രൂപ പിന്നെയും താഴേയ്ക്ക്

Web Desk
Posted on May 30, 2019, 10:46 pm
ഇന്ത്യന്‍ കറന്‍സി

കെ രംഗനാഥ്

ദുബായ്: മോഡിയുടെ രണ്ടാമൂഴത്തിന്റെ സത്യപ്രതിജ്ഞാ ദിനത്തില്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വന്‍ ആപല്‍സൂചന നല്‍കി രൂപയുടെ മൂല്യം ഇടിയുകയും യുഎഇയില്‍ നിന്നടക്കമുള്ള വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. രൂപയുടെ വിനിമയമൂല്യം ഇന്നലെ ഡോളറിന് 69.93 രൂപയായി. സത്യപ്രതിജ്ഞ തലേന്ന് മൂല്യം 69.77 രൂപയായിരുന്നു. തുടര്‍ച്ചയായി രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ഡോളറിനു പുറമേ ജപ്പാന്റെ യെന്നും യുഎഇ ദിര്‍ഹവും കൂടുതല്‍ കരുത്താര്‍ജിക്കുന്നുണ്ട്. വിദേശനിക്ഷേപങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി വന്‍ തോതില്‍ പിന്‍വലിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഓഹരിവിപണിയില്‍ നിന്നും വിദേശ സ്ഥാപനങ്ങള്‍ ബുധനാഴ്ച 304.27 കോടി ഡോളറാണ് (21,350 കോടി രൂപ) പിന്‍വലിച്ചത്. മോഡിയുടെ സത്യപ്രതിജ്ഞാദിനമായ ഇന്നലെ മാത്രം പിന്‍വലിച്ചത് 27,630 കോടി രൂപ. ഇന്ത്യയിലേക്ക് ഒഴുകുന്ന പ്രവാസിപ്പണത്തില്‍ നല്ലൊരു പങ്ക് യുഎഇയില്‍ നിന്നാണ്. യുഎഇ ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയനിരക്ക് ഇന്നലെ 19.67 രൂപയായി. ഒന്നേകാല്‍ വര്‍ഷം മുമ്പ് ഒരു ദിര്‍ഹമിന് 16.41 രൂപ നല്‍കിയാല്‍ മതിയായിരുന്നതാണ് മൂല്യത്തകര്‍ച്ചമൂലം 19.67 രൂപയിലെത്തിയത്. വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കും ആഭ്യന്തര ഓഹരികളുടെ തകൃതിയായ വില്‍പ്പനയും എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകളും യുഎസ്-ഇറാന്‍ വ്യാപാര യുദ്ധവും ഗള്‍ഫ് മേഖലയിലെ സംഘര്‍ഷവുമെല്ലാം രൂപയുടെ മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും മോഡി ഭരണത്തില്‍ ഒരു വര്‍ഷത്തിനിപ്പുറമുള്ള സാമ്പത്തിക അനിശ്ചിതാവസ്ഥയാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

തങ്ങളുടെ പ്രധാന പങ്കാളികളുടെ കറന്‍സി നിരീക്ഷണ പട്ടികയില്‍ നിന്നും ഇന്നലെ രൂപയെ യുഎസ് ഭരണകൂടം ഒഴിവാക്കിയിരുന്നു. രൂപയെ രക്ഷിക്കാന്‍ ചില നടപടികളെടുത്തുവെന്ന് കഴിഞ്ഞയാഴ്ച ഇന്ത്യ യുഎസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യന്‍ കറന്‍സിയെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കിയത്. പക്ഷേ രൂപയുടെ അധോഗതി കൂടുതല്‍ ആഴങ്ങളിലേക്ക് തന്നെയാണ്. ഈ വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഏഴ് ശതമാനമായിരിക്കുമെന്നാണ് മോഡി സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും അത് 4.25 ശതമാനമായി താഴേക്ക് തിരുത്തിക്കുറിക്കപ്പെടേണ്ടി വരുമെന്നും സാമ്പത്തിക വിദഗ്ധര്‍ സൂചന നല്‍കിക്കഴിഞ്ഞു.

സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് മോഡി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന കണക്കുകള്‍ അവിശ്വസനീയമാണെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഊതിവീര്‍പ്പിച്ച വളര്‍ച്ച കണക്കുകളില്‍ ഊഞ്ഞാലാടുകയാണെന്ന വിദഗ്ധരുടെ നിഗമനം ശരിയാകുന്ന നിലയിലാണ് സംഗതികള്‍ ആപല്‍ക്കരമായി നീങ്ങിക്കൊണ്ടിരിക്കുന്നത്. രൂപയുടെ മൂല്യശോഷണംമൂലം പ്രവാസിപ്പണം ഇന്ത്യയിലേക്ക് ഒഴുകുന്നതിന്റെ ആക്കം കൂട്ടുന്നുവെന്ന കണക്കുകള്‍ ഇന്നലെ യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ടതും ശ്രദ്ധേയമാണ്.

You May Also Like This: