September 26, 2022 Monday

‌അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ അജണ്ടയ്ക്ക് കീഴ്‌പ്പെട്ട് അടിതെറ്റുന്ന ഇന്ത്യന്‍ നയതന്ത്രം

ഡോ. ജിപ്‍സണ്‍ വി പോള്‍
August 11, 2021 5:00 am

ഇരുപത് വര്‍ഷം നീണ്ടുനിന്ന അധിനിവേശ രാഷ്ട്രീയം ഉപേക്ഷിച്ചുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വം അഫ്ഗാന്‍ മണ്ണില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുന്നു. ശീതയുദ്ധാനന്തരം ആരംഭിച്ച അമേരിക്കന്‍ ഏകപക്ഷീയ (യൂണിലാറ്ററല്‍) രാഷ്ട്രീയ അജണ്ടയുടെ മുഖത്തടിച്ചതുപോലെ അമേരിക്കന്‍ വാണിജ്യ‑സാമ്രാജ്യത്വത്തിന്റെ പ്രതീകമായ ട്വിന്‍ടവേഴ‌്സിലേക്ക് അല്‍ഖ്വയ്ദ ഭീകരര്‍ വിമാനം ഉപയോഗിച്ചുകൊണ്ട് നടത്തിയ ഭീകരാക്രമണം അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയെ ഉലച്ചുകളഞ്ഞു. അമേരിക്കന്‍ ഐക്യനാടുകള്‍ രൂപീകൃതമായതിനുശേഷം ഒരു രാജ്യത്തിനും അമേരിക്കന്‍ മണ്ണില്‍ ആക്രമണം നടത്താന്‍ ക­ഴിഞ്ഞിട്ടില്ല. സെപ്റ്റംബര്‍ 11, 2001 ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ലോകത്താകമാനം ഭീകരതക്കെതിരായ യുദ്ധം അഥവാ ‘വാര്‍ ഓണ്‍ ടെറര്‍’ എന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ ഇര അഫ്ഗാനിസ്ഥാന്‍ ആയിരുന്നു. അഫ്ഗാനിസ്ഥാനെയും ഇറാനെയും ദക്ഷിണകൊറിയയെയും തിന്മയുടെ അച്ചുതണ്ട് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ആക്രമിക്കാനുള്ള പദ്ധതികളാണ് അമേരിക്ക തയ്യാറാക്കിയത്. എന്നാല്‍ ഭീകരതക്കെതിരെയുള്ള യുദ്ധം എന്ന് വിശേഷിപ്പിക്കപ്പെട്ട യുദ്ധത്തിലും അമേരിക്കയുടെ ഗുപ്തമായ സാമ്രാജ്യത്ത താല്പര്യങ്ങളായിരുന്നു. മധ്യേഷ്യയിലും ദക്ഷിണേഷ്യയിലും നഷ്ടപ്പെട്ട തങ്ങളുടെ സ്വാധീനം നിലനിര്‍ത്താനും മധ്യേഷ്യയിലെ എണ്ണസമ്പത്തില്‍ കണ്ണുവച്ചും വന്‍ മുതല്‍മുടക്കില്‍ തുടങ്ങിയ യുദ്ധം അമേരിക്കയ്ക്ക് സമ്മാനിച്ചത് നഷ്ടങ്ങള്‍ മാത്രമാണ്. 2008ലെ സാമ്പത്തിക മാന്ദ്യം അമേരിക്കയെയും യൂറോപ്പിനെ തന്നെയും സാമ്പത്തികമായും രാഷ്ട്രീയമായും ക്ഷീണിപ്പിച്ചു.

2003‑ല്‍ ഇറാഖിനെ ആക്രമിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ പ്രത്യേകിച്ച് നാറ്റോ അംഗരാജ്യങ്ങള്‍ തന്നെ അമേരിക്കയെ എതിര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ശീതയുദ്ധാനന്തരം ആരംഭിച്ച ഏകലോകദ്രുവ രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കുന്നതിനും ഭീകരതക്കെതിരായ ആഗോള യുദ്ധം കാരണഹേതുവായി. ഇതോടൊപ്പം ഏഷ്യന്‍ ശക്തികളായ ചൈനയുടേയും ഇന്ത്യയുടേയും സാമ്പത്തിക‑രാഷ്ട്രീയ വളര്‍ച്ചയും അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏഷ്യന്‍ ഭൂഖണ്ഡം അവരുടെ രാഷ്ട്രീയ‑സൈനികാക്രമണത്തിന്റെ പ്രഥമ പരിഗണനാ കേന്ദ്രവുമാക്കി. അമേരിക്ക‑ചൈനയുമായി ആരംഭിച്ച വ്യാപാരയുദ്ധം അതിന്റെ വ്യാപാര സ്വഭാവം വിട്ടുകൊണ്ട് രാഷ്ട്രീയരൂപം പ്രാപിച്ച കാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അപക്വമായ അമേരിക്കന്‍ പിന്‍മാറ്റം ലോകരാഷ്ട്രീയത്തിലും പ്രത്യേകിച്ച് ഏഷ്യയിലും ചെലുത്താന്‍ പോകുന്ന സ്വാധീനം വളരെ വലുതാണ്. അമേരിക്ക അഫ്ഗാനില്‍ നിന്ന് പിന്‍മാറേണ്ടത് ആവശ്യകത തന്നെയാണ് എന്തുകൊണ്ടെന്നാല്‍ അവര്‍ കടന്നാക്രമണകാരികളും കടന്നുകയറ്റക്കാരും തന്നെയാണ്. എന്നാല്‍ അപക്വം എന്ന് ഉപയോഗിച്ചത് ആരെ പുറത്താക്കി അഫ്ഗാന്‍ ജനതയുടെ മനുഷ്യാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കും എന്ന് പ്രഖ്യാപിച്ച അമേരിക്ക അവര്‍ പുറത്താക്കും എന്ന് അവകാശപ്പെട്ട മതമൗലികവാദികളായ താലിബാന്റെ തിരിച്ചുവരവിന് കളമൊരുക്കുകയാണ് ചെയ്തത്. ഹമീദ് കര്‍സായിയുടെ പാവസര്‍ക്കാരിനെ പ്രതിഷ്ഠിച്ച അമേരിക്ക ഒരിക്കല്‍പോലും ശരിയായ ജനാധിപത്യ മൂല്യങ്ങളിലേക്ക് ആ രാഷ്ട്രത്തെ നയിക്കാനായി ഒന്നുംതന്നെ ചെയ്തില്ല. വലതുപക്ഷ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്താണ് അമേരിക്കന്‍ സേനാപിന്‍മാറ്റം നടത്താന്‍ തീരുമാനമെടുത്തത്. അഫ്ഗാന്‍ ഗവണ്‍മെന്റിനെ മറയത്തിരുത്തി താലിബാനുമായി നേരിട്ടാണ് അമേരിക്ക ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയില്‍ ഒരിടത്തും അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിനിധി ഉണ്ടായിരുന്നില്ല. ഭീകരവാദികളായ താലിബാന് അന്താരാഷ്ട്രതലത്തിലും അഫ്ഗാനിസ്ഥാനിലും രാഷ്ട്രീയ അസ്ഥിത്വം രൂപീകരിക്കാന്‍ ഈ ചര്‍ച്ചകള്‍ വഴിവച്ചു. ഈ ചര്‍ച്ചകളില്‍ ഒരിടത്തും വെടിനിര്‍ത്തലോ, മനുഷ്യാവകാശ സംരക്ഷണമോ, സ്ത്രീസുരക്ഷയോ സ്ഥാനം പിടിച്ചില്ല. അഫ്ഗാനിലെ ഇന്നത്തെ രാഷ്ട്രീയ അസ്ഥിരതയ്ക്കും അരാജകത്വത്തിനും കാരണക്കാര്‍ അമേരിക്ക മാത്രമാണ്.

അമേരിക്കയുടെ ഭീകരതയ്ക്കെതിരായ ആഗോളയുദ്ധം അമേരിക്കയുടെ ഏറ്റവും വിശ്വസ്തയായ സഖ്യകക്ഷി പാകിസ്ഥാന്‍ അമേരിക്കന്‍ സ്വാധീനവലയത്തില്‍ നിന്ന് അകലുകയും ചെെനയോട് അടുക്കുകയും ചെയ്തു. ലോകരാഷ്ട്രീയ സംഭവവികാസങ്ങളില്‍ എല്ലാക്കാലത്തും ചേരിചേരാ നയം ഉയര്‍ത്തിപ്പിടിച്ച നെഹ്റുവിന്റെ ഇന്ത്യയാകട്ടെ അതിന്റെ വിദേശനയങ്ങളുടെ മൂല്യങ്ങളെയെല്ലാം പരിത്യജിച്ചുകൊണ്ട് സാമ്രാജ്യത്ത താല്പര്യ സംരക്ഷകരായി മാറ്റുന്ന പരമദയനീയമായ അവസ്ഥയാണ് സ്വീകരിച്ചത്. മന്‍മോഹന്‍ സിങ്ങിന്റെ കാലഘട്ടത്തില്‍ ന്യൂക്ലിയര്‍ എഗ്രിമെന്റിലൂടെ അമേരിക്കന്‍ താല്പര്യങ്ങളുടെ സംരക്ഷകരായി മാറിയ ഇന്ത്യ, ബിജെപി ഭരണകാലഘട്ടത്തില്‍ അതിന്റെ സീമകളെയെല്ലാം മറികടന്ന് നാറ്റോ സഖ്യകക്ഷിയുടെ നിലവാരത്തില്‍ എത്തിനില്‍ക്കുന്നു. 2020ല്‍ ഒപ്പിട്ട ‘ബേസിക് എക്സ്ചേഞ്ച് ആന്റ് കോഓപ്പറേഷന്‍’ കരാര്‍ ഇന്ത്യയെ ഏതാണ്ട് അമേരിക്കയുടെ സെെനിക സഖ്യകക്ഷി എന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു.

പസഫിക് മേഖലയിലെ ചെെനയുടെ താല്പര്യങ്ങളെ തടയുന്നതിനും അമേരിക്കന്‍ താല്പര്യങ്ങളുടെ സംരക്ഷണത്തിനുമായി ആരംഭിച്ച സ്ക്വാഡ് സെെനിക ഉടമ്പടിയിലെ പ്രധാന പങ്കാളിയാണ് ഇന്ത്യ. ജപ്പാനും ഓസ്ട്രേലിയയുമാണ് ഇതിലെ മറ്റ് അംഗങ്ങള്‍. ഇന്ത്യയും ചെെനയുമായി ആരംഭിച്ച അതിര്‍ത്തിതര്‍ക്കങ്ങള്‍ രണ്ട് രാജ്യങ്ങളും ചേര്‍ന്ന് സമാധാനപരമായി പരിഹരിക്കുന്ന കാലഘട്ടത്തിലാണ് ഇന്ത്യ‑അമേരിക്ക സെെനികസഖ്യം ശക്തിപ്പെടുത്താന്‍ മോഡി ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഏഷ്യന്‍ വന്‍ശക്തികളായ ഇന്ത്യ‑ചെെന ബന്ധം ഊഷ്മളമായി നിലനിര്‍ത്തേണ്ടത് ലോകശക്തികളാകാന്‍ കൊതിക്കുന്ന ഇരു രാജ്യങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്. അമേരിക്കന്‍ സാമ്രാജ്യത്ത അജണ്ടയെ തിരിച്ചറിഞ്ഞുകൊണ്ട് ചേരിചേരാ നയത്തിലും — ഗുജറാള്‍ ഡോക്ട്രീനെ അടിസ്ഥാനപ്പെടുത്തിയുള്ള വിദേശനയവും അയല്‍പക്കനയവുമാണ് ഇന്ത്യ രൂപപ്പെടുത്തേണ്ടത്. അമേരിക്കന്‍പക്ഷം ചേര്‍ന്ന് ഏഷ്യയെ പുതിയ ശീതയുദ്ധത്തിന്റെ കളിക്കളം ആക്കാന്‍ ഇന്ത്യ ഒരിക്കലും കൂട്ടുനില്‍ക്കരുത്.

താലിബാന് ആളും അര്‍ത്ഥവും നല്കുന്ന പാക്‌നയം ഇന്ത്യക്ക് സമ്മാനിക്കുന്നത് വന്‍ തിരിച്ചടികളാണ്. അഫ്ഗാനുമായി ചരിത്രാതീത ബന്ധമുള്ള ഇന്ത്യക്ക് താലിബാന്‍ കാലഘട്ടത്തില്‍ ഒരിക്കല്‍പോലും നല്ല ബന്ധം നിലനിര്‍ത്താനായിട്ടില്ല. ഭീകരതയെ എതിര്‍ക്കുന്ന ഇന്ത്യക്ക് ഭീകരവാദികളായ താലിബാനുമായി സഖ്യത്തില്‍ ഏര്‍പ്പെടാനാകില്ല. അമേരിക്കന്‍ സെെന്യം അഫ്ഗാന്‍ വിട്ടതിനു പിന്നാലെ താലിബാന്‍ അഫ്ഗാനില്‍ അതിവേഗം പിടിമുറുക്കുകയാണ്.

അമേരിക്കയുടെ പിന്‍മാറ്റവും താലിബാന്റെ മുന്നേറ്റവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെയാണ്. അമേരിക്കന്‍ സഹായം പ്രതീക്ഷിച്ച് രണ്ട് ബില്യണ്‍ ഡോളര്‍ അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന വികസനത്തിലും നിര്‍മ്മാണ മേഖലയിലും മുടക്കിയ ഇന്ത്യ അഫ്ഗാനില്‍ ഒറ്റപ്പെട്ട നിലയിലാണ്. അമേരിക്കന്‍ താല്പര്യങ്ങള്‍ക്കായി ഇറാനെ പിണക്കിയതോടെ ഇറാന്‍ വഴി അഫ്ഗാനില്‍ എന്തെങ്കിലും തരത്തിലുള്ള സാധ്യതയും നഷ്ടമാക്കി. അഫ്ഗാന്‍ നയത്തില്‍ ഇന്ത്യയെക്കാളും അമേരിക്ക ആശ്രയിക്കുന്നത് പാകിസ്ഥാനെയാണെന്നുള്ളത് കൗതുകകരമായ മറ്റൊരു വസ്തുത. പാകിസ്ഥാനോടൊപ്പം ഇറാനും ചെെനയുമായി ബന്ധം മെച്ചപ്പെടുത്താനായി ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യ നിര്‍ത്തിവച്ച ഛഭാര്‍ തുറമുഖ വികസനം ചെെന ഏറ്റെടുക്കാന്‍ പോകുന്നു. അഫ്ഗാന്‍ വഴി ഇറാനിലും പടിഞ്ഞാറന്‍ ഏഷ്യയിലും സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഇന്ത്യന്‍ താല്പര്യങ്ങളും അസ്തമിച്ച മട്ടാണ്. അമേരിക്കന്‍ താല്പര്യ സംരക്ഷണത്തിന് ഇന്ത്യ കൊടുത്ത അമിത താല്പര്യമാണ് ഈ മേഖലയില്‍ ഇന്ത്യ ഒറ്റപ്പെടാന്‍ കാരണം. റഷ്യയാകട്ടെ പഴയതുപോലെ ഇന്ത്യന്‍ സൗഹൃദത്തെ കണക്കാക്കുന്നില്ല. മറിച്ച് ചെെനയുമായി ചേര്‍ന്ന് ആഗോള അമേരിക്കന്‍ താല്പര്യങ്ങളെ പ്രതിരോധിക്കാനുള്ള വലിയ ലക്ഷ്യത്തിലുമാണ്.

അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം ഉണ്ടാക്കുന്ന ശക്തിശൂന്യത (പവര്‍ വാക്വം) ചെെന ഏറ്റെടുക്കും എന്നുള്ളത് ഏറെക്കുറെ ഉറപ്പാണ്. അഫ്ഗാന്‍ രാഷ്ട്രീയത്തിലും പടിഞ്ഞാറന്‍ ഏഷ്യയിലും സ്വാധീനമുള്ള ഇറാനും പാകിസ്ഥാനും ചെെനക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനും സാധ്യതയുണ്ട്. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യക്ക് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കുന്നതിലൂടെ സംജാതമാകുന്ന സുരക്ഷാഭീഷണിയും വളരെ വലുതാണ്. പാകിസ്ഥാന്‍ പിന്തുണയോടെ കശ്മീരിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ താലിബാന്റെ പിന്തുണയും കൂടി ലഭിക്കാനുള്ള സാധ്യത വളരെയേറെയാണ്.

അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിലും രാഷ്ട്ര നിര്‍മ്മാണത്തിലും വലിയ പങ്ക് വഹിച്ച ഇന്ത്യക്ക് പക്ഷെ അഫ്ഗാന്‍ സമാധാന ചര്‍ച്ചകളിലൊന്നും യാതൊരു പങ്കുമില്ല. ഈ ചര്‍ച്ചകളിലെല്ലാം കേള്‍വിക്കാരന്റെ റോള്‍ മാത്രമാണ് ഇന്ത്യക്ക് ഉള്ളത്. അഫ്ഗാന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് രാഷ്ട്രീയ പോംവഴി മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. റഷ്യയും ഇറാനുമായി ചേര്‍ന്നുകൊണ്ട് നഷ്ടപ്പെട്ട പ്രതാപം അഫ്ഗാനില്‍ തിരിച്ചുപിടിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. നമ്മള്‍ കാലാകാലങ്ങളായി തുടര്‍ന്നുവന്ന വിദേശനയം അമേരിക്കന്‍ സാമ്രാജ്യത്ത അജണ്ടക്ക് പണയം വയ്ക്കുന്ന ഇന്ത്യന്‍ നയം തിരുത്തിയാല്‍ മാത്രമെ ലോകരാജ്യങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട വിശ്വാസവും അംഗീകാരവും നേടിയെടുക്കാന്‍ നമുക്കാവു. അഫ്ഗാനിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് അ­ഫ്ഗാനിസ്ഥാന്റെ ജനാധിപത്യവും അഫ്ഗാന്‍ ജനതയുടെ മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ താലിബാനുമായി രാഷ്ട്രീയ ചര്‍ച്ച നടത്തി ഇന്ത്യന്‍ താല്പര്യങ്ങളെ സംരക്ഷിക്കുന്നതായിരിക്കണം ഇന്ത്യയുടെ അഫ്ഗാന്‍ നയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.