഷേപകരില്‍ 93 ശതമാനത്തോളം ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത ഒരു ലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളവരാണെന്നതും അരക്ഷിതത്വം വിതയ്ക്കുന്ന അമ്പരപ്പ് വര്‍ധിപ്പിക്കുന്നു.