Thursday
20 Jun 2019

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അഥവാ മഹാവിസ്‌ഫോടനം

By: Web Desk | Sunday 9 June 2019 8:15 AM IST


new-age editorial janayugom

ര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് ജനുവരി – മാര്‍ച്ച് മാസത്തെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.8 ശതമാനമാണ്. മോഡി സര്‍ക്കാരിന് നിതി ആയോഗ് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഇത് കഴിഞ്ഞ 17 പാദങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കുമാണ്. ഈ തളര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ പേരില്‍ രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനങ്ങളില്‍ അവതരിപ്പിക്കാനിടയുള്ള പരിപാടികള്‍ തീര്‍ച്ചയായും ബഹുരാഷ്ട്ര കുത്തകകളുടെ പ്രത്യേകിച്ച് ഉല്‍പാദന മേഖലയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവയായിരിക്കും.

ഭരണത്തിന്റെ ആദ്യഘട്ടത്തില്‍ അവതരിപ്പിച്ച ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന പദ്ധതിക്കും അതേ ലക്ഷ്യമായിരുന്നു. എന്നാല്‍ ഫലം ശൂന്യതയായിരുന്നു എന്നല്ലാതെ ആഗ്രഹതലത്തിനപ്പുറം പോയതുമില്ല. എന്നാല്‍ കൃത്യമായ രൂപരേഖയോടെ, എവിടെയെങ്കിലും എന്തെങ്കിലും എതിര്‍പ്പുയരുകയാണെങ്കില്‍ അതെല്ലാം ഇല്ലാതാക്കിക്കൊണ്ടുള്ള നിക്ഷിപ്ത താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് ഇത്തവണ നടപ്പിലാക്കുക. വന്‍ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ സാധാരണ മനുഷ്യരുടെയും പ്രത്യേകമായ കുറച്ചു വിഭാഗത്തിന്റെയും താല്‍പര്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയാണെങ്കില്‍ ആദ്യവിഭാഗത്തിന്റെ അടിച്ചമര്‍ത്തലാണുണ്ടാവുകയെന്നത് വളരെ വ്യക്തമാണ്.

നേരത്തേ തൊഴിലാളികളുടെയും കര്‍ഷകരുടെയും ഭൂമിയുടെയും തൊഴില്‍നിയമങ്ങളുടെയും സംരക്ഷണത്തിനായി നടന്ന ശക്തവും ദീര്‍ഘവുമായ സമരങ്ങളുടെ അനുഭവവും വ്യത്യസ്തമായിരുന്നില്ല. ഇനി മുഴുവന്‍ അന്തഃസത്തയെയും പുനര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് പരിഷ്‌കരണങ്ങള്‍ വീണ്ടും പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിക്കും. വിദേശ നിക്ഷേപകരെ തൃപ്തിപ്പെടുത്തുന്നതില്‍ തല്‍പരരായതിനാല്‍ സര്‍ക്കാര്‍ അക്കാര്യത്തില്‍ ധൃതി കാട്ടുകയും ചെയ്യും. പരിഷ്‌കരണങ്ങള്‍ എന്ന പേരില്‍ അല്ലെങ്കില്‍ തൊഴില്‍ നിയമങ്ങളെ മാറ്റിയെഴുതുമ്പോള്‍ ആദ്യം നോട്ടുനിരോധനത്തിന്റെയും പിന്നീട് ചരക്കുസേവന നികുതി നടപ്പിലാക്കിയതിന്റെയും ഫലമായി സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ അവര്‍ പരിഗണിക്കുകയേ ഇല്ല. സമീപകാലത്ത് ഉണ്ടായ വന്‍ തിരിച്ചടികളില്‍ നിന്ന് സമ്പദ്ഘടന ഇനിയും കര കയറാനിരിക്കുന്നതേയുള്ളൂ. പരിഷ്‌കരണങ്ങള്‍ എന്നോ മാറ്റത്തിന് മുന്നോടിയെന്നോ പേരിലുള്ള മഹാവിപത്തുകളെല്ലാം തന്നെ പൂര്‍ണ്ണമായും വിദേശ നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതെല്ലാമാകട്ടെ സാധാരണ ജനങ്ങളുടെ ചെലവിലാണ് നടപ്പിലാക്കുന്നതും.

നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ട് നികുതിയിളവുകള്‍ നല്‍കിയും കുറഞ്ഞ പലിശ നിരക്ക് അനുവദിച്ചും ധനവകുപ്പ് ഇതിനെല്ലാം പ്രചോദനം നല്‍കുകയും ചെയ്യുമെന്നതാണ് രസകരം. തൊഴില്‍നിയമങ്ങളുടെ പരിഷ്‌കരണം, കഷ്ടത അനുഭവിക്കുന്ന മഹാഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങളെ അവഗണിക്കല്‍, പുതിയ വ്യവസായങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ഭൂബാങ്ക് സൃഷ്ടിക്കല്‍, സ്വകാര്യവല്‍ക്കരണത്തിന് വേഗം കൂട്ടല്‍ എന്നിങ്ങനെ മഹാവിപത്തിന്റെ അജണ്ടകളാണ് അവരുടെ മുന്നിലുള്ളത്. 44 കേന്ദ്ര നിയമങ്ങളെ വേതനം, വ്യവസായ ബന്ധങ്ങള്‍, സാമൂഹ്യ സുരക്ഷയും ക്ഷേമവും, തൊഴില്‍ സുരക്ഷ – ആരോഗ്യം – തൊഴില്‍ സാഹചര്യങ്ങള്‍ എന്നിങ്ങനെ നാലു കേന്ദ്ര നിയമങ്ങളായി സംയോജിപ്പിക്കുന്നതിനാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇവയെല്ലാം കമ്പനികളെ തൊഴിലാളികളുമായുള്ള തര്‍ക്കങ്ങളില്‍ നിന്ന് വിമുക്തമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
സമ്പദ്ഘടനയ്ക്കുമേലുള്ള സമ്മര്‍ദ്ദം സ്പഷ്ടമാണ്. നിക്ഷേപകര്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ലഭിക്കുകയും എന്താണോ നല്‍കുന്നത് തൊഴിലാളികള്‍ അത് വാങ്ങേണ്ടിവരികയും ചെയ്യും. ഒരു തരത്തിലും തൊഴിലാളികളുടേതല്ല നിക്ഷേപകരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കപ്പെടുക. ആരെങ്കിലും തൊഴിലില്ലായ്മയില്‍ നിന്ന് മോചനം നേടിയാല്‍ തൊഴില്‍ സാഹചര്യങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞ് അതൃപ്തികരമാവും, പ്രത്യേകിച്ച് അധ്വാനിക്കുന്ന വിഭാഗം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ കയ്യിലുള്ള വിസ്തൃതമായ ഭൂമി ഉപയോഗിക്കാത്തതെന്ന പേരില്‍ ഏറ്റെടുക്കുകയും വിദേശ നിക്ഷേപകര്‍ക്ക് സമ്മാനമായി നല്‍കുകയും ചെയ്യും. അത്തരം ഭൂമി ആവശ്യാനുസരണം നിക്ഷേപകര്‍ക്ക് വന്‍ തോതില്‍ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇത്തരം മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നത്. ഇത്തരം പരിഷ്‌കരണ നടപടികളില്‍ പൊതുമേഖലയ്ക്ക് ഒരു സ്ഥാനവുമുണ്ടായിരിക്കില്ല. കുറഞ്ഞത് 42 പൊതുമേഖലാ സ്ഥാപനങ്ങളെങ്കിലും അടുത്ത മാസങ്ങളില്‍ അടച്ചുപൂട്ടുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ആസ്തികള്‍ വിറ്റുകളയുകയോ ചെയ്യുമെന്നുറപ്പായിരിക്കുകയാണ്. പൊതു ഉടമസ്ഥതയിലുള്ള കമ്പനികള്‍ നിയന്ത്രിക്കുന്നതിനായി ഒരു സ്വയംഭരണ നടത്തിപ്പ് സ്ഥാപനം ഉണ്ടാക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും സംവിധാനവുമായി യാതൊരു ബന്ധവുമില്ലാതെ ആസ്തി വില്‍പന സംബന്ധിച്ച തീരുമാനങ്ങള്‍ വേഗത്തില്‍ സ്വീകരിക്കുകയും ചെയ്യും. പൊതുമേഖലയിലുള്ള ബാങ്കുകളും ശക്തമായ നിരീക്ഷണത്തിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്നും നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തുകയെന്നുമുള്ള പേരുകളില്‍ സ്വകാര്യവല്‍ക്കരണമെന്ന മാറ്റമാണുണ്ടാകുവാന്‍ പോകുന്നത്. ഇത്തരത്തിലുള്ള പുനഃസംഘടന യഥാര്‍ത്ഥത്തില്‍ നിക്ഷേപകരുടെ താല്‍പര്യങ്ങളെ ബാധിക്കുകയും അന്തിമമായി ഈ ധനകാര്യ സംവിധാനത്തോട് അവരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും.

ഇതെല്ലാം ചേരുമ്പോള്‍ വിലക്കയറ്റം മൂലം വാങ്ങല്‍ ശേഷി അസാധാരണമാംവിധം കുറയ്ക്കുന്നതിനാണ് ഇടയാക്കുക. ഉപഭോഗ ചെലവിലെ കുറഞ്ഞ നിരക്ക് ഉപയോഗ ശേഷിയെ കുറയ്ക്കുകയും അത് കുറഞ്ഞ നിക്ഷേപത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അഥവാ മഹാവിസ്‌ഫോടനമെന്നത് കുറച്ചു വാങ്ങുക, വളരെ കുറച്ചുമാത്രം ഉപയോഗിക്കുക, ഒന്നും സ്വരുക്കൂട്ടാന്‍ കഴിയാതിരിക്കുക എന്നതിനപ്പുറം സാധാരണക്കാരന് സാന്ത്വനമാകുന്ന ഒന്നും അടങ്ങിയതല്ല.