27 March 2024, Wednesday

ഇന്ത്യൻ ഭരണഘടനയും സമത്വവും

ഡോ. വില്‍സണ്‍ എഫ്
October 9, 2022 8:20 pm

രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും കാവൽമാലാഖ എന്നറിയപ്പെടുന്നത് നമ്മുടെ ഭരണഘടനയാണ്. രാജ്യത്തിന്റെ അഖണ്ഡതയും, മതേതരത്വവും, ദേശീയതയും, പരമാധികാരവും, ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നത് ഭരണഘടനയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ടാണ്. ഇന്ത്യയുടെ പരമോന്നത നിയമമായ ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26 ന് നിലവിൽ വന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ്. ഇതിൽ 25 ഭാഗങ്ങളും 470 അനുഛേദനങ്ങളും 12 പട്ടികകളുമാണ് നിലവിലുള്ളത്. രാഷ്ട്രീയ തത്വങ്ങൾ, ഗവൺമെന്റിന്റെ ഘടനയും അധികാരങ്ങളും, പൗരന്റെ മൗലികാവകാശങ്ങളും കടമകളും, കൂടാതെ നിർദ്ദേശക തത്വങ്ങളും ഭരണ ഘടനയിൽ ഉൾപെട്ടിട്ടുണ്ട്. ഇതിൽ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ആർട്ടിക്കിൾ 12 മുതൽ 35 വരെ പൗരന്റെ മൗലികാവകാശങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഭരണഘടന നിലവിൽ വരുമ്പോൾ ഏഴ് മൗലികാവകാശങ്ങൾ പൗരന് ഉറപ്പു നൽകിയിരുന്നു. എന്നാൽ 1978 ൽ ഭരണഘടനയുടെ 44-ാമത് ഭേദഗതിയിലൂടെ സ്വത്തവകാശം എന്ന മൗലികാവകാശം എടുത്ത് മാറ്റുകയും മൗലികാവകാശങ്ങൾ ആറായി ചുരുക്കുകയും ചെയ്തു.
സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരായുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുളള അവകാശം, സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ, ഭരണഘടനാസംബന്ധമായ പരിഹാര മാർഗങ്ങൾക്കുളള അവകാശം എന്നിവയാണ് മൗലിക അവകാശങ്ങൾ. ഇതിൽ ആദ്യത്തേത് ഈ ലക്കത്തിൽ പരിശോധിക്കാം. 

സമത്വത്തിനുള്ള അവകാശം
ആർട്ടിക്കിൾ14 മുതൽ 18 വരെ ഈ അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നു
ആർട്ടിക്കിൾ 14 അനുസരിച്ച് നിയമത്തിന്റെ മുൻപാകെയുള്ള സമത്വം രാഷ്ട്രം നിഷേധിക്കാൻ പാടില്ല. അതോടൊപ്പം നിയമങ്ങളുടെ സംരക്ഷണം മുഴുവൻ വ്യക്തികൾക്കും നൽകുകയും വേണം. ഈ ആർട്ടിക്കിൾ അനുസരിച്ച് രാജ്യത്തെ എല്ലാ വ്യക്തികളും തുല്യരാണ്. ഒരു തരത്തിലുള്ള പ്രത്യേക അവകാശങ്ങളും ആർക്കും ലഭിക്കുന്നില്ല. എന്നാൽ ആർട്ടിക്കിൾ 361 അനുസരിച്ച് ഇന്ത്യൻ പ്രസിഡന്റ് / ഗവർണർക്കെതിരെ ഔദ്യോഗിക പദവി വഹിക്കുന്നിടത്തോളം കാലം യാതൊരു വിധത്തിലുള്ള ക്രിമിനൽ നടപടിയും സ്വീകരിക്കാന്‍ പാടില്ല. ഇത് അവർക്ക് മാത്രം ലഭിക്കുന്ന ഒരു പ്രത്യേക അവകാശമാണ്. എന്നാൽ സിവിൽ കേസുകൾക്ക് ഇവ ബാധകമല്ല. ഇന്ത്യൻ നിയമ വ്യവസ്ഥയുടെ അടിസ്ഥാന ശിലയെന്നാണ് ആർട്ടിക്കിൾ 14 അറിയപ്പെടുന്നത്. സമത്വം എന്ന ആശയം ഫ്രാൻസിൽ നിന്നും, നിയമത്തിന് മുന്നിലുള്ള സമത്വം എന്ന ആശയം ബ്രിട്ടനിൽ നിന്നും, തുല്യമായ നിയമ സംരക്ഷണം എന്ന ആശയം അമേരിക്കയിൽ നിന്നുമാണ് ഇന്ത്യ കടമെടുത്തിട്ടുള്ളത്. 

ആർട്ടിക്കിൾ 15:
മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ രാഷ്ട്രം ഒരു പൗരനോടും വിവേചനം കാണിക്കാൻ പാടില്ല. ഹോട്ടലുകൾ, പൊതുവിനോദ സ്ഥലങ്ങൾ, നിരത്തുകൾ, പൊതുവിശ്രമ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എല്ലാവർക്കും തുല്യ അവകാശമുണ്ട്.
ആർട്ടിക്കിൾ 16
ഇന്ത്യയിലെ മുഴുവൻ പൗരൻമാർക്കും രാഷ്ട്രത്തിന്റെ കീഴിലുള്ള ഉദ്യോഗ നിയമനത്തിൽ അവസര സമത്വം ഉണ്ടായിരിക്കുന്നതാണ്. ജാതി, മത, വർഗ, വംശ, ലിംഗ, ദേശ, ഭേദമന്യേ എല്ലാവർക്കും തുല്യ അവസരം ഉറപ്പ് നൽകുന്നു. എന്നാലും സർക്കാർ സർവീസിലും, മറ്റ് മേഖലകളിലും മതിയായ പ്രാതിനിധ്യം ലഭിക്കാത്ത പിന്നാക്ക വിഭാഗക്കാർക്കു വേണ്ടി ഏതെങ്കിലും തസ്തികകളോ, നിയമനങ്ങളോ, സംവരണം ചെയ്യുന്നതിന് രാഷ്ട്രത്തിന് അധികാരം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമൂഹത്തിൽ പാർശ്വവൽക്കരിക്കപെട്ട മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഉദ്യോഗതലങ്ങളിലും, നിയമനങ്ങളിലും മറ്റും സംവരണം നൽകിവരുന്നത്.
ആർട്ടിക്കിൾ 17:
രാജ്യത്ത് തൊട്ടുകൂടായ്മ നിർത്തലാക്കുകയും ഏതെങ്കിലും രീതിയിലുള്ള അതിന്റെ അയിത്താചാരണം വിലക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1955‑ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ അയിത്ത നിരോധന നിയമം 1976‑ൽ പൗരാവകാശ സംരക്ഷണ നിയമമായി മാറ്റപ്പെട്ടു. 

ആർട്ടിക്കിൾ 18:
രാഷ്ട്രം വ്യക്തികൾക്ക് പ്രത്യേക സ്ഥാനപ്പേരുകൾ നൽകാൻ പാടില്ല. നമ്മുടെ രാജ്യത്തെ പൗരൻമാർ വിദേശ രാഷ്ട്രങ്ങളിൽ നിന്നും രാഷ്ട്രപതിയുടെ അനുമതി കൂടാതെ സ്ഥാനപേരുകൾ സ്വീകരിക്കാനും പാടില്ല. എന്നാൽ സൈനിക രംഗത്തെയും, വിദ്യാഭ്യാസ രംഗത്തെയും ഉയർന്ന ബഹുമതികൾ സ്വീകരിക്കുവാൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാരത രത്ന, അശോക ചക്ര, പരമവീര ചക്ര, തുടങ്ങിയ ബഹുമതികളും ഡോക്ടറേറ്റ് പോലുള്ള ഉയർന്ന ബിരുദങ്ങളും വ്യക്തികൾക്ക് ലഭിക്കുന്നത്. 

ഓരോ പൗരനും അന്തസ്സും അഭിമാനവും കാത്തുസൂക്ഷിച്ചുകൊണ്ട് ജീവിക്കാനും പ്രവർത്തിക്കാനും രാഷ്ട്രം അവസരം ഉറപ്പു നൽകുന്നു. യാതൊരു തരത്തിലുള്ള വിവേചനവും കൂടാതെ വിദ്യാഭ്യാസ, സാമൂഹിക, ഉദ്യോഗതലങ്ങളിൽ എല്ലാവർക്കും തുല്യ അവസരങ്ങളാണ് നിലവിലുള്ളത്. നമ്മുടെ അവകാശങ്ങളെക്കുറിച്ച് കൃത്യമായി മനസിലാക്കുകയും അവ ഉപയോഗപ്പെടുത്തുകയും ഉത്തമ പൗരൻമാരായി വളരുകയും വേണം.
ഭരണഘടന ഉറപ്പു നൽകുന്ന മറ്റ് അവകാശങ്ങളെക്കുറിച്ച് അടുത്ത ലക്കം മുതൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.