ഇന്ത്യന്‍ കോടീശ്വരന്മാര്‍ കൂട്ടത്തോടെ ദുബായിലേക്ക്

Web Desk
Posted on September 12, 2019, 11:38 pm

കെ രംഗനാഥ്

ദുബായ്: പ്രതിസന്ധികളുടെ പ്രളയത്തിലാണ്ട ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിന്നും കോടീശ്വരന്മാരായ സംരംഭകര്‍ ദുബായിലേക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും ചേക്കേറുന്നു. ഇതോടെ മോഡിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ കാനല്‍ജലമായി.
മോഡിയുടെ രണ്ടാംവരവിന് ഏറെ മുമ്പു തന്നെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് വിദേശനിക്ഷേപകര്‍ക്കു മാത്രമല്ല ഇന്ത്യന്‍ സംരംഭകര്‍ക്കും ബോധ്യമായിരുന്നുവെന്നതിന്റെ സൂചനയാണ് ദുബായിലേയ്ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യന്‍ കോടീശ്വരന്മാരുടെ കുത്തൊഴുക്കെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘മേക്ക് ഇന്‍ ഇന്ത്യ’ യ്ക്കു വേണ്ടി ആര്‍ക്കും കടന്നുവരാം, ആര്‍ക്കും നിക്ഷേപിക്കാം എന്ന മുച്ചീട്ടുകളിക്കാരന്റെ ക്ഷണം പോലെ ഇന്ത്യനിക്ഷേപകരെ മാടി വിളിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനികളും സാമ്പത്തിക വിദഗ്ധരും ഇന്ത്യയില്‍ സ്ഥിരമായി എത്തി നൂറുകണക്കിന് സംരംഭകരെയാണ് ദുബായിലേയ്ക്കു കൂട്ടിക്കൊണ്ടു പോകുന്നത്. ദുബായ് നിക്ഷേപ വികസന ഏജന്‍സിയുടെ എണ്‍പതംഗ സംഘം ഈയടുത്ത് ബംഗളൂരുവിലും ചെന്നൈയിലും നടത്തിയ നിക്ഷേപ സെമിനാറുകളുടെ ഫലമായി ബംഗളൂരുവില്‍ നിന്നും 7420 കോടിയുടേയും ചെന്നൈയില്‍ നിന്ന് 4520 കോടിയുടേയും ഇന്ത്യന്‍ സംരംഭങ്ങളാണ് ദുബായില്‍ തുടങ്ങുന്നത്.
കടുത്ത സാമ്പത്തിക ദീനങ്ങള്‍ക്കിടെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് ഹിമാലയന്‍ വിഡ്ഢിത്തമാണെന്ന് കരുതുന്നവരിലെറെയും ഇന്ത്യാക്കാര്‍ തന്നെയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ തൊട്ടു പിന്നാലെ ഇന്ത്യാക്കാരുടെ ‘ഗള്‍ഫ് നിക്ഷേപകുടിയേറ്റ’വും തുടങ്ങി.
നാലു വര്‍ഷം മുമ്പ് 27,717 ഇന്ത്യന്‍ കമ്പനികളാണ് ദുബായില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ രജിസ്റ്റര്‍ ചെയ്തത്. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ദുബായിലേയ്ക്കുള്ള ഇന്ത്യന്‍ കമ്പനികളുടെ രജിസ്‌ട്രേഷന്‍ 38,238 ആയെന്ന് ദുബായ് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ മേധാവി ഹമദ്ബുവാമിമും വെളിപ്പെടുത്തുന്നു. അതായത് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വിശ്വാസമില്ലാതെ വിദേശത്തേയ്ക്ക് നിക്ഷേപം നടത്തുന്ന ഇന്ത്യാക്കാരില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ 38 ശതമാനം വര്‍ദ്ധനവുണ്ടായെന്നു ചുരുക്കം. ചൈന കഴിഞ്ഞാല്‍ ദുബായില്‍ ഏറ്റവുമധികം നിക്ഷേപം നടത്തുന്നത് ഇന്ത്യയാണെന്നും ഹമദ്ബുവാമിമും കണക്കുകള്‍ നിരത്തുന്നു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുമ്പോള്‍ ഈ അവസരം മുതലാക്കാന്‍ ഗള്‍ഫിലെ വാണിജ്യ‑വ്യവസായ ചേംബറുകള്‍ ഇന്ത്യയിലെ പ്രമുഖനഗരങ്ങളില്‍ ഓഫീസുകള്‍ തന്നെ തുറന്നു ഇന്ത്യന്‍ സംരംഭകരെ വിദേശങ്ങളിലേയ്ക്കു കൂട്ടിക്കൊണ്ടു പോകുന്നു. ദുബായ് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ഒരു ഓഫീസ് ഇന്ത്യന്‍ സാമ്പത്തിക തലസ്ഥാനമായ മുംബെയില്‍ സ്ഥാപിച്ചിട്ടുണ്ട്. ദുബായില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ കമ്പനികളില്‍ 400 പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കും.
ഇന്ത്യന്‍ സംരംഭകരെ ഗള്‍ഫ് രാജ്യങ്ങള്‍ വലവീശിപ്പിടിക്കുമ്പോള്‍ മേക്ക് ഇന്‍ ഇന്ത്യയ്ക്കു വേണ്ടി വിദേശ സംരംഭകരെ ആകര്‍ഷിക്കാന്‍ ഇന്ത്യ ഒരു ചെറുശ്രമം പോലും നടത്തിയിട്ടില്ല. ഇക്കഴിഞ്ഞ ദിവസം ഇവിടെ തുടങ്ങിയ ആഗോള ഊര്‍ജ്ജ ഉച്ചകോടിയില്‍ 150 രാജ്യങ്ങളില്‍ നിന്നായി 15,000 പ്രതിനിധികള്‍ പങ്കെടുത്തു. ഇവരില്‍ ഇന്ത്യന്‍ ഊര്‍ജ്ജമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അടക്കം 60 രാജ്യങ്ങളിലെ മന്ത്രിമാരും സംബന്ധിച്ചുവെങ്കിലും ഇന്ത്യയിലേയ്ക്ക് ഊര്‍ജ്ജമേഖലയിലെ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഒരു ശ്രമവും നടന്നില്ല.
‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി ഇന്നത്തെ സാഹചര്യത്തില്‍ മുദ്രാവാക്യത്തില്‍ മാത്രം ഒതുക്കി നിര്‍ത്താനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഇപ്പോഴത്തെ സംഭവശ്രേണികള്‍ നല്‍കുന്ന സൂചനയെന്നും നിരീക്ഷകര്‍ കരുതുന്നു.