പ്രൊഫ. കെ അരവിന്ദാക്ഷന്‍

January 12, 2021, 2:10 am

ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച റെക്കോ‍ഡ് നിലവാരത്തില്‍

Janayugom Online

ന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ ദാസ് മോഡി അവസരം കിട്ടുമ്പോഴെല്ലാം ആവര്‍ത്തിക്കുന്നൊരു പല്ലവിയുണ്ട്. എന്താണതെന്നോ? നമ്മുടേത് ആഗോള തലത്തില്‍ ഏറ്റവും ത്വരിതഗതിയിലുള്ള വികസനം നേടി വരുന്ന ഒരു രാജ്യമാണെന്ന് ഈ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്നതിനുള്ള ഉത്തമോദാഹരണമാണ് ദേശീയ കറന്‍സിയായ രൂപയുടെ മൂല്യത്തകര്‍ച്ച. ഡിസംബര്‍ 2020 അവസാനത്തില്‍ രൂപയുടെ വിനിമയമൂല്യം ഡോളര്‍ ഒന്നിന് 74 രൂപയായി താണുപോയിരിക്കുന്നു എന്ന്. 2019 ഡിസംബര്‍ അവസാനത്തില്‍ ഇത് 72.2 രൂപയുമായിരുന്നു. ഈ വിവരം പുറത്തുവന്നതോടെ ഇന്ത്യന്‍ കറന്‍സി ഏഷ്യയിലെ ഏറ്റവും താണ ദേശീയ കറന്‍സിയായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാന്‍ കറന്‍സിയായ രൂപയെക്കാളും ശ്രീലങ്കന്‍ കറന്‍സിയായ രൂപയെക്കാളും താണമൂല്യമാണിത്.

പിന്നിട്ട ഒരു വര്‍ഷക്കാലയളവില്‍ മിക്കവാറും എല്ലാ ഏഷ്യന്‍ കറന്‍സികളുടേയും വിനിമയ മൂല്യം ഡോളറുമായി തുലനം ചെയ്യുമ്പോള്‍ ഒന്നുകില്‍ ഉയര്‍ന്നതായോ അല്ലെങ്കില്‍ പഴയ നിലയില്‍ നിലനിര്‍ത്തിയതായോ കാണാന്‍ കഴിയുന്നുമുണ്ട്. ശതമാന കണക്കില്‍ നോക്കിയാല്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച 3.6 ശതമാനം വരെയാണെന്നും കാണുന്നു. അതേ അവസരത്തില്‍ ചൈനീസ് കറന്‍സിയായ റെന്‍മിന്‍ബി, ഫിലിപ്പീന്‍സ് കറന്‍സിയായ പെസോ, ദക്ഷിണ കൊറിയന്‍ കറന്‍സിയായ വോണ്‍, മലേഷ്യന്‍ കറന്‍സിയായ റിന്‍ഗിറ്റ്, തായ്‌കറന്‍സിയായ ഓട്ട് എന്നിവ വിനിമയ മൂല്യവര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ വിനിമയ മൂല്യത്തിന്റെ കാര്യമെടുത്താല്‍ ഇന്ത്യയ്ക്കു തൊട്ടുതാഴെയുള്ള രണ്ടു രാജ്യങ്ങള്‍ പാകിസ്ഥാനും ശ്രീലങ്കയും മാത്രമാണുള്ളത്. ഇരു രാജ്യങ്ങളുടേയും കറന്‍സികളുടെ മൂല്യശോഷണം 3.5 ശതമാനം വീതമാണ്. ഇന്തോനേഷ്യന്‍ കറന്‍സിയായ റുപ്പിയയ്ക്കുണ്ടായ വിനിമയ മൂല്യനഷ്ടം 1.9 ശതമാനം മാത്രവുമായിരുന്നു.

മൂല്യത്തിന്റെ കാര്യത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനത്തുള്ളത് തായ്‌വാനിലെ കറന്‍സിയാണ്. ഒരു വര്‍ഷത്തിനിടെ ഡോളറുമായുള്ള മൂല്യവര്‍ധന 6.4 ശതമാനം വരെയായിരുന്നു. തൊട്ടു താഴെയാണ് 6.2 ശതമാനത്തോടെയുള്ള ചൈനീസ് കറന്‍സിയുടെ സ്ഥാനം. ഫിലിപ്പൈന്‍സിന്റെയും ദക്ഷിണ കൊറിയയുടെയും മലേഷ്യയുടേയും ദേശീയ കറന്‍സികളുടെ മൂല്യവര്‍ധന യഥാക്രമം 5.2 ശതമാനം, 4.2 ശതമാനം, ഒരു ശതമാനം എന്നിങ്ങനെയുമായിരുന്നു. തായ്‌ഭാട്ട്, ബംഗ്ലാദേശ് ടാക്ക, വിയറ്റ്നാമീസ് ഡോങ്ങ് എന്നീ കറന്‍സികള്‍ മൂല്യത്തിന്റെ കാര്യത്തില്‍ പഴയ നിലയില്‍ തുടരുകയോ, നാമമാത്രമായ വര്‍ധനവു രേഖപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വിദേശ നിക്ഷേപത്തില്‍ റെക്കോഡ് വര്‍ധനവുണ്ടായെങ്കിലും രൂപയുടെ ക്രയശേഷിയില്‍ തകര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രസക്തകമായി കാണേണ്ടത്. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യവര്‍ധനവാണ് യഥാര്‍ത്ഥത്തില്‍ അനുഭവപ്പെടേണ്ടിയിരുന്നതും. വിവിധ സാമ്പത്തിക മേഖലകളായ മൂലധന പ്രവാഹത്തിന്റെ തോത്, മൂല്യശോഷണം നേരിട്ടിരുന്ന ഡോളര്‍, താണ അസംസ്കൃത എണ്ണ വിലകള്‍, ഇറക്കുമതിയിലുണ്ടായ ഇടിവ് തുടങ്ങിയവ പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ കറന്‍സിയുടെ വിനിമയ മൂല്യവര്‍ധനവിനാണ് സാധ്യതകളേറെ ഉണ്ടായിരുന്നതെങ്കിലും മറിച്ചായിരുന്നു അനുഭവം. മാത്രമല്ല, ഇതിന്റെയെല്ലാം ആഘാതമെന്ന നിലയില്‍ 2020–21 ധനകാര്യ വര്‍ഷത്തില്‍ ജിഡിപിയില്‍ കുത്തനെയുള്ള ഇടിവിനോടൊപ്പം പണപ്പെരുപ്പത്തില്‍ വര്‍ധനവും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിരവധി ഗവേഷണ സ്ഥാപനങ്ങളെ ആശ്ചര്യപ്പെടുത്തിയൊരു പ്രവണത കൂടിയായിരുന്നു ഇത്.

ആഗോളാടിസ്ഥാനത്തില്‍ കോവിഡ് 19 എന്ന മാരകവ്യാധി അതിവേഗത്തില്‍ വ്യാപിക്കാന്‍ തുടങ്ങിയതോടെ ഡോളറിന്റെ ശക്തി അതിവേഗത്തിലാണ് ക്ഷയിക്കാനാരംഭിച്ചത്. ഇതോടെ നവസമ്പന്ന ഏഷ്യന്‍ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളാണ് സാമാന്യം നല്ല വേഗതയില്‍ വളര്‍ച്ച കൈവരിക്കാന്‍ തുടക്കമിടുകയും ചെയ്തു. ഇതിനിടെ ചിലപ്പോഴൊക്കെ ഡോളറിന്റെ വിനിമയ മൂല്യത്തില്‍ നേരിയ വര്‍ധനവ് ദൃശ്യമായിരുന്നെങ്കിലും 2020–21 ധനകാര്യ വര്‍ഷത്തില്‍ ആറ് ശതമാനം ഇടിവു തന്നെയാണ് വിനിമയ മൂല്യം രേഖപ്പെടുത്തിയത്. വിശിഷ്യാ, ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട്, കനേഡിയന്‍ ഡോളര്‍, സ്വിസ് ഫ്രാങ്ക് എന്നീ ആഗോള കറന്‍സികളുമായി തുലനം ചെയ്യുമ്പോള്‍ ഈ പ്രവണത ഏഷ്യന്‍ രാജ്യങ്ങളെ മൊത്തത്തില്‍ അനുകൂലമായിട്ടാണ് ബാധിച്ചിരുന്നതെങ്കിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതിന് കഴിയാതെ പോയി എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനിടയാക്കിയ പ്രധാന സാഹചര്യം കോവിഡ് 19 ഒരുക്കിയ ദുരന്ത കെണിതന്നെയായിരുന്നു. 2020 ല്‍ വിദേശ നിക്ഷേപത്തില്‍ രേഖപ്പെടുത്തിയ വര്‍ധിച്ച പ്രവാഹം നിലവിലുണ്ടായിരുന്ന കുഴികള്‍ നികത്താന്‍ മാത്രമേ സഹായിച്ചിരുന്നുള്ളു. ഗ്രൗണ്ട്‍ ഉയര്‍ത്താന്‍ ഇതുകൊണ്ട് സാധ്യമായതുമില്ല. കാരണം പാന്‍ഡെമിക് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം തന്നെ. അതോടൊപ്പം തൊട്ടുമുമ്പുണ്ടായ ഡിമോണറ്റൈസേഷനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയുടെ കാര്‍ഷിക‑ഗ്രാമീണ‑അനൗപചാരിക മേഖലയില്‍ സൃഷ്ടിക്കപ്പെട്ട ആശങ്കകളും അനിശ്ചിതത്വവും ജിഎസ്‌ടി വ്യവസ്ഥയുടെ നടത്തിപ്പില്‍ പ്രകടമായ പാകപ്പിഴകളും കൂടി അവയുടേതായ പങ്കുവഹിക്കുകയും ചെയ്തു. ഇന്നത്തെ നിലയില്‍ പരിശോധിച്ചാല്‍ സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം എത്തിച്ചേരാനാകുന്നൊരു നിഗമനമെന്തെന്നോ? 2021–22 ധനകാര്യ വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്ക് കുത്തനെ ഇടിക്കുമെന്നതാണിത്. അതേ അവസരത്തില്‍ ചൈനയുടെ ജിഡിപി വളര്‍ച്ചാനിരക്ക് നല്ലതുപോലെ മെച്ചപ്പെടാനും സാധ്യത കാണുന്നുണ്ട്. ഇതിനുള്ള കാരണവും വ്യക്തമാണ്. അതായത് ചൈനീസ് കറന്‍സിയുടെ മൂല്യവര്‍ധന തന്നെ.

ഏറ്റവുമൊടുവില്‍ ലഭ്യമാകുന്ന വിവരമനുസരിച്ച് 2020 ഡിസംബര്‍ അവസാനത്തില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 15 ബില്യന്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ടെന്നാണ് അറിയുന്നത്. (“ദി ഹിന്ദു” ജനുവരി 3, 2021) ഈ തോതാണെങ്കില്‍ 2020 ല്‍ രേഖപ്പെടുത്തിയ, ഏറ്റവും ഉയര്‍ന്ന നിരക്കുമാണ്. ജൂണ്‍ 2020 ല്‍ ഇന്ത്യക്ക് വ്യാപാര മേഖലയില്‍ മിച്ചം നേടാനും കഴിഞ്ഞിരുന്നു. ഇന്ത്യയുടെ ചരക്കു കയറ്റുമതിയില്‍ 2020 ഏപ്രില്‍-ഡിസംബര്‍ കാലയളവിലുണ്ടായ ഇടിവ് 200.55 ബില്യന്‍ ഡോളറായിരുന്നു. ഇതേകാലയളവില്‍ തന്നെ ഇറക്കുമതിയിലുണ്ടായ ഇടിവാണെങ്കില്‍ 258.29 ബില്യൻ ഡോളറായിരുന്നു. സ്ഥിതിവിശേഷം ഈ നിലയിലായിരുന്നെങ്കിലും ഇന്ത്യ‍ന്‍ കറന്‍സിയുടെ വിനിമയ മൂല്യത്തില്‍ വര്‍ധനവുണ്ടാകുന്നതിനു പകരം തുടര്‍ച്ചയായ ഇടിവാണ് രേഖപ്പെടുത്തിക്കാണുന്നത്. ഈ പ്രതിഭാസത്തിന് ഇടയാക്കിയത് സാമ്പത്തിക മന്ദ്യവും കോവിഡ് 19 ന്റെ കടന്നാക്രമണവും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെ ഒരുപോലെ പ്രതികൂലമായി ബാധിച്ചു എന്നതാണ്.