സച്ചിന്‍ ബാബു

August 02, 2021, 10:57 pm

ഹോക്കിയിലെ റാണിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍; തകർന്ന ഹോക്കി സ്റ്റിക്കില്‍ നിന്നും പടുത്തുയര്‍ത്തിയ സ്വപ്നം

Janayugom Online

റാണി രാംപാൽ കുട്ടിക്കാലം മുതൽ നിരവധി പരീക്ഷണങ്ങളിലൂടെ ഇന്ത്യന്‍ ഹോക്കിയിലേക്ക് കടന്നുവന്ന ധീര വനിതയാണ്. ഇപ്പോൾ അവരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ ഹോക്കി ടീം ആദ്യമായി ഒളിമ്പിക്സിന്റെ സെമി ഫൈനൽ യോഗ്യത നേടി ചരിത്രം സൃഷ്ടിച്ചു.

ടോക്യോ ഒളിമ്പിക്സിന്റെ ഉദ്ഘാടന മത്സരങ്ങളിൽ റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഹോക്കി ടീം പരാജയത്തിന്റെ കൈപ്പുനീര്‍ നന്നായി അറിഞ്ഞു. എന്നാല്‍ പിന്നീട് കണ്ടത് മത്സരങ്ങളില്‍ ആവേശത്തോടെ പാഞ്ഞടുക്കുന്ന ഇന്ത്യന്‍ കടുവകളെ തന്നെയാണ്. ഇന്ത്യൻ വനിതാ ഹോക്കി ടീം തുടർച്ചയായ വിജയങ്ങളിലൂടെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുകയും ഇപ്പോൾ സെമിഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു. ഇന്ത്യന്‍ ടീമിന്റെ ത്രസിപ്പിക്കുന്ന വിജയത്തിനു കോച്ച് മറൈന്റെയും ക്യാപ്റ്റൻ റാണി രാംപാലിന്റെയും പങ്ക് ഒരേ പോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

ഹരിയാനയിലെ കുരുക്ഷേത്രയിലെ ഒരു ചെറിയ ഗ്രാമമായ ഷാബാദായിലാണ് ഇന്ത്യയുടെ വിജയ നായിക റാണി രാംപാലിന്റെ സ്വദേശം. നിത്യ ജീവിതത്തിനായി പെടാപ്പാടുപെടുന്ന ദരിദ്രകുടുംബത്തില്‍ നിന്നുമാണ് റാണി എന്ന താരം ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. റാണിക്ക് ഏഴു വയസുള്ളപ്പോൾ മുതല്‍ ഹോക്കിയെ അവള്‍ പ്രണയിച്ചുതുടങ്ങി. കുടുംബത്തിന്റെ എതിർപ്പുണ്ടായിട്ടും അതിനെ അവഗണിച്ചാണ് റാണി ഹോക്കി പരിശീലനത്തിന് പോകാൻ തുടങ്ങിയത്. അന്ന് റാണിയുടെ പ്രതിദിന വരുമാനം 80 രൂപ മാത്രമായിരുന്നു. പുലര്‍ച്ചെ അഞ്ചിന് എഴുന്നേറ്റ് ഹോക്കി പരിശീലനത്തിന് പോകണം. വളരെയേറെ കഷ്ടതകള്‍ക്കിടയിലും പരിശീലനത്തിലുള്‍പ്പെടെ പിന്നോട്ട് പോവാതെ ആ താരം കഠിന പ്രയത്നത്തിലൂടെ ഹോക്കിയെ ജീവവായുവാക്കി മാറ്റി.

ഹോക്കി ഗെയിമിൽ പങ്കെടുക്കുന്ന സ്ത്രീകൾ ദിവസവും അര ലിറ്റർ പാൽ കുടിക്കണമെന്ന് അക്കാദമിയിലെ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ പാലിനേക്കാള്‍ കൂടുതല്‍ പച്ചവെള്ളം കുടിച്ചാണ് താന്‍ പരിശീലനം നടത്തിയിരുന്നതെന്ന് റാണി പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞു. സ്വന്തമായി പുതിയ ഹോക്കി സ്റ്റിക്ക് മേടിക്കാന്‍ പോലും കയ്യില്‍ കാശില്ലായിരുന്നു. അന്നെല്ലാം തകർന്ന ഹോക്കി സ്റ്റിക്കുമായാണ് അവര്‍ പരിശീലനം നടത്തിയിരുന്നതെന്നു പല അഭിമുഖങ്ങളിലും റാണി വെളിപ്പെടുത്തിയിട്ടുണ്ട്.

റാണിയുടെ ആദ്യ പരിശീലകൻ സർദാര്‍ ബൽദേവ് ആയിരുന്നു. റാണി വേണ്ടത്ര പോഷകാഹാരം കഴിക്കാത്തതിനാല്‍ അവര്‍ക്ക് കളിക്കളത്തില്‍ കരുത്തുകാട്ടാന്‍ സാധിക്കില്ലെന്ന് കണ്ട് തന്റെ വിദ്യാർത്ഥിയായി അംഗീകരിക്കാൻ ആദ്യം വിസമ്മതിച്ച ബൽദേവ് അവളുടെ കളിയിലെ മികവ് കണ്ട് അത്ഭുതപ്പെട്ടുപോയി. റാണി തന്റെ ആദ്യ ഗോൾ നേടിയപ്പോൾ പത്ത് രൂപയുടെ നോട്ടിൽ ഒപ്പിട്ട് അവര്‍ക്ക് സമ്മാനിച്ചിരുന്നു. എന്നാല്‍ കൊടിയ ദാരിദ്ര്യം കാരണം ആ സമ്മാനത്തെ റാണിക്ക് ഉപയോഗിക്കേണ്ടിവന്നു. എന്നാല്‍ തന്നെ ഹോക്കിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ബൽദേവ് എന്ന പരിശീലകന്‍ തനിക്ക് ദൈവത്തെ പോലെയാണ് എന്ന് പല അഭിമുഖങ്ങളിലും തുറന്നു പറയാന്‍ റാണി ആവേശം കാണിച്ചിരുന്നു. അക്കാദമിക്ക് വേണ്ടി മത്സരത്തിൽ പങ്കെടുത്തതിന് 500 രൂപയായിരുന്നു അവളുടെ പ്രതിഫലം. അപ്പോഴാണ് റാണിയുടെ കുടുംബം ഇത്രയും പണം ആദ്യമായി കാണുന്നത്.

കഠിനാധ്വാനം തുടർന്ന റാണി 2010 ലോകകപ്പിൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അപ്പോൾ അവര്‍ക്ക് 15 വയസായിരുന്നു. പരമ്പരയിൽ ഏഴു ഗോളുകൾ നേടിയ റാണി മികച്ച യുവതാരമെന്ന പദവി സ്വന്തമാക്കിയിരുന്നു. 2018 ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡലുകളും 2016 ലെ അർജുന അവാർഡും എഫ്ഐഎച്ച് ഹിരോഷിമ പ്ലെയർ ഓഫ് ദി ഇയർ അവാർഡും നേടിയിട്ടുണ്ട്.

36 വർഷങ്ങൾക്ക് ശേഷം 2016 ൽ ഇന്ത്യൻ വനിതാ ടീം ഒളിമ്പിക്സിന് യോഗ്യതനേടിയപ്പോഴും റാണി ടീമിലിടം സ്വന്തമാക്കിയിരുന്നു. ഹരിയാന സര്‍ക്കാര്‍ നൽകിയ സമ്മാനത്തുക ഉപയോഗിച്ച് തന്റെ മാതാപിതാക്കൾക്ക് ഒരു വീട് നിർമ്മിച്ചു നല്‍കാനായത് തന്റെ ജീവിതത്തിലെ വലിയ സന്തോഷമായി കരുതുന്നുവെന്ന് ഒരു അഭിമുഖത്തിൽ, റാണി രാംപാൽ വ്യക്തമാക്കി.

2019 ന് മുമ്പ് റാണി രാംപാൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി ചുമതല ഏറ്റെടുത്തു. ആ വർഷം ടോക്യോ ഒളിമ്പിക്സിൽ യോഗ്യതാ മത്സരങ്ങൾ നടന്നു. അതിലെല്ലാം ത്രസിപ്പിക്കുന്ന വിജയങ്ങള്‍ സ്വന്തമാക്കി ഇന്ത്യൻ വനിതാ ഹോക്കി ടീം ഇപ്പോൾ ടോക്യോ ഒളിമ്പിക്സിന്റെ സെമി ഫൈനലിൽ എത്തിയിരിക്കുന്നു.

റാണിയുടെ നേതൃത്വപാടവം ഇന്ത്യന്‍ നേട്ടത്തില്‍ എടുത്തു പറയേണ്ട ഒന്നാണ്. പരീക്ഷണങ്ങൾ ഒരു കളിക്കാരെയും തളർത്തുന്നില്ല എന്നത് റാണി രാംപാല്‍ എന്ന ഇന്ത്യന്‍ ഹോക്കി റാണി സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതരുന്നു. വളർന്നുവരുന്ന കളിക്കാർക്ക് റാണി ഒരു പ്രചോദനമായി എന്നും ഇന്ത്യന്‍ കായികലോകത്ത് നിലനില്‍ക്കുക തന്നെ ചെയ്യും.

Eng­lish sum­ma­ry: Indi­an cap­tain as queen of hock­ey; Dream raised from a bro­ken hock­ey stick

You may also like this video: