ഇന്നും നാളെയുമായി 36 മണിക്കൂര്‍ ഇന്ത്യാസന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തിച്ചേരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നൂറുകോടിയിലധികം രൂപ പൊടിച്ച് ആര്‍ഭാടവും ആഘോഷവും നിറഞ്ഞ സ്വീകരണമാണ് പ്രധാനമന്ത്രി മോഡിയും കൂട്ടരും ഒരുക്കിയിട്ടുള്ളത്. ട്രംപും മോഡിയും ഗുജറാത്തില്‍ എത്തിയാല്‍ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളം മുതല്‍ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള റോഡിനിരുവശവും വര്‍ണശബളമായ അലങ്കാരം ആരേയും അമ്പരപ്പിക്കുന്ന നിലയിലാണ് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തില്‍ നിന്നും മോട്ടറ സ്റ്റേഡിയം വരെയുള്ള വഴിയില്‍ ഉള്ള ദേവ്ശരണ്‍ ചേരി, ട്രംപിന്റെ ദൃഷ്ടിയില്‍ പെടാതിരിക്കാന്‍ ഏഴടി ഉയരത്തില്‍ കോട്ടകെട്ടി മറച്ച വാര്‍ത്ത ലോകമാധ്യമങ്ങള്‍ ആഘോഷമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ആരാണെന്നുപോലും അറിഞ്ഞുകൂടാത്ത പാവപ്പെട്ട ഇരുനൂറിലധികം കുടുംബങ്ങള്‍ പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന ചേരിയാണിത്. മതില്‍ കെട്ടി മറയ്ക്കുന്ന വാര്‍ത്തകള്‍ പുറം ലോകം അറിഞ്ഞതിന്റെ പ്രതികരണമെന്ന നിലയില്‍ ചേരിയില്‍ 45 കുടുംബങ്ങള്‍ ഉടന്‍ ഒഴിഞ്ഞുപോകണം എന്ന് അഹമ്മദാബാദ് മുനിസിപ്പാലിറ്റി നോട്ടീസ് നല്‍കിയിരിക്കുകയാണ്.
അമേരിക്കയില്‍ മോഡിക്കു നല്‍കിയ ‘ഹൗഡിമോഡി’ സ്വീകരണ പരിപാടിയെ വെല്ലുന്ന സ്വീകരണം ഒരുക്കുന്നതിന് എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ മോഡിയും സംഘവും അനുവാദം നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള യാത്ര തുടങ്ങവേ ട്രംപ് അമേരിക്കയില്‍ പത്രലേഖകരോടു സംസാരിച്ചപ്പോള്‍ തന്നെ സ്വീകരിക്കാന്‍ ഒരു കോടിയിലധികം ജനങ്ങള്‍ എത്തിച്ചേരുമെന്ന് മോഡി അദ്ദേഹത്തെ അറിയിച്ചതായി പറഞ്ഞിരുന്നു. അമേരിക്കയിലെ വന്‍ വ്യവസായിയായ ട്രംപ് 2016 ല്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിനെ തുടര്‍ന്ന് തീവ്ര വലതുപക്ഷ നിലപാടുകള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചു. വിദേശ നയത്തിലും ആഭ്യന്തര നയത്തിലും ട്രംപ് വരുത്തിയ മാറ്റങ്ങള്‍ തന്റെ മുന്‍ഗാമികളെയെല്ലാം കടത്തിവെട്ടുന്നതായിരുന്നു. ട്രംപിനെതിരെ ഉയര്‍ന്നുവന്ന അതീവ ഗുരുതരമായ ആരോപണങ്ങള്‍ പ്രസിഡന്റ് പദവിയില്‍ നിന്നും ഇംപീച്ച്മെന്റ് നടപടികള്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടു. ആഗോളതലത്തില്‍ തന്റെ മുന്‍ഗാമികള്‍ ഒപ്പുവച്ച കരാറുകളില്‍ നിന്നും എല്ലാ അന്തര്‍ദേശീയ മര്യാദകളും ലംഘിച്ച് ഏകപക്ഷീയമായി പിന്‍മാറി. പലസ്തീന്‍, ഇറാന്‍, ഇറാക്ക്, സിറിയ, വെനസ്വേല, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളില്‍ ദുരന്തം വിതച്ച ഭരണാധികാരിയായി ട്രംപ് മാറി. ഇറാന്റെ സര്‍വ സൈന്യാധിപന്‍ സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ ബോംബിട്ടു കൊന്ന നടപടിയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.
സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളുടെ മേല്‍ അധിനിവേശം നടത്തുന്ന അമേരിക്കന്‍ നിലപാട് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇറാക്കിന്റെ ഭരണാധികാരി സദ്ദാം ഹുസൈനെ ക്രൂരമായി വധിച്ചതിന് നാളിതുവരെ ഉത്തരം നല്‍കുവാന്‍ അമേരിക്കയ്ക്കു കഴിഞ്ഞിട്ടില്ല. ട്രംപിന്റെ എല്ലാ വിദേശ സന്ദര്‍ശനങ്ങളിലും ആയുധക്കച്ചവടം അവിഭാജ്യ ഭാഗമായിരിക്കും. ട്രംപിന്റെയും അമേരിക്കയുടെയും സാമ്പത്തിക അടിത്തറ ആയുധക്കച്ചവടമാണ്. ഇന്ത്യാസന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള ഇരുപതിനായിരം കോടിയുടെ സീഹോക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ നേവിക്കുവേണ്ടി അമേരിക്കയില്‍ നിന്നും വാങ്ങുന്നതിനുള്ള കരാര്‍ ഒരു ചെറിയ ഭാഗം മാത്രമാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വലിയ ആശങ്ക ഉളവാക്കുന്നതാണ്. ഇന്ത്യ‑അമേരിക്ക പുതിയ ആണവ കരാര്‍ ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ മുഖ്യ ചര്‍ച്ചാവിഷയമാകുന്നു. ആറ് ആണവ റിയാക്ടറുകള്‍ ഇന്ത്യ അമേരിക്കയില്‍ നിന്നും വാങ്ങുന്നതുള്‍പ്പെടെ അതീവ സങ്കീര്‍ണമായ തീരുമാനങ്ങള്‍ വന്നു കഴിഞ്ഞു. അമേരിക്കയുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഏറ്റവും അടുത്ത ആയുധ പങ്കാളിയായി ഇന്ത്യ മാറുകയാണ്. താലിബാന്‍ എന്ന ഭീകര സംഘടനയുമായി അമേരിക്ക 2020 ഫെബ്രുവരി 29ന് സമാധാനക്കരാര്‍ ഒപ്പുവയ്ക്കുമെന്ന താലിബാന്റെ പ്രഖ്യാപനം അമേരിക്കയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്. താലിബാനുമായുണ്ടാക്കുന്ന ഏത് കരാറും ഇന്ത്യയ്ക്കു അതീവ ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും വലിയ താവളം ഉറപ്പിച്ചിട്ടുള്ള താലിബാന്‍ കൂടുതല്‍ കരുത്തോടുകൂടി ഇന്ത്യന്‍ മണ്ണില്‍ ഭീകരത അഴിച്ചുവിടും.
പാരീസ് ഉടമ്പടിയില്‍ നിന്നും ഏകപക്ഷീയമായി പിന്‍മാറിയ ട്രംപ് ഇന്ത്യക്കെതിരെ കടുത്ത നിലപാടാണ് എടുത്തിട്ടുള്ളത്. ആഗോളതാപനം നിയന്ത്രിക്കുന്നതിന് ലക്ഷ്യമിട്ട് 2015 ഡിസംബറില്‍ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടി ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള പുതിയ ഉടമ്പടി മുന്നോട്ടുവയ്ക്കുകയായിരുന്നു. ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെ 195 രാജ്യങ്ങള്‍ പങ്കാളിയായ ഉടമ്പടിയില്‍ അമേരിക്കയ്ക്കുവേണ്ടി ട്രംപിന്റെ മുന്‍ഗാമിയായ ബരാക് ഒബാമയാണ് ഒപ്പുവച്ചത്. ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം എല്ലാവിധ അന്തര്‍ദേശീയ നിയമങ്ങളും ലംഘിച്ച് അമേരിക്ക കരാറില്‍ നിന്നും ഏകപക്ഷീയമായി പിന്‍മാറി. ഇന്ത്യയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ട്രംപ് ഈ വിഷയത്തില്‍ ഉന്നയിച്ചത്. കോടിക്കണക്കിന് ഡോളര്‍ വിദേശ സഹായം കൈപ്പറ്റുന്നതിന് മാത്രമാണ് ഇന്ത്യ പാരീസ് ഉടമ്പടിയില്‍ ഒപ്പിട്ടതെന്ന് ട്രംപ് ആരോപിച്ചു. പാരീസ് ഉടമ്പടിപ്രകാരം ആഗോളതാപനത്തിന് കാരണമാകുന്ന കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുകയും ഇന്ത്യയടക്കം വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യണമെന്ന കരാറിലെ വ്യവസ്ഥകളാണ് ട്രംപിന്റെ എതിര്‍പ്പിനു കാരണമായത്.
ഇത്തവണത്തെ ഇന്ത്യാസന്ദര്‍ശനത്തില്‍ ആയുധ വ്യാപാരത്തോടൊപ്പം എല്ലാ മേഖലകളിലും സ്വതന്ത്രവ്യാപാരമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ക്ഷീരോല്പന്നങ്ങള്‍, കോഴി, മാംസം എന്നിവയുടെ ഇറക്കുമതി നിയന്ത്രണം പകുതിയായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞു. പാല്‍ ഉല്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യയിലെ ക്ഷീരോല്പാദന മേഖലയില്‍ വന്‍ തിരിച്ചടി ഉണ്ടാക്കും. ഈ സന്ദര്‍ശനത്തിന് ഒരാഴ്ച മുമ്പാണ് അമേരിക്കയുമായി വ്യാപാരബന്ധം പുലര്‍ത്തിവന്നിരുന്ന രാജ്യങ്ങളില്‍ പ്രത്യേക പരിഗണന നല്‍കിവന്നിരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കിയത്. ട്രംപ് നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകളോടുകൂടി പുതിയ കരാര്‍ ഉണ്ടാക്കുകയാണ് ഇപ്രകാരമൊരു നീക്കത്തിനു പിന്നിലെ ഉദ്ദേശം. രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യവും ഭരണഘടനയും സമാധാനവും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വലിയ ആശങ്ക ഉളവാക്കുന്നതാണ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.