ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കുല്‍ഭൂഷണ്‍ ജാദവിനെ കണ്ടു

Web Desk
Posted on September 02, 2019, 2:48 pm

ഇസ്ലാമാബാദ്:  ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍  കുല്‍ഭൂഷണ്‍ ജാദവിനെ കണ്ടു. പാക് വിദേശകാര്യമന്ത്രാലയത്തില്‍ വച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയാണ് കുല്‍ഭൂഷണെ സന്ദര്‍ശിച്ചത്. കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ ഏറെക്കാലം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ത്യയ്ക്ക് അനുകൂലമായി അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പുറപ്പെടുവിച്ചത്.

ഇന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോസ്ഥരുമായി കുല്‍ഭൂഷണ് കൂടിക്കാഴ്ച നടത്താമെന്ന് പാകിസ്ഥാന്‍ അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വിദേശകാര്യമന്ത്രാലയത്തിലെത്തി പാക് നയതന്ത്ര ഉദ്യോഗസ്ഥരെ കണ്ടിരുന്നു. ഇതിന് ശേഷമാണ് കൂടിക്കാഴ്ച തുടങ്ങിയിരിക്കുന്നത്. കുല്‍ഭൂഷണ്‍ ജാദവുമായി സ്വതന്ത്ര കൂടിക്കാഴ്ച അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. പാക് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ സ്വതന്ത്ര കൂടിക്കാഴ്ച അനുവദിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.
കുല്‍ഭൂഷണ്‍ ജാദവുമായുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സംസാരം റെക്കോഡ് ചെയ്യുമെന്നും ഉപാധികളോടെ മാത്രമേ കാണാനാകൂ എന്നുമായിരുന്നു പാകിസ്ഥാന്‍ വ്യക്തമാക്കിയത്. ഇത് അംഗീകരിച്ചാണോ കൂടിക്കാഴ്ച എന്നത് വ്യക്തമല്ല.

2016 മാര്‍ച്ച് 3നാണ് പാക് സുരക്ഷാ ഏജന്‍സികള്‍ ബലോചിസ്ഥാനില്‍ വച്ച് കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്യുന്നത്. ചാരപ്രവൃത്തി ആരോപിച്ചായിരുന്നു അറസ്റ്റ്. 2017 പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യ ജാദവിനെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. പാക് ചാരന്‍മാര്‍ ഇറാനിലെ ഛബഹര്‍ തുറമുഖത്ത് നിന്ന് ജാദവിനെ അനധികൃതമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നായിരുന്നു ഇന്ത്യയുടെ മറുവാദം. ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാകിസ്താന്‍ കുല്‍ഭൂഷണിനെ തടവില്‍ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം അത്യന്തം വഷളായതിനിടെയാണ് ഈ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയം.