Web Desk

June 01, 2020, 4:30 am

രണ്ടാം മോഡി ഭരണം: ഇന്ത്യന്‍ ജനാധിപത്യം ക്വാറന്റെെനില്‍

Janayugom Online

ന്ത്യയെപ്പോലെ ബൃഹത്തായ ഒരു രാഷ്ട്രത്തിന്റെ വെെവിധ്യങ്ങളെയും വെെജാത്യങ്ങളെയും അപ്പാടെ നിരാകരിക്കുന്ന കേവല ഭൂരിപക്ഷവാദത്തിന്റെയും അധികാര കേന്ദ്രീകരണത്തിന്റെയും അന്തരീക്ഷത്തിലാണ് രണ്ടാം മോഡി സര്‍ക്കാര്‍ അതിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തീകരിച്ചത്. വാര്‍ഷികം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ജനങ്ങള്‍ക്ക് എഴുതിയ തുറന്ന കത്തില്‍ അക്കമിട്ടു നിരത്തിയ മുഖ്യനേട്ടങ്ങള്‍ ഓരോന്നും ആ ജനാധിപത്യ നിഷേധത്തിന്റെ പട്ടികയായിരുന്നു. മുത്തലാഖ് അവസാനിപ്പിച്ച് ഭാര്യയെ ഉപേക്ഷിക്കുന്ന മുസ്‌ലിം പൗരന്റെ നടപടിയെ ക്രിമിനൽ കുറ്റകൃത്യമാക്കി മാറ്റുന്ന നിയമനിര്‍മ്മാണമായിരുന്നു അവയില്‍ ഒന്നാമത്തേത്.

ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ അപൂര്‍വമായെങ്കിലും തുടര്‍ന്നുവരുന്ന മനുഷ്യത്വഹീനമായ മുത്തലാഖിനെ കുറ്റകൃത്യമാക്കി മാറ്റുന്ന നിയമം ഇതര മതസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമാന കുറ്റകൃത്യത്തിനു നേരെ കണ്ണടയ്ക്കുന്നു. ജമ്മു-കശ്മീരിന് പ്രത്യേക പദവി ഉറപ്പുനല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിക്കൊണ്ടുള്ള ഗവണ്മെന്റ് ഉത്തരവാണ് മറ്റൊരു സുപ്രധാന നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. മോഡി സര്‍ക്കാരിന്റെ ആ നടപടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളുടെയും ഇന്ത്യന്‍ യൂണിയന്‍ അങ്ങേയറ്റത്തെ കരുതലോടെ അവലംബിച്ച രാഷ്ടീയവും നിയമപരവുമായ വ്യവസ്ഥയുടെയും സ്വേച്ഛാധിപത്യപരമായ നിഷേധമായാണ് ലോകം വിലയിരുത്തുന്നത്. വരുംകാല ചരിത്രവും അങ്ങനെതന്നെയായിരിക്കും ആ നടപടിയെ രേഖപ്പെടുത്തുക.

2019 നവംബറില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് അനുകൂലമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയാണ് മോഡിയുടെ കത്ത് മറ്റൊരു നേട്ടമായി നിരത്തുന്നത്. ചരിത്രപ്രസിദ്ധമായ ബാബ്റിമസ്ജിദ് തകര്‍ത്തതിനെതിരായ ക്രിമിനല്‍ കേസില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനും മുമ്പ്, അയോധ്യയിലെ ഭൂമിതര്‍ക്കം നിലനില്‍ക്കുന്നുവെന്ന് അസന്ദിഗ്ധമായി അംഗീകരിക്കുന്ന കോടതി വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ കറുത്ത ഏടുകളില്‍ ഒന്നായി എക്കാലവും നിലനില്‍ക്കും. മോഡി സര്‍ക്കാര്‍ അതിന്റെ നാലാമത്തെ ഏറ്റവും വലിയ നേട്ടമായി നിരത്തുന്നത് പൗരത്വ ഭേദഗതി നിയമമാണ് (സിഎഎ). മേല്‍വിവരിച്ച ‘നേട്ടങ്ങള്‍’ ഓരോന്നും പരിശോധിച്ചാല്‍ അവ ഓരോന്നും ഏതൊരു ലക്ഷ്യത്തോടെയാണ് നിറവേറ്റപ്പെട്ടത്, അവയുടെ സ്വാഭാവിക പരിണാമമാണ് പൗരത്വ ഭേദഗതി നിയമത്തില്‍ എത്തിനില്‍ക്കുന്നതെന്ന് ആര്‍ക്കും ബോധ്യപ്പെടും.

നരേന്ദ്രമോഡിയും സംഘപരിവാറും വിശാല ഹിന്ദുത്വ തീവ്രവാദശക്തികളും ലക്ഷ്യംവയ്ക്കുന്ന ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ഏകമാര്‍ഗം ഇന്ത്യന്‍ ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് ഭൂരിപക്ഷ ആധിപത്യം ഉറപ്പിക്കുക മാത്രമാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ രൂഢമൂലമായ മതനിരപേക്ഷത നിലനിര്‍ത്തിക്കൊണ്ട് രാഷ്ട്രീയ അധികാരത്തെപ്പറ്റി ഒരു വര്‍ഗ്ഗീയശക്തിക്കും സ്വപ്നം കാണാന്‍പോലും ആവില്ല. അവിടെയാണ് ജനസംഖ്യയില്‍ ഗണ്യമായ ഒരു വിഭാഗത്തെ ദേശവിരുദ്ധരും രാജ്യദ്രോഹികളുമായി ഉയര്‍ത്തിക്കാട്ടി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിനെ ശ്വാശ്വത പ്രതിഭാസമാക്കി മാറ്റാനുള്ള ഫാസിസ്റ്റ് ശ്രമം.

അയല്‍രാജ്യങ്ങളില്‍ പീഡനം നേരിടേണ്ടിവരുന്ന ഏതൊരാള്‍ക്കും ഇന്ത്യ അഭയവും പൗരത്വവും നല്‍കുമെന്നതിനു പകരം മുസ്‌ലിം ഒഴികെയുള്ള ആര്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ ലക്ഷ്യം ബോധപൂര്‍വമായ ഭിന്നിപ്പിക്കല്‍ നയം തന്നെയാണ്. സിഎഎക്ക് തുടര്‍ച്ചയായി പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള ശ്രമം ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് താല്‍ക്കാലികമായെങ്കിലും ഉപേക്ഷിക്കേണ്ടി വന്നു. പ്രധാനമന്ത്രി സര്‍ക്കാരിന്റെ നേട്ടങ്ങളായി അക്കമിട്ടു നിരത്തിയവ ഓരോന്നും കഴിഞ്ഞ ഒരു വര്‍ഷക്കാലംകൊണ്ട് പൊടുന്നനെ കെെവരിച്ചവയല്ല. മറിച്ച്, ഏറെ കണക്കുകൂട്ടലുകളോടെ ഒന്നാം മോഡി ഭരണകൂടം നടത്തിയ ജനാധിപത്യപരവും ഭരണഘടനാപരവുമായ അട്ടിമറികളുടെ പരിണിതഫലങ്ങളാണ്.

ഭരണഘടനാ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും ഒന്നൊന്നായി അസ്ഥിരീകരിച്ച് നോക്കുകുത്തികളാക്കി മാറ്റിക്കൊണ്ടാണ് മോഡി ഭരണകൂടം അതിന്റെ ജനാധിപത്യധ്വംസനവും അധികാരകേന്ദ്രീകരണവും സാധ്യമാക്കിക്കൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ്, റിസര്‍വ് ബാങ്ക്, സുപ്രീംകോടതി, പ്ലാനിംഗ് കമ്മീഷൻ, സിബിഐ, തെരഞ്ഞെടുപ്പ് കമ്മിഷന്‍, സര്‍വകലാശാലകള്‍, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍, വിവരാവകാശ നിയമം, കേന്ദ്ര വിവരാവകാശ കമ്മിഷന്‍ തുടങ്ങി സമസ്ത ജനാധിപത്യ സ്ഥാപനങ്ങളും സംവിധാനങ്ങളും ഫാസിസ്റ്റ് അട്ടിമറിയുടെ ഇരകളായി മാറിയിരിക്കുന്നു. അടിയന്തിരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പോലും കെെവരിക്കാൻ കഴിയാതിരുന്ന സ്വേച്ഛാധികാരത്തിന്റെ ഇരിപ്പിടമായി പ്രധാനമന്ത്രിപദം മാറിയിരിക്കുന്നു. വിമര്‍ശനം ഉന്നയിക്കുന്നവരും ചോദ്യം ചോദിക്കുന്നവരും രാജ്യദ്രോഹികളായി മുദ്രയടിക്കപ്പെട്ട് തുറങ്കിലടയ്ക്കപ്പെടുന്ന കെട്ടകാലം. ഫലത്തില്‍ ഇന്ത്യന്‍ ജനാധിപത്യം മോഡി ഭരണത്തില്‍ അനിശ്ചിതത്വത്തിന്റെയും ആശങ്കകളുടെയും ഭയത്തിന്റെയും ക്വാറന്റെെനില്‍ ആയിരിക്കുന്നു.